ലഖ്‌നൗ: മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ ബാറ്റർമാർ മടങ്ങിയെങ്കിലും ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ച് നായകൻ കെ എൽ രാഹുൽ. നായകന്റെ ഇന്നിങ്‌സിലൂടെ കെ എൽ രാഹുൽ പൊരുതിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാൻ ലഖ്‌നൗവിന് കഴിഞ്ഞത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോൾ പിടിച്ച് നിന്ന രാഹുൽ 56 പന്തിൽ 74 റൺസാണ് നേടിയത്. രാഹുലിനെ കൂടാതെ ലഖ്‌നൗ നിരയിൽ ആർക്കും 30 കടക്കാനായില്ല. പഞ്ചാബിന് വേണ്ടി ഇന്ന് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സാം കറൻ മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ കഗിസോ റബാദ രണ്ട് വിക്കറ്റുകൾ പിഴുതു.

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ സൂപ്പർ ജയന്റ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. കെ എൽ രാഹുൽ പതിയയെയും കൈൽ മയേഴ്‌സ് ശരാശരി വേഗത്തിലും റൺസ് കണ്ടെത്തിയപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ പവർ പ്ലേ പൂർത്തിയാക്കാൻ സീസണിൽ ആദ്യമായി ടീമിന് സാധിച്ചു. അതേ പോലെ തന്നെ സീസണിൽ ആദ്യമായി പവർ പ്ലേയിൽ വിക്കറ്റെടുക്കാൻ പഞ്ചാബിന് സാധിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്. ആറ് ഓവർ കഴിഞ്ഞതോടെ സ്‌കോറിങ് വേഗം കൂട്ടാനായി

ഹർപ്രീത് ബ്രാറിനെ അതിർത്തി കടത്താൻ മയേഴ്‌സ് ശ്രമിച്ചെങ്കിലും ഹർപ്രീത് സിംഗിന്റെ കൈകളിൽ സുരക്ഷിതമായി പന്തിന്റെ യാത്ര അവസാനിച്ചു. 23 പന്തിൽ 29 റൺസാണ് വിൻഡീസ് താരം നേടിയത്. തൊട്ട് പിന്നാലെ സിക്കന്ദർ റാസയ്ക്ക് മുന്നിൽ ദീപക് ഹൂഡയും വീണപ്പോൾ ലഖ്‌നൗ അൽപ്പമൊന്ന് കിതച്ചു. രാഹുലും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഒരു തകർച്ചയുണ്ടാകാതെ ടീമിനെ കരകയറ്റി. പക്ഷേ, ഇരു താരങ്ങൾക്കും അതിവേഗം കൈവരിക്കനായില്ല.

ഇതിന് ശേഷം കഗിസോ റബാദക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച ക്രുനാലും ഡിആർഎസ് അതിജീവിച്ച് അടുത്ത പന്തിൽ തന്നെ നിക്കോളാസ് പുരാനും ഓരോവറിൽ മടങ്ങിയത് ജയന്റ്‌സിനെ ഞെട്ടിച്ചു. സ്റ്റോയിനിസ് പിടിച്ച് നിൽക്കാനും സ്‌കോർ ഉയർത്താനും ശ്രമം നടത്തിയെങ്കിലും അധിക നേരത്തേക്ക് ആ പരിശ്രമം നീണ്ടില്ല. ക്യാപ്റ്റൻ സാം കറനാണ് അമ്പയർ തീരുമാനം റിവ്യൂ ചെയ്ത് സ്റ്റോയിനിസിനെ തിരികെ അയച്ചത്. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ രാഹുലും കീഴടങ്ങി. ഇതോടെ ലഖ്‌നൗവിന്റെ ഭേദപ്പെട്ട സ്‌കോർ എന്ന പ്രതീക്ഷകളും മങ്ങി.