- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കലാശ പോരാട്ടത്തിലേക്ക് ഐപിഎൽ ഗ്രൂപ്പ് ഘട്ടം; പുറത്തായത് ഒരേ ഒരു ടീം; ഏഴ് ജയം നേടിയവർക്കും പ്ലേ ഓഫ് ഉറപ്പില്ല; മുൾമുനയിൽ താരങ്ങൾ; സൂപ്പർ സൺഡേയിൽ ജീവൻ മരണ പോരാട്ടങ്ങൾ
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് ഘട്ടം അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ ഓരോ മത്സരവും ടീമുകൾക്ക് ജീവൻ മരണ പോരാട്ടമായി മാറുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മിക്ക ടീമുകളും പന്ത്രണ്ട് മത്സരം പൂർത്തിയാക്കിയെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ച ഒറ്റ ടീം പോലുമില്ല. ഇതുവരെ പുറത്തായത് ആകട്ടെ ഡൽഹി ക്യാപിറ്റൽസ് മാത്രം. അതായത് ഒൻപതാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിന് പോലും സാങ്കേതികമായി പ്ലേ ഓഫിന് പ്രതീക്ഷയുണ്ടെന്ന് അർത്ഥം.
12 കളിയിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്താണ് പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. പക്ഷേ, ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. അത്രയും മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ചെന്നൈ രണ്ടാമത് നിൽക്കുന്നുണ്ട്. കെകെആറിനെ തോൽപ്പിച്ചാൽ ചെന്നൈക്ക് ഇന്ന് തന്നെ പ്ലേ ഓഫിലെ ഒരു സ്ഥാനം ഉറപ്പിക്കാം.
കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ കീഴടക്കി 14 പോയിന്റുമായി മുംബൈ മൂന്നാമതും 13 പോയിന്റുള്ള ലഖ്‌നൗ നാലാം സ്ഥാനത്തുമാണ്. 12 കളികളിൽ ആറ് ജയവുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുണ്ട്. 12 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. 10 പോയിന്റ് വീതമുള്ള ബാംഗ്ലൂരും കൊൽക്കത്തയും ഏഴും എട്ടും സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്നന് എട്ട് പോയിന്റുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.
എട്ട് പോയിന്റ് മാത്രമുള്ള ഡൽഹി ക്യാപിറ്റൽസ് മാത്രം പുറത്തായി. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും സാധ്യതയില്ല. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ നിർണയിക്കുന്ന രണ്ട് സുപ്രധാന മത്സരങ്ങൾ ഇന്ന് നടക്കും. മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
12 കളിയിൽ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 11 കളിയിൽ 10 പോയിന്റുള്ള ബാംഗ്ലൂർ ആറാം സ്ഥാനത്തുമാണ്. വിജയിച്ചാൽ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും.
രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആഗ്രഹിക്കുന്നത്. സാധ്യത നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയിൽ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിലും മുന്നിലെത്താം.
ചെന്നൈയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും ടീമിന് വലിയ ആശങ്കകളൊന്നുമില്ല. ഓപ്പണർമാരായ ഡെവോൺ കോൺവെയും റുതുരാജ് ഗെയ്ക്‌വാദും നൽകുന്നത് ഉജ്ജ്വല തുടക്കമാണ്. അജിൻക്യ രഹാനെ, ശിവം ദുബൈ, അമ്പാട്ടി റായിഡു, മൊയിൻ അലി, രവീന്ദ്ര ജഡേജ എന്നിവർക്ക് പിന്നാലെ ഫിനിഷിംഗിന് എം എസ് ധോണി കൂടി ചേരുന്ന വമ്പൻ ബാറ്റിങ് നിര തകർന്നടിയാൻ അത്ഭുതങ്ങൾ സംഭവിക്കണം. പരിചയ സമ്പന്നരല്ലെങ്കിലും തുഷാർ ദേശ്പാണ്ഡെയും മതീഷ പാതിരാനയും ധോണി പറയുന്നിടത്ത് പന്തെറിയുന്നതാണ് ചെന്നൈയ്ക്ക് ഗുണമാവുന്നത്.
അതേസമയം 12 കളിയിൽ 10 പോയിന്റ് മാത്രമുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള രണ്ട് കളികളും ജയിക്കണം. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ക്യാപ്റ്റൻ നിതീഷ് റാണയും റിങ്കു സിംഗും വെങ്കിടേഷ് അയ്യരുമാണ് പൊരുതി നോക്കുന്നത്. ബൗളിംഗിലേക്ക് വന്നാൽ സ്പിന്നർമാരെ മാത്രമാണ് ആശ്രയിക്കാൻ പറ്റുന്നത്. കൊൽക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 49 റൺസിന് ചെന്നൈ ജയിച്ചിരുന്നു. അത് തുടരാനായിരിക്കും ധോണിയും സംഘവും ലക്ഷ്യമിടുന്നത്. അട്ടിമറി ജയം നേടി ലൈഫ് നീട്ടിയെടുക്കാൻ കെകെആറും ആഗ്രഹിക്കുന്നു.
സ്പോർട്സ് ഡെസ്ക്