ബെംഗളൂരു: ചിന്നസാമി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ത്രസിപ്പിച്ച് സീസണിലെ ആദ്യജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. തകർപ്പൻ അർധ സെഞ്ചുറിയുമായി ബാറ്റിങ് വിരുന്നൊരുക്കിയ വിരാട് കോലിയുടെയും ഫിനിഷറുടെ റോൾ ഏറ്റെടുത്ത ദിനേശ് കാർത്തികിന്റെയും ബാറ്റിങ് മികവിലാണ് ബംഗളുരു വിജയതീരത്ത് എത്തിയത്. അർധസെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച വിരാട് കോലി തന്നെയാണ് മത്സരത്തിലെ ടോപ് സ്‌കോറർ. 49 പന്തിൽ 77 റൺസാണ് കോലി നേടിയത്. ഇതിൽ രണ്ടു സിക്‌സറുകളും നാലു ഫോറും ഉൾപ്പെടും. സ്‌കോർ: പഞ്ചാബ് 177/6, ബെംഗളൂരു 178/6

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിയായ ബെംഗളൂരു 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്ത് വിജയിച്ചു. വിരാട് കോലിയുടെ (49 പന്തിൽ 77 റൺസ്) ഇന്നിങ്സാണ് ബെംഗളൂരുവിനെ തുണച്ചത്. അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും (10 പന്തിൽ 28) മഹിപാൽ ലാംററും (എട്ട് പന്തിൽ 17) ചേർന്ന് ബെംഗളൂരുവിന് വിജയം ഉറപ്പിക്കുകയായിരുന്നു.

പഞ്ചാബ് ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (7പന്തിൽ 3)യെ നഷ്ടമായി. പിന്നാലെ നാലാം ഓവറിൽ കാമറോൺ ഗ്രീനും (5 പന്തിൽ 3) കാര്യമായ സംഭാവനകൾ നൽകാതെ പവനിയനിലേക്ക് മടങ്ങി. ഒരുവശത്ത് നിശ്ചിത ഓവറുകളിൽ വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഒറ്റയാൾ പോരാട്ടവുമായി വിരാട് കോലി കളം നിറഞ്ഞു.

സ്‌കോർ 86ൽ നിൽക്കെ ബെംഗളൂരുവിന്റെ മൂന്നാം വിക്കറ്റും വീണു. ഹർപ്രീത് ബ്രാറിന്റെ പന്തിൽ രജത് പട്ടീദാർ (18 പന്തിൽ 18) പുറത്തായി. ഹർപ്രീത് തന്നെ ഗ്ലെൻ മാക്‌സ്‌വെലി (5 പന്തിൽ 3)നെയും പറഞ്ഞുവിട്ടതോടെ ബെംഗളൂരു 103 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. അപ്പോഴും മറുവശത്ത് വിരാട് കോലി എന്ന ഒറ്റയാൻ ബെംഗളൂരുവിനു വേണ്ടി റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 130ൽ നിൽക്കെ ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമം ഹർപ്രീതിന്റെ കൈകൾ തടഞ്ഞതോടെ കോലി പുറത്ത്. തൊട്ടടുത്ത പന്തിൽ അനുജ് റാവത്തി(14 പന്തിൽ 11)നെ സാം കറനും പുറത്താക്കി.

ഒരുവേള കോലിയുടെ പോരാട്ടം പാഴായി പോകുമെന്ന് തോന്നിയ നിമിഷം. എന്നാൽ ഏഴാം വിക്കറ്റിൽ ദിനേശ് കാർത്തിക്കും(10 പന്തിൽ 28) മഹിപാൽ ലോംറോറും (8 പന്തിൽ 17) നടത്തിയ പോരാട്ടം ബെംഗളൂരുവിന് സമ്മാനിച്ചത് നാലു ബോളുകൾ ശേഷിക്കേ ആദ്യ വിജയം. പഞ്ചാബിനായി കഗിസോ റബാദ ഹർപ്രീത് ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും സാം കറൻ, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്‌ത്തി.

നേരത്തേ 37 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിനായി കൂടുതൽ റൺസ് നേടിയത്. പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. പവർ പ്ലേയിൽ 40 റൺസേ നേടാൻ സാധിച്ചുള്ളൂ. മൂന്നാം ഓവറിൽ ജോണി ബെയർ സ്റ്റോയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ കോലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. പിന്നാലെ ധവാനും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 17 പന്തിൽ 25 റൺസുമായി പ്രഭ്സിമ്രാനെ അനൂജ് റാവത്തിന്റെ കൈകളിലേക്ക് നൽകി മാക്സ്വെൽ പറഞ്ഞയച്ചു.

തുടർന്നെത്തിയത് ലാം ലിവിങ്സ്റ്റൺ. കഴിഞ്ഞ കളിയിലെ ലിവിങ്സ്റ്റന്റെ അവസാന ഓവറുകളിലെ വമ്പൻ അടി പ്രതീക്ഷിച്ചാണ് ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് പരീക്ഷിച്ചതെങ്കിലും വിജയിച്ചില്ല. 13 പന്തിൽ 17 റൺസെടുത്ത് മടങ്ങി. അനുജ് റാവത്തിന് ക്യാച്ച്. തൊട്ടുപിന്നാലെ ശിഖർ ധവാനും പുറത്തായി. ഒരു സിക്സും അഞ്ച് ഫോറുമുൾപ്പെടെയാണ് ധവാന്റെ സ്‌കോർ.

തുടർന്ന് സാം കറൻ (17 പന്തിൽ 23), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ (20 പന്തിൽ 27), ഹർപ്രീത് ബ്രാർ (പൂജ്യം) എന്നിവരും പുറത്തായി. അൽസാരി ജോസഫ് എറിഞ്ഞ അവസാന ഓവറിൽ ശശാങ്ക് സിങ് രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ നേടിയ 17 റൺസാണ് ടീമിനെ 175 കടത്തിയത്. ശശാങ്ക് എട്ട് പന്തിൽ 21 റൺസ് നേടി പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി നാലോവറിൽ 26 റൺസ് വിട്ടുനൽകി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറിൽ 29 റൺസ് വഴങ്ങി മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലിനും അൽസാരി ജോസഫിനുമാണ് ശേഷിച്ച വിക്കറ്റുകൾ.