മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ ആണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചു. ഇഷാൻ കിഷന് പുറമെ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തി. അഭ്യൂഹങ്ങൾക്ക് വിരാമിമിട്ട് രോഹിത് ശർമ നായക സ്ഥാനത്ത് തുടരും.

അജിങ്ക്യ രഹാനെ ആണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ. ഹാർദ്ദിക് പാണ്ഡ്യയാണ് ഏകദിനത്തിൽ വൈസ് ക്യാപ്റ്റൻ. ജൂലൈ 12ന് ആരംഭിക്കുന്ന പര്യടനത്തിൽ രണ്ടു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്റി ട്വിന്റ് മത്സങ്ങളുമുണ്ട്.

ടെസ്റ്റ് ടീമിൽ നിന്നും മോശം പ്രകടനത്തെ തുടർന്ന് ചേതേശ്വർ പുജാര പുറത്തായപ്പോൾ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാൾ എന്നിവർ ടീമിൽ ഇടംപിടിച്ചു. കെഎസ് ഭരത്, ഇഷാൻ കിഷൻ എന്നിവരെ വിക്കറ്റ കീപ്പർമാരായി ഉൾപ്പെടുത്തി.

പേസർമാരായ മുകേഷ് കുമാർ, നവദീപ് സെയ്‌നി എന്നിവരും ടെസ്റ്റ് ടീമിൽ ഇടം നേടി. രഞ്ജിയിൽ തിളങ്ങിയ സർഫ്രാസ് ഖാന് ടെസ്റ്റ് ടീമിൽ ഇടം നേടാനായില്ല. ഏകദിന ടീമിനെയും രോഹിത് ശർമ തന്നെ നയിക്കുമ്പോൾ ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഉംറാൻ മാലിക് ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ മുകേഷ് കുമാറും പേസറായി ഏകദിന ടീമിലെത്തി.

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ടെസ്റ്റ് പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും.

ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം ട്വന്റി 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.