ന്യൂഡൽഹി: ഐപിഎല്ലിൽ വീണ്ടും ഡൽഹി ക്യാപിറ്റൽസിന് തോൽവി. മിച്ചൽ മാർഷ് പൊരുതു നോക്കിയിട്ടും വിജയം കൈയെത്തി പിടിക്കാൻ ഡൽഹിക്ക് ആയില്ല. മാർഷിന്റെ ഓൾറൗണ്ട് മികവും ഫിലിപ് സാൾട്ട്, അക്‌സർ പട്ടേൽ എന്നിവരുടെ വെടിക്കെട്ടും സ്വന്തം മൈതാനത്ത് ഡൽഹി ക്യാപിറ്റൽസിന് ജയമൊരുക്കിയില്ല. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 9 റൺസിന്റെ ജയം സ്വന്തമാക്കി. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസിന് 20 ഓവറിൽ 188/6 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ.

ഫീലിപ് സാൾട്ടും മിച്ചൽ മാർഷും ഒഴികെയുള്ള ഡൽഹി ക്യാപിറ്റൽസ് മുൻനിര ബാറ്റർമാരൊന്നും ഉത്തരവാദിത്തം കാണിച്ചില്ല. ഇന്നിങ്‌സിലെ രണ്ടാം പന്തിൽ ഭുവി ക്യാപ്റ്റൻ ഡേവിഡ് വാർണറെ ബൗൾഡാക്കി. ഇതോടെ തന്നെ ഡൽഹി തോൽവി ഭയന്നിരുന്നു. ഇതിന് ശേഷം ക്രീസിലൊന്നിച്ച സാൾട്ട്-മാർഷ് സഖ്യം 112 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ഡൽഹിക്ക് വലിയ പ്രതീക്ഷ നൽകിയ ശേഷമാണ് 12-ാം ഓവറിൽ പിരിഞ്ഞത്.

35 പന്തിൽ 9 ഫോറുകളോടെ 59 റൺസെടുത്ത സാൾട്ടിനെ മായങ്ക് മർക്കാണ്ഡെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ തൊട്ടടുത്ത ഓവറിൽ വിക്കറ്റ് വലിച്ചെറിഞ്ഞു. അഭിഷേക് ശർമ്മയെ ക്രീസ് വിട്ട് നേരിടാൻ ശ്രമിച്ച മനീഷിനെ(3 പന്തിൽ 1) ക്ലാസൻ സ്റ്റംപ് ചെയ്യുകയായിരുന്നു.

ഇതിന് ശേഷവും അടി തുടർന്ന മിച്ചൽ മാർഷിന് ഇന്നിങ്‌സിലെ 14-ാം ഓവറിൽ പിഴച്ചു. ആദ്യ പന്തിൽ അക്കീൽ ഹൊസൈനെ സിക്‌സിന് പറത്തിയ മാർഷ് വീണ്ടും ശ്രമിച്ചപ്പോൾ രണ്ടാം പന്തിൽ മാർക്രമിന്റെ ക്യാച്ചിൽ മടങ്ങി. മാർഷ് 39 പന്തിൽ ഒരു ഫോറും ആറ് സിക്‌സും സഹിതം 63 എടുത്തു. യുവതാരം പ്രിയം ഗാർഗിനും അവസരം മുതലാക്കാനായില്ല. 16-ാം ഓവറിൽ ഗാർഗിനെ(9 പന്തിൽ 12) മർക്കാണ്ഡെ ബൗൾഡാക്കി.

ഇംപാക്ട് പ്ലെയറായി എത്തി ദൗത്യം മറന്ന സർഫറാസ് ഖാനെ(10 പന്തിൽ 9) നടരാജൻ ബൗൾഡാക്കിയതോടെ ഡൽഹി കുഴിയിലായി. റിപാൽ പട്ടേലിനെ കൂട്ടുപിടിച്ച് അക്‌സർ പട്ടേൽ വെടിക്കെട്ട് തുടങ്ങിയതോടെ ഡൽഹിക്ക് നേരിയ പ്രതീക്ഷയായി. എന്നാൽ 19-ാം ഓവറിൽ നടരാജനെതിരെ 9 റൺസേ നേടാനായുള്ളൂ. അവസാന ഓവറിൽ ഭുവി 25 റൺസ് പ്രതിരോധിച്ചു. അക്‌സർ 14 പന്തിൽ 29* ഉം, റിപാൽ 8 പന്തിൽ 11* ഉം റൺസുമായി പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. സൺറൈസേഴ്സിനായി അഭിഷേക് ശർമ്മയും ഹെന്റിച്ച് ക്ലാസനും വെടിക്കെട്ട് ഫിഫ്റ്റികൾ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ മാർഷ് 4 ഓവറിൽ 27 റൺസിന് നാല് വിക്കറ്റ് നേടി. അക്സർ പട്ടേലും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് പവർപ്ലേയിൽ രണ്ട് വിക്കറ്റിന് 62 എന്ന സ്‌കോർ നേടിയിരുന്നു. ഇന്നിങ്സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഇഷാന്ത് ശർമ്മ ഒന്നാന്തരം ബൗൺസറിൽ മായങ്ക് അഗർവാളിനെ(6 പന്തിൽ 5) വിക്കറ്റിന് പിന്നിൽ ഫിലിപ് സാൾട്ടിന്റെ കൈകളിൽ എത്തിച്ചു. മിച്ചൽ മാർഷ് അഞ്ചാം ഓവറിലെ നാലാം പന്തിൽ രാഹുൽ ത്രിപാഠിയെ(6 പന്തിൽ 10) മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു. എന്നാൽ ആറ് ഓവർ പിന്നിട്ടപ്പോൾ അഭിഷേക് ശർമ്മയും(39*), ഏയ്ഡൻ മാർക്രമും(1*) ചേർന്ന് ടീമിനെ 60 കടത്തി. മിച്ചൽ മാർഷിന്റെ പത്താം ഓവർ സൺറൈസേഴ്സിന് ഇരട്ട പ്രഹരം നൽകുന്നതാണ് കണ്ടത്. ഏയ്ഡൻ മാർക്രമും(13 പന്തിൽ 8), ഹാരി ബ്രൂക്കും(2 പന്തിൽ 0) അക്സർ പട്ടേലിന്റെ കൈകളിലെത്തി.