ചെന്നൈ: ഇന്ത്യൻ പ്രിമിയർ ലീഗ് പതിനേഴാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനു മുന്നിൽ 174 റൺസിന്റെ വിജയലക്ഷ്യമുയർത്തി റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു. മുൻനിര ബാറ്റർമാർ മികച്ച സ്‌കോർ കണ്ടെത്താനാകാതെ മുസ്തഫിസുർ റഹ്‌മാന് മുന്നിൽ മുട്ടുകുത്തിയപ്പോൾ 25 പന്തിൽ 48 റൺസെടുത്ത അനുജ് റാവത്താണ് ആർസിബിയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ആർസിബിക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടാനായത്. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ മുസ്തഫിസുർ റഹ്‌മാൻ ചെന്നൈയ്ക്കു വേണ്ടി തിളങ്ങി.

ആറാം വിക്കറ്റിൽ അനുജ് റാവത്തും (25 പന്തിൽ 48) വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികും (24 പന്തിൽ 34*) ചേർന്ന് പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ട് ബെംഗളൂരുവിനെ കാത്തു. അവസാന പന്തിൽ കാർത്തിക് സിംഗിളിനു ശ്രമിച്ചപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കിയ ധോനി, എതിരേ വരികയായിരുന്ന അനുജ് റാവത്തിനെ റണ്ണൗട്ടാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരുവിന് ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും (35) വിരാട് കോലിയും (21) മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 4.3 ഓവറിൽ 41 റൺസ് നേടി. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അവർ പ്രതിരോധത്തിലായി. ഡൂപ്ലസിക്കു പിന്നാലെ രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്വൽ എന്നിവർ സംപൂജ്യരായി മടങ്ങിയതോടെ 3ന് 42 എന്ന നിലയിലേക്ക് അവർ വീണു.

സ്‌കോർ 72ൽ നിൽക്കേ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി കോലിയും മടങ്ങി. ക്ഷമയോടെ കളിച്ചുവന്ന കാമറൂൺ ഗ്രീൻ (18) മുസ്തഫിസൂർ റഹ്‌മാന്റെ പന്തിൽ ക്ലീൻ ബോൾഡായി. അവസാന ഓവറുകളിൽ അനുജ് റാവത്തും ദിനേഷ് കാർത്തിക്കും ചേർന്ന് നടത്തിയ വെടിക്കെട്ടു പ്രകടനമാണ് ആർസിബിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ചെന്നൈക്കു വേണ്ടി സമീർ റിസ്വി അരങ്ങേറ്റം കുറിച്ചു. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മഹീഷ് തീക്ഷണ, മുസ്തഫിസുർ റഹ്‌മാൻ എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ ചെന്നൈയുടെ വിദേശ താരങ്ങൾ. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും ആദ്യ ഇലവനിലുണ്ട്. ഡൂപ്ലെസിക്കൊപ്പം വിരാട് കോലി, ഗ്ലെൻ മാക്‌സ്വൽ, കാമറൂൺ ഗ്രീൻ ഉൾപ്പെടെയുള്ള വമ്പൻ ബാറ്റിങ് നിരയുമായാണ് ബെംഗളൂരു കളത്തിലിറങ്ങിയത്.

വെടിക്കെട്ടോടെ തുടക്കവും ഒടുക്കവും

തുടക്കം മുതൽത്തന്നെ കത്തിക്കയറിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെ (23 പന്തിൽ 35) ആണ് ആദ്യം നഷ്ടമായത്. മുസ്താഫിസുർറഹ്‌മാന്റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് വിക്കറ്റ്. കൂറ്റനടിക്കുള്ള ശ്രമത്തിൽ പന്ത് രചിൻ രവീന്ദ്രയുടെ കൈകളിൽ ഭദ്രമായി. അതേ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ധോനിക്ക് ക്യാച്ച് നൽകി രജത് പാട്ടിദറും (പൂജ്യം) മടങ്ങി. ആറാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലും (പൂജ്യം) ധോനിയുടെ കൈകളിൽ കുരുങ്ങിയതോടെ ബെംഗളൂരു പ്രതിരോധത്തിലായി. ദീപക് ചാഹറാണ് പന്തെറിഞ്ഞത്.

ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ച വിരാട് കോലിയാണ് നാലാമത് മടങ്ങിയത്. 12-ാം ഓവറിൽ മടങ്ങുമ്പോൾ 20 പന്തിൽ 21 റൺസാണ് മുൻ ക്യാപ്റ്റന്റെ സമ്പാദ്യം. സീസണിലെ ആദ്യ സിക്സ് കോലിയുടെ വകയായി. മുസ്താഫുസുറിന്റെ പന്തിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ചായാണ് മടക്കം. അതേ ഓവറിലെ ഒന്നിടവിട്ട പന്തിൽ കാമറൂൺ ഗ്രീനും മടങ്ങി (22 പന്തിൽ 18). ബെംഗളൂരുവിനു വേണ്ടി ദീപക് ചാഹർ നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. തുഷാർ ദേശ്പാണ്ഡെ നാല് ഓവറിൽ 47 റൺസാണ് വഴങ്ങിയത്. 18-ാം ഓവറിൽ 25 റൺസാണ് വിട്ടുനൽകിയത്.

ടോസ് നേടി ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ വിക്കറ്റ് കീപ്പർ റോളിലാണ് ധോനിയുടെ സാന്നിധ്യം. ഐ.പി.എലിന്റെ 17 വർഷത്തെ ചരിത്രത്തിൽ പത്തുതവണ ഫൈനലിലെത്തുകയും അഞ്ചു തവണ ചാമ്പ്യന്മാരാകുകയും ചെയ്ത ടീമാണ് ചെന്നൈ. ബെംഗളൂരുവിന് ഇതുവരെ ഐ.പി.എൽ. കിരീടം നേടാനായിട്ടില്ല. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്‌സ്: ഋതുരാജ് ഗെയ്ക്വാദ്, രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്വി, എം.എസ്.ധോണി, ദീപക് ചാഹർ, മഹീഷ് തീക്ഷണ, മുസ്തഫിസുർ റഹ്‌മാൻ, തുഷാർ ദേശ്പാണ്ഡെ

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡൂപ്ലെസി, വിരാട് കോലി, രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്വൽ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്, അനുജ് റാവത്ത്, കരൺ ശർമ, അൽസാരി ജോസഫ്, മായങ്ക് ദാകർ, മുഹമ്മദ് സിറാജ്.

ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എ.ആർ.റഹ്‌മാൻ, സോനു നിഗം എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.