- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
ചെന്നൈ: ധോണിയുടെ ടൈമിങ് മിക്കവാറും തെറ്റാറില്ല. ഇത്തവണ, ദാ, 17 ാമത് ഐപിഎൽ സീസൺ തുടങ്ങുന്നതിന് തൊട്ടുതലേന്ന് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായക കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ് 'ക്യാപ്റ്റൻ കൂൾ'. ധോണി മാത്രമല്ല, രോഹിത് ശർമയും മുംബൈ ഇന്ത്യൻസിന്റെ നായക പദവി വിട്ടിറങ്ങിയിരിക്കുകയാണ്.
ലീഗിൽ അഞ്ചുകിരീടം വീതം നേടി ഈ മിടുക്കന്മാർ, ഏറ്റവും വിജയികളായ ക്യാപ്റ്റന്മാരാണ്. ഇരുവരുടെയും പിൻവാങ്ങലിൽ ആരാധകർക്ക് സങ്കടം തിങ്ങി വരുന്നുണ്ടെങ്കിലും, അവർ കൈവരിച്ച നേട്ടങ്ങൾ ആലോചിക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനും തോന്നും.
സസ്‌പെൻസ് വിടാതെ ധോണിയുടെ പ്രഖ്യാപനം
ക്യാപ്റ്റൻ കുപ്പായം ഇനി വേണ്ടെന്ന് ധോണി തീരുമാനിച്ച കാര്യം അറിയുന്നത് ചെന്നൈയിൽ നടന്ന ഐപിഎൽ ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിന് തൊട്ടു മുമ്പെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ധോണി എന്ത് ചെയ്താലും അത് ടീമിന്റെ താൽപര്യം മുൻനിർത്തിയാകുമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും കാശി വിശ്വനാഥൻ പറഞ്ഞു. എം എസ് ധോണി സീസൺ മുഴുവൻ ചെന്നൈ കുപ്പായത്തിൽ കളിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷയെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധോണിയുടെ തീരുമാനത്തിന്റെ ടൈമിങ് കൃത്യമായിരുന്നുവെന്നും ഫ്‌ളെമിങ് പറഞ്ഞു. 'തലയായി' ടീമിൽ ഇല്ലെങ്കിലും കളിക്കളത്തിൽ ധോണിയെ കാണാനാകുമെന്നാണ് ആരാധകർ.
Every dhoni fan right now:#TATAIPL #MSDhoni pic.twitter.com/5jGyg1hos6
— Prayag (@theprayagtiwari) March 21, 2024
കഴിഞ്ഞ സീസണിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയപ്പോൾ ധോണി വിരമിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, ആരാധകരുടെ സ്‌നേഹാധിക്യത്താൽ അടുത്ത സീസണിലും കളിക്കുമെന്ന് ധോണി പറഞ്ഞിരുന്നു. കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ധോണി ഇത്തവണ പൂർണ കായികക്ഷമത കൈവരിച്ചിരുന്നു. അപ്പോഴാണ് അപ്രതീ്ക്ഷിത പ്രഖ്യാപനം വന്നത്.
2014 ഡിസംബർ 30ന് ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ആദ്യ രണ്ട് ടെസ്റ്റുകൾക്ക് ശേഷം ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും 2019ലെ ഏകദിന ലോകകപ്പ് തോൽവിക്കുശേഷവും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിക്കാതെ സസ്‌പെൻസ് കാത്ത ധോണി ഒടുവിൽ 2020 ഓഗസ്റ്റ് 15ന് അപ്രതീക്ഷിതമായി ട്വീറ്റിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചതും സമാനമായിരുന്നു.
2022ലെ ഐപിഎൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റൻസി കൈമാറാനുള്ള തീരുമാനവും ഇതുപോലെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധോണി പുറത്തുവിട്ടത്. പീന്നീട് സീസണിനിടെ ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്ത് ധോണി വീണ്ടും തിരിച്ചെത്തിയതും ആരാധകർക്ക് അദ്ഭുതമായി.
ധോണിയുടെ നായകത്വത്തിൽ കിരീട നേട്ടം മാത്രമല്ല, ടീമാകെ മികവിന്റെയും സ്ഥിരതയുടെയും പ്രതീകമായി മാറി കഴിഞ്ഞിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിലും കൂളായി ഇരിക്കാനുള്ള കഴിവ്, പുതുമയാർന്ന ഗെയിം പ്ലാനുകൾ, തന്റെ സഹകളിക്കാരിൽ നിന്ന് മികച്ചത് പുറത്തെടുക്കാനുള്ള മിടുക്ക് ഇതെല്ലാം ധോണിയെ വേറിട്ടുനിർത്തുന്നു.
ലീഗിൽ മുംബൈ ഇന്ത്യൻസിനെ പോലെ തന്നെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നായായാണ് ചെന്നൈയെ കണക്കാക്കുന്നത്. അഞ്ച് ഐപി എൽ കിരീടങ്ങൾ. 11 ഐപിഎൽ ഫൈനലുകൾ. 2022 ൽ രവീന്ദ്ര ജഡേജയ്ക്ക് നായക പദവി കൈമാറിയപ്പോൾ ടീമിന്റെ മോശം പ്രകടനം കണക്കിലെടുത്താണ് സീസൺ പകുതിയോടെ ധോണി പദവിയിൽ തിരിച്ചെത്തിയത്. ധോണിയുടെ പിൻഗാമിയെന്ന് കരുതിയിരുന്ന ജഡേജയ്ക്ക് സന്ദർഭത്തിന് ഒത്തുയരാൻ കഴിഞ്ഞില്ല.
2023 ൽ 9 ാമതായി ഫിനിഷ് ചെയ്‌തെങ്കിലും സിഎസ്‌കെ സുന്ദരമായി തിരിച്ചുവന്നു. അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി അഞ്ചാം തവണ കപ്പടിക്കുകയും ചെയ്തു. ചെപ്പോക്കിൽ, വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരുടെ മത്സരം. ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ, ടീം കളത്തിലിറങ്ങും. ധോണിയുഗത്തിന് അതോടെ തിരശീല വീഴും.
രോഹിതിന് പകരം ഹാർദിക് പാണ്ഡ്യ
സമാനരീതിയിൽ മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് പുതിയ നായകൻ. തന്ത്രങ്ങളുടെ ആശാനായ രോഹിതിന്റെ നേതൃത്വത്തിൽ അഞ്ചുകിരീടം നേടിയ മുംബൈയും തലമുറ മാറ്റത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. 2013 ൽ റിക്കി പോണ്ടിങ്ങിൽ നിന്ന് കടിഞ്ഞാൺ ഏറ്റെടുത്ത രോഹിത് മുംബൈയ്ക്ക് പുതിയൊരു യുഗത്തിന്റെ തുടക്കമാണ് കുറിച്ചത്. ആ വർഷം തന്നെ ടീം ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കി.
കൂളായി തീരുമാനങ്ങൾ എടുക്കുന്ന, ഫീൽഡിലെ ആക്രണാത്മക ശൈലി പിന്തുടരുന്ന രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ലീഗിലെ പ്രബല ടീമുകളിൽ ഒന്നായി മാറി മുംബൈ ഇന്ത്യൻസ്. രോഹിതിന്റെ നേട്ടങ്ങൾ നിലനിർത്തി കൊണ്ട് പുതിയ ദിശയിൽ ടീമിനെ നയിക്കുകയാണ് ഹാർദ്ദിക്കിന്റെ ദൗത്യം.
ധോണിയും രോഹിതും വെറും നായകന്മാർ മാത്രമായിരുന്നില്ല. അവർ തങ്ങളുടെ നേതൃപാടവത്താലും, കളിയിലെ തഴക്കത്താലും ടീമുകളുടെ വിജയശിൽപ്പികളായി മാറി. ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിൽ കുളിര് കോരിയിട്ട ഒരുപിടി പ്രകടനങ്ങൾ മനസ്സിൽ നിറച്ചുകൊണ്ടാണ് ധോണി-രോഹിത് യുഗത്തിന് പരിസമാപ്തിയാകുന്നത്.
End of an Golden Era of these superstars ???????? #MSDhoni #csk #RohitSharma #ipl #captain pic.twitter.com/ZPFpEcsCeh
— Riseup Pant (@riseup_pant17) March 21, 2024
ആരാധക പോര്
ലീഗ് തുടങ്ങുന്നതിന് തൊട്ടുതലേന്നുള്ള ധോണിയുടെ നായക സ്ഥാനത്ത് നിന്നുള്ള പിന്മാറ്റം ടീമുകളുടെ ആരാധകർ തമ്മിലെ പോരിനും വഴി വച്ചു. ധോണി ഒഴിഞ്ഞതല്ല, പുറത്താക്കിയതാണെന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ ആരോപിച്ചു. എന്നാൽ രോഹിത്തിനെ പുറത്താക്കിയതുപോലെ ധോണിയെ പുറത്താക്കില്ലെന്നും അദ്ദേഹം അടുത്ത തലമുറക്ക് മാന്യമായി ഉത്തരവാദിത്തം കൈമാറുകയാണ് ചെയ്തതെന്നും ചെന്നൈ ആരാധാകരും എത്തി. സാക്ഡ് എന്ന ഹാഷ് ടാഗ് എക്‌സിൽ ട്രെൻഡിങ്ങാണ്. ഐപിഎല്ലിൽ ഇതുവരെ പുറത്താക്കപ്പെടാത്ത ഒരേയൊരു നായകൻ വിരാട് കോലിയാണെന്ന് ചൂണ്ടിക്കാട്ടി ആർസിബി ഫാൻസും രംഗത്തെത്തി. 2021 ലെ ഐപിഎൽ സീസണിന് ശേഷമാണ് കോഹ്്‌ലി ആർസിബി നായക സ്ഥാനം ഒഴിഞ്ഞത്.
മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രോഹിത് ശർമയെ എന്തിന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മുംബൈ പരിശീലകൻ മാർക്ക് ബൗച്ചർ കുഴങ്ങിയിരുന്നു. മുംബൈ ക്യാപ്റ്റനായശേഷം ആദ്യമായി വാർത്താ സമ്മേളനത്തിനെത്തിയ ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം എത്തിയതായിരുന്നു മാർക്ക് ബൗച്ചർ. രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റാൻ ടീം മാനേജ്മെന്റ് പറഞ്ഞ ഒരു കാരണം എന്താണെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഉത്തരം പറയാനായി ബൗച്ചർ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടുകയായിരുന്നു. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴും ബൗച്ചർ തലയാട്ടൽ തുടർന്നു. സമീപത്ത് ഹാർദ്ദിക് പാണ്ഡ്യ ചെറു ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു.
മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത് 63 ദിവസമായിട്ടും മുൻ നായകൻ രോഹിത് ശർമയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ തുറന്നു പറച്ചിലും ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം രോഹിത്തിനോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. രോഹിത് തിരക്കിലും യാത്രയിലുമായതിനാൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയശേഷം സംസാരിക്കുമെന്നും ആയിരുന്നു ഹാർദ്ദിക്കിന്റെ പ്രതികരണം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കുന്നതിൽ അസ്വാഭാവികയൊന്നുമില്ലെന്നും ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. സഹായിക്കാൻ രോഹിത് എപ്പോഴും കൂടെയുണ്ടാവുമെന്നും സഹായം ആവശ്യമുണ്ടെങ്കിൽ രോഹിത്തിനോട് ചോദിക്കുമെന്നും മുംബൈ നായകനായശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്ത് എന്നെ സഹായിക്കാൻ രോഹിത് എല്ലായപ്പോഴും ഉണ്ടാവുമെന്നുറപ്പാണ്. സഹായം ആവശ്യമുണ്ടെങ്കിൽ ഞാനദ്ദേഹത്തോട് ചോദിക്കും. അദ്ദേഹം ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. അതും ക്യാപ്റ്റനെന്ന നിലയിൽ എനിക്കും ടീമിനും അത് ഗുണമെ ചെയ്യു. അദ്ദേഹത്തിന് കീഴിൽ നേടിയതെല്ലാം നിലനിർത്താനും തുടരാനുമാണ് ക്യാപ്റ്റനെന്ന നിലയിൽ ഞാനും ശ്രമിക്കുന്നത്.
എനിക്ക് കീഴിൽ അദ്ദേഹം കളിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല,അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല. സത്യം പറഞ്ഞാൽ അത് പുതിയൊരു അനുഭവമായിരിക്കും. കാരണം, എന്റെ കരിയറിൽ എല്ലായ്‌പ്പോഴും ഞാൻ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്ന എന്റെ ചുമലിൽ പിടിക്കാൻ അദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം-ഹാർദ്ദിക് പറഞ്ഞു.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുയർന്ന ആരാധകരുടെ പ്രതിഷേധത്തെക്കുറിച്ചും ഹാർദ്ദിക് മറുപടി നൽകി. ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടായത് ശരിയാണ്. ആരാധകരെ ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, ഇത് സ്പോർട്സാണ്. ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. ആരാധകരോട് എനിക്ക് വലിയ കടപ്പാടുണ്ട്. അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. അവരുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. അതേസമയം, ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ടീമിന്റെ ശ്രദ്ധയെന്നും ഹാർദ്ദിക് പറഞ്ഞു.
കഴിഞ്ഞ വർഷം അസാധാരണ നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.