- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജു ലോകകപ്പിനില്ല; വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുൽ; ബാക്ക് അപ്പായി ഇഷാൻ കിഷൻ; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഓൾ റൗണ്ടർമാരും നാലു പേസർമാരും ഏഴ് ബാറ്റർമാരും; ലഭ്യമായതിൽ ഏറ്റവും മികച്ച ടീമെന്ന് രോഹിത്
മുംബൈ: ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ലോകകപ്പ് ടീമിലില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് ഇന്ന് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത്. പരുക്കുമാറിയെത്തുന്ന ശ്രേയസ് അയ്യരും ലോകകപ്പ് കളിക്കും. നാല് പേസർമാരാണു ടീമിലുള്ളത്. ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തേ ശ്രീലങ്കയിലെത്തിയ അഗാർക്കർ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നർമാരായ ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവരും ടീമിലില്ല
സൂര്യകുമാർ യാദവിന് പകരം തിലക് വർമയെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സൂര്യയുടെ പവർ ഹിറ്റിംഗിൽ തന്നെ വിശ്വാസമർപ്പിക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ബാറ്റിങ് കൂടി കണക്കിലെടുത്താണ് നാലാം പേസറായി പ്രസിദ്ധ് കൃഷ്ണക്ക് പകരം ഷാർദ്ദുൽ താക്കൂറിനെ ടീമിലെടുത്തതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. മൂന്ന് ഓൾ റൗണ്ടർമാരും നാലു പേസർമാരും ഏഴ് ബാറ്റർമാരും ഒരു സ്പിന്നറും അടങ്ങുന്ന ലഭ്യമായതിൽ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.
ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പിൽ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
സ്പോർട്സ് ഡെസ്ക്