ചെന്നൈ: ഐപിഎൽ 2023 സീസണിൽ സ്റ്റാർ ഓൾറൗണ്ടർ കെയ്ൽ ജാമീസൺ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തിരിച്ചടി. എം എസ് ധോണിക്ക് ശേഷം ടീമിന്റെ ഭാവി നായകനാകും എന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാകും. അയർലൻഡിന് എതിരായ ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റിന് മുമ്പ് ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സ്റ്റോക്സ് വ്യക്തമാക്കിയതോടെയാണിത്.

മെയ് 20ന് അവസാനിക്കുന്ന ലീഗ് ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാ മത്സരങ്ങൾക്കും ബെൻ സ്റ്റോക്സിന്റെ സാന്നിധ്യമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ മിനി താരലേലത്തിൽ 16.25 കോടി രൂപ മുടക്കിയാണ് സ്റ്റോക്സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. ഐപിഎൽ പ്ലേ ഓഫ് മത്സരക്രമം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ബെൻ സ്റ്റോക്സ് മാത്രമല്ല, ചില ഓസ്‌ട്രേലിയൻ താരങ്ങൾക്കും ഐപിഎൽ പ്ലേഓഫ് നഷ്ടമായേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പൈനലിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ഓസീസ് ടീമിന് പദ്ധതികളുണ്ട് എന്നതിനാലാണിത്.

മറ്റ് ഇംഗ്ലീഷ് താരങ്ങളായ സാം കറൻ, ജോസ് ബട്ലർ, ഫിൽ സാൾട്ട്, ജോഫ്ര ആർച്ചർ, ജോണി ബെയർ‌സ്റ്റോ, റീസ് ടോപ്ലി, ഹാരി ബ്രൂക്ക്സ് എന്നിവർക്ക് ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാകുമോ എന്ന് ഉറപ്പായിട്ടില്ല. 18.50 കോടി രൂപ മുടക്കി പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ സാം കറൻ ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമാണ്.