മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ താരലേലത്തിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റം പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ നായകനായി നിയോഗിച്ച് ഗുജറാത്ത് ടൈറ്റൻസ്. റെക്കോഡ് തുകക്ക് മുംബൈ ഇന്ത്യൻസിലേക്ക് നായകൻ ഹാർദിക് പാണ്ഡ്യ മടങ്ങിയതിന് പകരമാണ് നിയമനം. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ 59.33 റൺസ് ശരാശരിയിൽ 890 റൺസ് ശുഭ്മൻ ഗിൽ ഗുജറാത്തിനായി അടിച്ചുകൂട്ടിയിരുന്നു. ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു താരം. ബാറ്റിംഗിലെ മികവ് അടക്കം പരിഗണിച്ചാണ് യുവതാരത്തെ നായകനായി നിയോഗിക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

'കഴിഞ്ഞ രണ്ട് വർഷമായി കളിയുടെ ഏറ്റവും ഉയർന്ന തലത്തിലാണ് ശുഭ്മാൻ ഗിൽ. ഒരു ബാറ്ററായി മാത്രമല്ല, ക്രിക്കറ്റിലെ ഒരു നായകനെന്ന നിലയിലും അദ്ദേഹം പക്വത പ്രാപിക്കുന്നത് നാം കണ്ടു. ഫീൽഡിലെ അദ്ദേഹത്തിന്റെ സംഭാവന ഗുജറാത്ത് ടൈറ്റൻസിനെ കഴിഞ്ഞ സീസണുകളിൽ മികച്ച ശക്തിയായി ഉയർത്താൻ സഹായിച്ചു. ശുഭ്മനെപ്പോലൊരു യുവനായകനൊപ്പം പുതിയ യാത്ര തുടങ്ങാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്' ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു.

'ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇത്രയും മികച്ച ടീമിനെ നയിക്കാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് ഫ്രാഞ്ചൈസിക്ക് നന്ദി. ഞങ്ങൾക്ക് രണ്ട് അസാധാരണ സീസണുകൾ പൂർത്തിയാക്കി. ടീമിനെ നയിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്', നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗിൽ പ്രതികരിച്ചു.

ഹാർദ്ദിക്കിന് പകരം ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ അടക്കമുള്ള താരങ്ങളെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗുജറാത്ത് പരിഗണിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന്റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി ഗുജറാത്ത് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിൽ ക്യാപ്റ്റൻസി മികവ് കാട്ടിയാൽ ഗില്ലിന് ഭാവിയിൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.

2022ൽ ആദ്യ സീസണിൽ തന്നെ നായകനായി എത്തിയ ടീമിനെ കിരീടത്തിലേക്കും അടുത്ത സീസണിൽ ഫൈനലിലേക്കും നയിച്ച ഹാർദ്ദിക് പാണ്ഡ്യയുടെ മികവ് ആവർത്തിക്കുക എന്നതാകും ഗില്ലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഓപ്പണറെന്ന നിലയിലുള്ള സമ്മർദ്ദവും ഗില്ലിന് മറികടക്കേണ്ടിവരും.

ഐപിഎല്ലിൽ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള ക്യാപ്റ്റന്മാരുടെ കൈമാറ്റ ധാരണപ്രകാരമാണ് മുംബൈ ഇന്ത്യൻസ് ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ചത്. രണ്ട് വർഷം മുമ്പ് തുടങ്ങിയ ടീമിനെ വിജയികളുടെ സംഘമാക്കിയ ഹാർദ്ദിക്കിന്റെ പെട്ടെന്നുള്ള തിരിച്ചുപോക്ക് ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.

15 കോടി രൂപ നൽകിയാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ തിരിച്ചുപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഫ്രാഞ്ചൈസിയും വിട്ടുനൽകുന്ന താരങ്ങളുടെയും വാങ്ങുന്നവരുടെയും വിവരങ്ങൾ ഞായറാഴ്ച അറിയിക്കാൻ ബി.സി.സിഐ നിർദ്ദേശിച്ചിരുന്നു. ഡെഡ് ലൈൻ കഴിഞ്ഞ ശേഷം പാണ്ഡ്യയെ നിലനിർത്താൻ ഗുജറാത്ത് തീരുമാനിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.

നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിലും പാണ്ഡ്യ ഉണ്ടായിരുന്നു. എന്നാൽ, നാടകീയതകൾക്കൊടുവിൽ താരത്തെ കൈമാറാൻ ധാരണയാവുകയായിരുന്നു. ഐ.പി.എൽ താരലേലം നടക്കുന്ന ഡിസംബർ 19ന് ഏഴ് ദിവസം മുമ്പ് വരെ താരങ്ങളെ കൈമാറാൻ അവസരമുള്ളതിനാൽ പാണ്ഡ്യക്ക് മുംബൈക്കൊപ്പം ചേരാനാവും.

ഇപ്പോൾ ഹാർദിക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഹാർദിക് മുമ്പ് ടീമിന് വേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചൊക്കെ പോസ്റ്റിൽ പറയുന്നുണ്ട്. ഹാർദിക് വീണ്ടും രോഹിത് ശർമ, ജസ്പ്രിത് ബുമ്ര, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം ഹാർദിക് ഒരിക്കൽ കൂടി ചേരുന്നതിൽ സന്തോഷിപ്പിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

 

 
 
 
View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)

ഹാർദിക്കും തിരിച്ചുവരവിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രേഡിംഗിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചെത്തിച്ചത്. ഗുജറാത്ത് നിലനിർത്തിയ താരത്തെ പിന്നീടെങ്ങനെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. ട്രേഡിങ് നടത്താൻ ഡിസംബർ 12 വരെ സമയമുണ്ടെന്നിരിക്കെ നിലനിർത്തിയ താരങ്ങളെ കൈമാറ്റം ചെയ്യുന്നിൽ തെറ്റില്ലെന്നാണ് നിയമം പറയുന്നത്.

അത് പണം കൊടുത്തിട്ടോ അല്ലെങ്കിൽ മറ്റൊരു താരത്തെ വച്ചോ കൈമാറ്റം നടത്താം. അതുമല്ലെങ്കിൽ പണവും താരത്തേയും ഒരുമിച്ച് നൽകിയും ട്രേഡിങ് നടത്താമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

 
 
 
View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)

മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂൺ ഗ്രീൻ അടുത്ത സീസണിൽ ആർസിബിക്ക് വേണ്ടി കളിക്കും. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആർസിബി ടീമിലെത്തിച്ചത്. ആർസിബി ഗ്രീനിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

നേരത്തെ എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയിരുന്നത്. ഇപ്പോൾ ഹാർദിക് ഉൾപ്പെടെ ഒമ്പത് പേരായി. അൽസാരി ജോസഫ്, ഒഡെയ്ൻ സ്മിത്ത്, ദസുൻ ഷനക എന്നിവരാണ് അതിൽ പ്രമുഖർ. യഷ് ദയാൽ, കെ എസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്വാൻ എന്നിവരും ടീമിലില്ല. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ എന്നിവരേയും ടീമിൽ നിലനിർത്തി.