മുംബൈ: ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി 20 ഫോർമാറ്റിലാണ് മത്സരങ്ങൾ. പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ എട്ട് വരെയാണ് ഏഷ്യൻ ഗെയിംസ്. ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടങ്ങൾ. സെപ്റ്റംബർ 28 മുതൽ ഒക്ട്ബോർ എട്ട് വരെയാണ് ക്രിക്കറ്റ് മത്സരങ്ങൾ.

വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലാദേശ് പര്യടനത്തിൽ നടത്തിയ പ്രകടനമാണ് മിന്നുവിനെ വീണ്ടും ടീമിലെത്തിച്ചത്. ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ റിച്ചാ ഘോഷിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതേസമയം, രേണുക സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ഷെഫാലി വർമ, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ചാ ഘോഷ്, അമൻജോത് കൗർ, ദേവിക വൈദ്യ, അഞ്ജലി ശർവാണി, തിദാസ് സദു, രാജേശ്വരി ഗെയ്കവാദ്, മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, അനുഷ ബരേദി. സ്റ്റാൻഡ് ബൈ താരങ്ങൾ: ഹർലൻ ഡിയോൾ, കഷ്വീ ഗൗതം, സ്നേഹ് റാണ, സൈക് ഇഷാഖ്, പൂജ വസ്ത്രകർ.

അതേസമയം, ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനെ റിതുരാജ് ഗെയ്കവാദ് നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിതേഷ് ശർമയാണ് ടീമിലെ വിക്കറ്റ് കീപ്പർ. സീനിയർ താരങ്ങളാരും ടീമിൽ ഉൾപ്പെട്ടിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ ഹീറോ റിങ്കു സിങ് അടക്കം യുവനിര ടീമിൽ ഇടംപിടിച്ചു. ശിവം മാവി, ശിവം ദുബെ എന്നിവരും ടീമിൽ ഉൾപ്പെട്ടു. ചൈനയിലെ ഹാങ്ഝൗവിൽ സെപ്റ്റംബർ അവസാനമാണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് പ്രധാന താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിരുന്നത്.

ഇന്ത്യൻ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേശ് ശർമ, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാൻ സിങ്. സ്റ്റാൻഡ് ബൈ താരങ്ങൾ: യഷ് ഠാക്കൂർ, സായ് കിഷോർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശനൻ.

ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യൻ ഗെയിംസിന് അയക്കുന്നത്. ഏഷ്യാഡിൽ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല. ഏഷ്യൻ ഗെയിംസിന് വെറ്ററൻ ശിഖർ ധവാന്റെ ക്യാപ്റ്റൻസിയിലുള്ള ടീമിനെയാണ് അയക്കുക എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സെപ്റ്റംബർ 19ന് തുടങ്ങുന്ന വനിതകളുടെ മത്സരങ്ങൾക്ക് പ്രധാന ടീമിനെ തന്നെ ബിസിസിഐ അയക്കും.

ഏഷ്യൻ ഗെയിംസിൽ മൂന്ന് തവണ മാത്രമാണ് ക്രിക്കറ്റ് ഭാഗമായിട്ടുള്ളത്. 2014ൽ ഇഞ്ചിയോണിൽ അവസാനം ക്രിക്കറ്റ് അരങ്ങേറിയപ്പോൾ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇത്തവണ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ഇരു വിഭാഗങ്ങളിലും സ്വർണ പ്രതീക്ഷയോടെയാവും ടീം ഇന്ത്യ ഇറങ്ങുക.