- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20 ഓവറിൽ 69 റൺസിന് ലങ്കയെ എറിഞ്ഞൊതുക്കി ബൗളർമാർ; 25 പന്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായി സ്മൃതി മന്ദാനയും; ഏഷ്യാകപ്പിൽ ഏഴാം തവണ മുത്തമിട്ട് ഇന്ത്യൻ വനിതകൾ; ഫൈനലിൽ ശ്രീലങ്കയെ തകർത്തത് എട്ടുവിക്കറ്റിന്

സിലെറ്റ് (ബംഗ്ലാദേശ്): ഏഷ്യാകപ്പിൽ ഏഴഴകിൽ ഇന്ത്യൻ വനിതകൾ.കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഏഷ്യാ കപ്പ് ഫൈനലിൽ, അനായാസം ശ്രീലങ്കയെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾക്ക് ഏഴാം കിരീടം. തീർത്തും ഏകപക്ഷീയമായ മാറിയ ഫൈനലിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മറുപടി ബാറ്റിങ്ങിൽ 69 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി.
ശ്രീലങ്കൻ ബാറ്റർമാരെ വട്ടംചുറ്റിച്ച അതേ പിച്ചിൽ അനായാസം ബാറ്റു വീശി അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മന്ഥന വെറും 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും മൂന്നു സിക്‌സും സഹിതമാണിത്. തുടർച്ചയായ പന്തുകളിൽ ഫോറും സിക്‌സും കണ്ടെത്തിയാണ് മന്ഥന അർധസെഞ്ചറിയിലെത്തിയത്. ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ മന്ഥന ഫോറടിച്ചതോടെ ഇരു ടീമുകളുടെയും സ്‌കോർ തുല്യമായി. അടുത്ത പന്തിൽ സിക്‌സർ നേടിയതോടെ ഇന്ത്യൻ വിജയത്തിനൊപ്പം അർധസെഞ്ചറി കുറിക്കാനും മന്ഥനയ്ക്കായി.
ശ്രീലങ്ക ഉയർത്തിയ 66 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം ബാറ്റേന്തി. ഓപ്പണർ സ്മൃതി മന്ദാന തകർത്തടിച്ചു കളിച്ചു. എന്നാൽ ടീം സ്‌കോർ 32-ൽ നിൽക്കേ ഷഫാലി വർമയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തിൽ തന്നെ മടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നു. എന്നാൽ ഹർമൻപ്രീത് കൗറിനേയും കൂട്ടുപിടിച്ച് മന്ദാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
നേരത്തേ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 65 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ ഒമ്പത് ഓവറിനിടെ തന്നെ ഏഴ് വിക്കറ്റുകൾ നഷ്ടമായി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല.
ഓപ്പണർമാരായ ചമരി അത്തപ്പത്തുവും അനുഷ്‌ക സഞ്ജീവനിയും തുടക്കത്തിൽ തന്നെ മടങ്ങി. ആറ് റൺസെടുത്ത അത്തപ്പത്തു റൺ ഔട്ടായി. രേണുക സിങ് എറിഞ്ഞ നാലാം ഓവറിൽ ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ ഹർഷിത മാധവി ഒരു റണ്ണെടുത്ത് മടങ്ങി. പിന്നാലെ അനുഷ്‌ക സഞ്ജീവനിയും റൺ ഓട്ടായി. അടുത്ത പന്തിൽ ഹസിനി പെരേര റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒമ്പത് റൺസിനിടെ നാല് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി.
22 പന്തിൽ 18 റൺസെടുത്ത ഇനോക രണവീരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഒഷാഡി രണസിംഗെ 20 പന്തിൽ 13 റൺസെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ചമരി അത്തപ്പത്തു, നീലാക്ഷി ഡിസിൽവ എന്നിവർ ആറു റൺസ് വീതം നേടി. ശ്രീലങ്കൻ ഇന്നിങ്‌സിൽ ആകെ പിറന്നത് അഞ്ച് ഫോറുകൾ മാത്രം.
കവിഷ ദിൽഹാരി(1), നിലാക്ഷി ഡി സിൽവ(6), മൽഷ ഷെഹാനി(0) എന്നിവരും വേഗത്തിൽ കൂടാരം കയറി. 13 റൺസെടുത്ത ഒഷാധി രാണസിങ്കെയെ ഗയക്വാദും പുറത്താക്കി. ടീം 43-ൽ നിൽക്കേ ആറ് റണ്ണെ സുഗന്ധിക കുമാരിയെ സ്നേഹ റാണ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് ഇറങ്ങിയ ഇനോക റാണ വീരയും അച്ചിനി കുലസൂരിയയും ചെറിയ ചെറുത്തുനിൽപ്പ് നടത്തി. ഒടുവിൽ നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലങ്ക 65 റൺസെടുത്തു.
മൂന്ന് ഓവറിൽ ഒരു മെയിഡിനുൾപ്പടെ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. രാജേശ്വരി ഗയക്വാദും സ്നേഹ റാണയും രണ്ട് വീതം വിക്കറ്റെടുത്തു.
സെമിയിൽ തായ്ലൻഡിനെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. 74 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തായ്ലൻഡിന് 74 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആവേശകരമായ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ ഒരു റണ്ണിന് കീഴടക്കിയാണ് ശ്രീലങ്കയുടെ ഫൈനൽ പ്രവേശം.

ഇന്ത്യയുടെ ഏഴാം ഏഷ്യ കപ്പ് കിരീടമാണിത്. 2004-മുതൽ 2016 വരെ നടന്ന ആറ് ടൂർണമെന്റിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. 2018-ൽ ഫൈനലിലെത്തിയെങ്കിലും ബംഗ്ലാദേശിനോട് തോറ്റു.


