ധരംശാല: മാസ്റ്റർ ഓഫ് ചേസ്..! വിരാട് കോലിയുടെ ബാറ്റിങ് മികവിൽ ഇന്ത്യ വിജയത്തിലേക്ക് പോകവേ കമന്ററി ബോക്‌സിൽ രവി ശാസ്ത്രി കോലിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടാനുള്ള ശ്രമം അഞ്ച് റൺസ് അകലെ വീണെങ്കിലും കോലിയായിരുന്നു ഇന്ത്യയെ ന്യൂസിലാന്റിനെ തോൽപ്പിക്കാൻ നിർണായക റോൺ വഹിച്ചത്. കീവസിനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ ലോകക്കപ്പിൽ തുടർച്ചയായി അഞ്ചാം വിജയം ആഘോഷിച്ചു. മൂന്ന് അർധ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായ വിരാട് കോലിയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.

49-ാം സെഞ്ചുറിക്ക് അഞ്ച് റൺസകലെ പുറത്തായ കോലി 104 പന്തുകൾ നേരിട്ട് രണ്ട് സിക്സും എട്ട് ഫോറുമടക്കം 95 റൺസെടുത്തു. പിന്നാലെ 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. മുൻനിരയുടെ മികച്ച ബാറ്റിങ് പ്രകടനവും ബൗളിങ് നിര അവസരത്തിന് ഉയർന്നതുമാണ് തുടർ വിജയങ്ങളിലേക്ക് ടീം ഇന്ത്യയെ നയിച്ചത്.

സെഞ്ചുറിക്ക് അഞ്ച് റൺസകലെ പുറത്തായ കോലിയുടെ ഇന്നിങ്‌സിൽ രണ്ട് സിക്സും എട്ട് ഫോറുളും ഉണ്ടായിരുന്നു. സിക്‌സറിലൂടെ ഇന്ത്യയെ വിജയിപ്പിക്കാനു സെഞ്ച്വറി നേടാനമുള്ള ശ്രമത്തിനിടെയാണ് കോലി പുരത്തായത്. ഒരു ഘട്ടത്തിൽ അഞ്ചിന് 191 റൺസെന്ന നിലയിൽ പ്രതിരോധത്തിലായ ഇന്ത്യയെ ആറാം വിക്കറ്റിൽ ഒന്നിച്ച കോലി - ജഡേജ സഖ്യം വിജയത്തിലെത്തിക്കുകയായിരുന്നു. 44 പന്തുകൾ നേരിട്ട ജഡേജ 39 റൺസുമായി പുറത്താകാതെ നിന്നു.

ന്യൂസിലാൻഡിനെതിരെ 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 71 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 40 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 46 റൺസെടുത്ത രോഹിത്തിനെ മടക്കി ലോക്കി ഫെർഗൂസൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 31 പന്തിൽ നിന്ന് 26 റൺസെടുത്ത ഗില്ലിനെയും ഫെർഗൂസൻ പുറത്താക്കി.

തുടർന്ന് വിരാട് കോലിയും ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് തോന്നിച്ചെങ്കിലും മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരെ ട്രെന്റ് ബോൾട്ട് ഡെവോൺ കോൺവേയുടെ കൈയിലെത്തിക്കുകയായിരുന്നു. കോലിക്കൊപ്പം പിടിച്ചുനിന്ന രാഹുലിനെ സാന്റ്‌നർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ലോകകപ്പിൽ ആദ്യമായി അവസരം ലഭിച്ച സൂര്യകുമാർ യാദവ് രണ്ട് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങി. ശ്രേയസ് അയ്യർ (33), കെ.എൽ രാഹുൽ (27) എന്നിങ്ങനെയമാണ് മറ്റ് ബാറ്റർമാരുടെ റൺസ്.

ആദ്യം ബാറ്റ് ചെയ്ത് ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ന്യൂസിലാൻഡ് 273 റൺസിലെത്തിയത്. 127 പന്തിൽ 130 റൺസെടുത്ത മിച്ചലിനെ അവസാന ഓവറിൽ ഷമിയുടെ പന്തിൽ കോഹ്‌ലി പിടികൂടുകയായിരുന്നു. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.

ഒമ്പത് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതെ തപ്പിത്തടഞ്ഞ ഓപണർ ഡെവോൺ കോൺവെയെ മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. സഹഓപണറായ വിൽ യങ്ങിനും കാര്യമായ സംഭാവന നൽകാനായില്ല. 27 പന്തിൽ 17 റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ഡാറിൽ മിച്ചൽ രചിൻ രവീന്ദ്രക്കൊപ്പം ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 152 പന്തിൽ 159 റൺസാണ് അടിച്ചെടുത്തത്. ഷമി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 87 പന്തിൽ 75 റൺസെടുത്ത രചിൻ രവീന്ദ്രയെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ പിടികൂടുകയായിരുന്നു. പിന്നീടെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ടോം ലതാം (5) ?െഗ്ലൻ ഫിലിപ്‌സ് (23), മാർക് ചാപ്മാൻ (6), മിച്ചൽ സാന്റ്‌നർ (1), മാറ്റ് ഹെന്റി (പൂജ്യം), ലോക്കി ??ഫെർഗൂസൻ (1), ട്രെന്റ് ബോൾട്ട് (പുറത്താകാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ന്യൂസിലാൻഡ് ബാറ്റർമാരുടെ സ്‌കോർ.

ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിക്ക് പുറമെ കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.