മുംബൈ: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആവേശോജ്വലമായ സ്വീകരണം ഒരുക്കി മുംബൈ നഗരം. ലോകകപ്പ് കിരീടം കൈയിലേന്തി നായകന്‍ രോഹിത് ശര്‍മയം സംഘവും അണിനിരക്കുന്ന വിക്ടറി പരേഡ് അല്‍പസമയത്തിനകം ആരംഭിക്കും. നരിമാന്‍ പോയിന്റില്‍നിന്ന് വാങ്കഡെ സ്റ്റേഡിയം വരെയാണ് പ്രത്യേകം തയാറാക്കിയ ബസില്‍ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍ സഞ്ചരിക്കുക. കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൃദയഭൂമിയായ മുംബൈയിലേക്ക് ലോകകപ്പ് കിരീടവുമായി വന്നിറങ്ങിയ രോഹിത് ശര്‍മയെയും സംഘത്തെയും ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ടീമിന് ലഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ കാണാന്‍ സ്റ്റേഡിയത്തിന് പുറത്ത് തന്നെ ആയിരക്കണക്കിന് ആരാധകര്‍ തടിച്ചു കൂടിയിരുന്നു.

മുംബൈ മറൈന് ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിലെത്തുന്ന വിക്ടറി പരേഡ് കാണാന്‍ മനുഷ്യസാഗരമാണ് ഒഴുകിയെത്തിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആവേശക്കുടചൂടി ആരാധകര്‍ ഇന്ത്യന്‍ പതാക വീശി മറൈന്‍ ഡ്രൈവില്‍ നിറഞ്ഞു. കനത്ത മഴ മൂലം ഇന്ത്യയുടെ വിക്ടറി പരേഡ് ഇതുവരെ തുടങ്ങിയിട്ടില്ല.

മറൈന്‍ ഡ്രൈവില്‍ നിന്ന് നേരെ വാംഖഡെ സ്റ്റേഡിയത്തിലെത്തുന്ന ഇന്ത്യന്‍ ടീമിനെ അവിടെ നടക്കുന്ന ചടങ്ങില്‍ ആദരിക്കും. വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ച മുതല്‍ തന്നെ കാണികള്‍ എത്തിത്തുടങ്ങിയിരുന്നു. നിലവില്‍ സ്റ്റേഡിയം ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു.കനത്ത മഴയെപ്പോലും അവഗണിച്ചാണ് കാണികള്‍ ഇന്ത്യന്‍ ടീമിനായി സ്റ്റേഡിയത്തില്‍ കാത്തിരുന്നത്.

രാവിലെ ആറരയോടെ ഡല്‍ഹി വിമാന്നത്തവളത്തിലെത്തിയ ഇന്ത്യന്‍ ടീം ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യന്‍ ടീം ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് മുംബൈയിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യന്‍ ടീം തിരിച്ചുവന്നത്.