അഹമ്മദാബാദ്: ഐപിഎല്ലിൽ ആദ്യമായി മഴയുടെ കളി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയിൽത്തിൽ മഴ കളിച്ചപ്പോൾ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് നിലവിലെ റണ്ണേഴ്സ് അപ്പായ ഗുജറാത്ത് പുറത്തായത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊൽക്കത്ത ആകട്ടെ തങ്ങളുടെ സ്ഥാനം ഒരിക്കൽ കൂടി അറക്കിട്ടുറപ്പിച്ചു. ഗുജറാത്തിനാവട്ടെ ജയിച്ചാൽ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 13 മത്സരങ്ങളിൽ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇത്രയും മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഇന്ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമാണ് ഗുജറാത്ത്. നേരത്തെ, മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും ഇത്തരത്തിൽ പുറത്തായിരുന്നു. കൊൽക്കത്തയ്ക്ക് പോയിന്റ് പങ്കിടേണ്ടി വന്നതോടെ രാജസ്ഥാന് റോയൽസിന് ഒന്നാമതെത്താനുള്ള പ്ലേഓഫ് വഴി കൂടുതൽ അനായാസമായി.

അടുത്ത മത്സരത്തിൽ പഞ്ചാബ് കിങ്സിനേയും അവസാന മത്സരത്തിൽ കൊൽക്കത്തയേയും തോൽപ്പിച്ചാൽ രാജസ്ഥാന് ഒന്നാമതെത്താം. അങ്ങനെ വന്നാൽ ആദ്യ പ്ലേ ഓഫിൽ കൊൽക്കത്ത തന്നെയായിരിക്കും രാജസ്ഥാന്റെ എതിരാളി.