- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ പൂരത്തിന്റെ വെടിക്കെട്ടിന് തിരികൊളുത്തി ഋതുരാജ് ഗെയ്ക്വാദ്; സെഞ്ചുറി നഷ്ടമായത് എട്ട് റൺസിന്; ഫിനിഷിംഗിൽ ആവേശമായി ധോണിയും; മികച്ച സ്‌കോർ കുറിച്ച് ചെന്നൈ; ഗുജറാത്തിന് 179 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റ് പൂരത്തിന് ബാറ്റിങ് വെടിക്കെട്ടോടെ തുടക്കമിട്ട് ഋതുരാജ് ഗെയ്ക്വാദ്. ഗാലറികളെ ത്രസിപ്പിച്ച സിക്സറുകളും ബൗണ്ടറികളുമായി കളംനിറഞ്ഞ ഋതുരാജിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 179 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാനും അൽസാരി ജോസഫും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഋതുരാജിന്റെ വെടിക്കെട്ട് തന്നെയായിരുന്നു ചെന്നൈ ഇന്നിങ്സിലെ പ്രത്യേകത. 50 പന്തുകൾ നേരിട്ട താരം ഒമ്പത് സിക്സും നാല് ഫോറുമടക്കം 92 റൺസെടുത്തു. ഒരു ഘട്ടത്തിൽ 200 റൺസ് കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്‌കോർ ഋതുരാജിന്റെ പുറത്താകലോടെ 178-ൽ ഒതുങ്ങുകയായിരുന്നു.
ബാറ്റിങ്ങിനിറങ്ങി മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഡെവോൺ കോൺവെയെ (1) നഷ്ടമായ ചെന്നൈക്കായി ഋതുരാജ് റൺറേറ്റ് താഴാതെ തകർത്തടിച്ചു. 17 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 23 റൺസെടുത്ത മോയിൻ അലിയെ കൂട്ടുപിടിച്ച് താരം ചെന്നൈ സ്‌കോർ 50-ൽ എത്തിച്ചു. അലിയെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ചെന്നൈക്കായി ആദ്യ മത്സരത്തിനിറങ്ങിയ ബെൻ സ്റ്റോക്ക്സ് (7) നിരാശപ്പെടുത്തി.
നാലാം വിക്കറ്റിൽ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ഋതുരാജ് 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12 പന്തിൽ നിന്ന് 12 റൺസ് മാത്രമെടുത്ത റായുഡുവിനെ ജോഷ്വാ ലിറ്റിൽ പുറത്താക്കുകയായിരുന്നു. തുടർന്ന് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋതുരാജിനെ 18-ാം ഓവറിൽ അൽസാരി ജോസഫ് മടക്കി. രവീന്ദ്ര ജഡേജയ്ക്ക് ഒരു റൺ മാത്രമേ നേടാനായുള്ളൂ. ശിവം ദുബെ 19 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ധോനി ഏഴ് പന്തിൽ നിന്ന് 13 റൺസോടെ പുറത്താകാതെ നിന്നു.
വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്കു ശേഷമാണ് ഐപിഎല്ലിന്റെ 16-ാം സീസൺ കൊടിയേറിയത്. ബോളിവുഡിലെ പ്രശസ്ത ഗായകൻ അർജീത്ത് സിങ് തന്റെ ഹിറ്റ് നമ്പറുകളുമായി ആദ്യം കാണികളെ കൈയിലെടുത്തു. തുടർന്ന് തമന്ന ഭാട്ടിയയും രശ്മിക മന്ദാനയും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ ആവേശത്തിലാക്കി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോനിയും ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും വേദിയിലേക്കെത്തി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ പക്ഷേ ചെന്നൈ ആരാധകരായിരുന്നു കൂടുതൽ. ധോനി വേദിയിലേക്കെത്തിയപ്പോൾ സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന ശബ്ദമായിരുന്നു.