- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനം ആഘോഷരാവാക്കി ആരാധകർ
ബെംഗളൂരു: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിനു കീഴടക്കി ആധികാരിക ജയത്തോടെയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് പ്രവേശനം ആഘോഷമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു ഉയർത്തി 219 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടിയത്. ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ ആറ് തോൽവികൾ നേരിട്ട് പോയിന്റ് പട്ടികയിൽ പത്താമതായിരുന്ന ആർസിബി രണ്ടാം പകുതിയിൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ആധികാരിക വിജയത്തോടെയാണ് നാലാം സ്ഥാനത്തേക്ക് ഉയർന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്കു പിന്നാലെ നാലാമതായാണ് ആർസിബി യോഗ്യത ഉറപ്പിച്ചത്. 14 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് കുതിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമുകൾക്കും 14 പോയിന്റു വീതം ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിലെ കരുത്താണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ആർസിബി ഏപ്രിൽ 25 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് അവിശ്വസനീയ കുതിപ്പിനു തുടക്കമിട്ടത്.
പിന്നീട് ഗുജറാത്ത്, പഞ്ചാബ്, ഡൽഹി ടീമുകളെ വൻ മാർജിനിൽ തോൽപിച്ചു. ഒടുവിൽ ചെന്നൈയെ സ്വന്തം ആരാധകരുടെ മുന്നിൽ കീഴടക്കിയാണ് ആർസിബി പ്ലേഓഫ് ഉറപ്പിച്ചത്. അവിശ്വസനീയമായ കുതിപ്പിൽ നേടിയ പ്ലേഓഫ് യോഗ്യത ആർസിബി താരങ്ങളും ആരാധകരും മതിവരുവോളം ആഘോഷിച്ചു. ശനിയാഴ്ച രാത്രിയേറെ വൈകിയും ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും ആഘോഷം നീണ്ടു.
ക്രിക്കറ്റ് ആരാധകർ എഴുതിത്ത്തള്ളിയിടത്ത് നിന്നാണ് ആർസിബിയുടെ തിരിച്ചുവരവ്. ആദ്യ എട്ട് മത്സരങ്ങളിൽ ഒരുജയം മാത്രമാണ് ആർസിബിക്ക് ഉണ്ടായിരുന്നത്. പിന്നീട് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമായിരുന്നു. തുടർന്ന് ആറ് മത്സരങ്ങളിൽ പരാജയമറിയാതെയാണ് ആർസിബി പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ടുതന്നെ കോലിക്ക് തന്റെ ആവേശം അടക്കാനാവുന്നുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെ ഒടിചെന്ന് കെട്ടിപ്പിടിച്ച കോലി ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ അനുഷ്‌ക ശർമയ്ക്ക് നേരെ കൈകളുയർത്തി കാണിച്ചു.
വിജയത്തിന്റെ സന്തോഷത്തിൽ ആർസിബിയുടെ സൂപ്പർ താരം വിരാട് കോലിക്ക് ആനന്ദക്കണ്ണീർ അടക്കിവയ്ക്കാൻ സാധിച്ചില്ല.യഷ് ദയാൽ അവസാന പന്തും പൂർത്തിയാക്കിയപ്പോഴാണ് കോലിക്ക് നിയന്ത്രിക്കാനാവാതിരുന്നത്. ഗ്രൗണ്ടിൽവച്ച് കോലി കരയുമ്പോൾ ഗാലറിയിൽ ഇതേ അവസ്ഥയിലായിരുന്നു കോലിയുടെ ഭാര്യ അനുഷ്‌ക ശർമയും. ഇരുവരുടേയും വൈകാരികമായ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആർസിബിയുടെ വിജയത്തിനു പിന്നാലെ ബെംഗളൂരുവിലെ പ്രധാന റോഡുകളെല്ലാം ശനിയാഴ്ച രാത്രി ആരാധകരെക്കൊണ്ടു നിറഞ്ഞു.
നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ആർസിബി താരങ്ങളുമായി ടീം ബസ് പുറത്തിറങ്ങിയപ്പോൾ ആരാധകർ ബസ് വളഞ്ഞു. രാത്രി ഏറെ വൈകിയും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് റാലി നടത്തിയും കാറിന്റെ മുകളിൽ കയറിയിരുന്നുമൊക്കെയാണ് ആരാധകർ ബെംഗളൂരുവിന്റെ വിജയം ആഘോഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി 219 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനാണ് സാധിച്ചത്. 201 റൺസെടുക്കാൻ ആയിരുന്നെങ്കിൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു.
ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിങ്സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായ ആറ് കളിയിൽ തോൽക്കുകയും ആറ് കളിയിൽ ജയിക്കുകയും ചെയ്യുന്നത്.