ഹൈദരാബാദ്: ഐപിഎല്ലിൽ ആദ്യജയം നേടി സൺറൈസേർസ് ഹൈദരാബാദ്. തുടർ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിങ്‌സിനെ എട്ടുവിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ തുടർച്ചയായ രണ്ട് ജയങ്ങളുമായി വിജയക്കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് ആദ്യ തോൽവിയറിഞ്ഞു.സ്‌കോർ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 143-9, സൺറൈസേഴ്‌സ് ഹൈദരാബാദ് ഓവറിൽ 17.1 ഓവറിൽ 145-2.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തിൽ പടുത്തുയർത്തിയ 144 റൺസിന്റെ വിജയലക്ഷ്യം ഹൈദരാബാദ് കൂട്ടായ ശ്രമത്തിലൂടെ മറികടന്നു. പുറത്താകാതെ 48 പന്തിൽ 74 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചത്.21 പന്തിൽ 37 റൺസുമായി ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും വിജയത്തിൽ ത്രിപാഠിക്ക് കൂട്ടായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയാണ് ഹൈദരാബാദിനെ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

നേരത്തെ ശിഖർ ധവാൻ പുറത്താവാതെ നേടിയ 99 റൺസിന്റെ കരുത്തിലാണ് പഞ്ചാബ് 143 റൺസെന്ന ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. ചെറിയ വിജയലക്ഷ്യമായിരുന്നെങ്കലും ഇത്തവണയും ഹൈദരാബാദിന്റെ തുടക്കം പിഴച്ചു. സ്‌കോർ 27ൽ നിൽക്കെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്(14 പന്തിൽ 13)അർഷ്ദീപ് സിംഗിന്റെ പന്തിൽ ബൗൾഡായി പുറത്തായി. അധികം വൈകാതെ മായങ്ക് അഗർവാളും(20 പന്തിൽ 21)വീണെങ്കിലും ഒരറ്റത്ത് തകർത്തടിച്ച രാഹുൽ ത്രിപാഠി ഹൈദരാബാദിന്റെ റൺ റേറ്റ് ഉയരാതെ കാത്തു.

ക്യാപ്റ്റൻ എയ്ഡ്ൻ മാർക്രത്തെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ത്രിപാഠി തകർത്തതടിച്ചതോടെ ഹൈദരാബാദിന്റെ സമ്മർദ്ദമൊഴിഞ്ഞു.ഒമ്പതാം ഓവറിൽ 50 കടന്ന ഹൈദരാബാദ് പതിനഞ്ചാം ഓവറിൽ മൊഹിത് റാത്തീക്കെതിരെ 21 റൺസടിച്ചാണ് 100 കടന്നത്. 35 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ത്രിപാഠി ക്രീസിലുറച്ചതോടെ ഹൈദരാബാദ് അനായാസം ലക്ഷ്യത്തിലെത്തി. സീസണിൽ ഹൈദരാബാദിന്റെ ആദ്യ ജയവും പഞ്ചാബിന്റെ ആദ്യ തോൽവിയുമാണിത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകൻ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തത്.ശിഖർ ധവാൻ 66 പന്തിൽ 99 റൺസുമായി പുറത്താകാതെ നിന്നു.88-9 എന്ന നിലയില് തകർന്ന പഞ്ചാബ് 100 കടക്കില്ലെന്ന് കരുതിയെങ്കിലും അവസാവ വിക്കറ്റിൽ ഒത്തു ചേർന്ന ധവാനും മൊഹിത് റാത്തീയും ചേർന്ന് 55 റൺസ് കൂട്ടുകെട്ടുയർത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇതിൽ റാത്തീയുടെ സംഭാവന ഒരു റൺസ് മാത്രമായിരുന്നു.

ധവാന് പുറമെ 22 റൺസെടുത്ത സാം കറൻ മാത്രമെ പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നുള്ളു. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സ് അടിച്ച ധവാന് ഒരു റമ്‌സകലെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നഷ്ടമായി. 15 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മായങ്ക് മാർക്കണ്ഡെ ആണ് പഞ്ചാബിനെ തകർത്തത്. ഉംറാൻ മാലിക്കും മാർക്കോ ജാൻസനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഹൈദാരാബാദിനായി മായങ്ക് മാർക്കണ്ഡെ നാലോവറിൽ 15 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ മാർക്കോ ജാൻസൻ മൂന്നോവറിൽ 16 റൺസിനും ഉംറാൻ മാലിക് നാലോവറിൽ 32 റൺസിനും രണ്ട് വിക്കറ്റ് വീതമെടുത്തു.