മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ കൂറ്റൻ വിജയവുമായി ഇന്ത്യൻ വനിതകൾ. ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റിൽ 347 റൺസിന്റെ പടുകൂറ്റൻ ജയം ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനു മുന്നിൽ 479 റൺസിന്റെ ലക്ഷ്യം വച്ച ഇന്ത്യ സന്ദർശകരുടെ പോരാട്ടം വെറും 131 റൺസിൽ അവസാനിപ്പിച്ചാണ് ത്രില്ലർ ജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്സിലും ഇംഗ്ലണ്ടിന്റെ സ്‌കോർ 200 കടത്താൻ ഇന്ത്യൻ വനിതകൾ അനുവദിച്ചില്ല. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യൻ മണ്ണിൽ ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെ ടെസ്റ്റിൽ വീഴ്‌ത്തുന്നത്.

രണ്ടാം ദിനത്തിൽ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന നിലയിലായിരുന്നു. മൂന്നാം ദിനം അതേ സ്‌കോറിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ 428 റൺസെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് വെറും 136 റൺസിൽ അവസാനിച്ചിരുന്നു. 292 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് 478 റൺസാണ് ആകെ ലീഡ്.

ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ പിഴുത ദീപ്തി ശർമ തന്നെ രണ്ടാം ഇന്നിങ്സിലും ഇഗ്ലണ്ടിന്റെ അടിവേരിളക്കി. താരം നാല് വിക്കറ്റുകൾ വീഴ്‌ത്തി. ഇതോടെ മൊത്തം വിക്കറ്റ് നേട്ടം ഒൻപതിൽ എത്തിച്ചാണ് താരം തിളങ്ങിയത്. പൂജ വസ്ത്രാകർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും പോക്കറ്റിലാക്കി.

രണ്ടാം ഇന്നിങ്സിൽ 21 റൺസെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റൻ ഹെതർ നൈറ്റാണ് ടോപ് സ്‌കോറർ. ചാർലി ഡീൻ 20 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (44), പൂജ വസ്ത്രാകറുമായിരുന്നു (17) ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ തുടങ്ങിയ ശേഷം ഇന്ത്യ പതറിയിരുന്നു. 133 റൺസിനെ ആറ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഏഴാം വിക്കറ്റിൽ ഹർമൻപ്രീതും പൂജയും ചേർന്നു രക്ഷാപ്രവർത്തനം നടത്തിയത്.

ഷെഫാലി വർമ (33), സ്മൃതി മന്ധാന (26) എന്നിവർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. യസ്തിക ഭാട്ടിയ (9), ജെമിമ റോഡ്രിഗസ് (27), ദീപ്തി ശർമ (20), സ്നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ഇംഗ്ലണ്ടിനായി ചാർലി ഡീൻ നാല് വിക്കറ്റുകൾ വീഴ്‌ത്തി. സോഫി എക്ലസ്റ്റോണിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകൾ. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ പിഴുത ദീപ്തി ശർമയുടെ മികവാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 59 റൺസെടുത്ത നാറ്റ് സീവർ മാത്രമാണ് ചെറുത്തു നിന്നത്. മറ്റൊരാൾക്കും കാര്യമായി തിളങ്ങാനായില്ല.

5.3 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങിയാണ് ദീപ്തി അഞ്ച് വിക്കറ്റുകൾ പിഴുതത്. നാലോവറുകൾ മെയ്ഡനായിരുന്നു. സ്നേഹ് റാണ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. രേണുക സിങ്, പൂജ വസ്ത്രാകർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തെ സതീഷ് ശുഭ (69), ജെമിമ റോഡ്രിഗസ് (68), യസ്തിക ഭാട്ടിയ (66), ദീപ്തി ശർമ (67) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (49) തിളങ്ങി.