അഹമ്മാദാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ഫൈനലിൽ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13.4 ഓവറിൽ കൊൽക്കത്ത മറികടന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറിൽ 159ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 13.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

വെങ്കടേഷ് അയ്യർ (28 പന്തിൽ 51), ശ്രേയസ് അയ്യർ (24 പന്തിൽ 58) എന്നിവർ പുറത്താവാതെ നേടിയ അർധ സെഞ്ചുറികളാണ് കൊൽക്കത്തയെ വിജത്തിലേക്ക് നയിച്ചത്. ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ നേരിടും.

റഹ്‌മാനുള്ള ഗുർബാസ് (12 പന്തിൽ 23) സുനിൽ നരെയ്ൻ (16 പന്തിൽ 21) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 44 റൺസ് കൂട്ടിചേർത്തു. എന്നാൽ നാലാം ഓവറിൽ ഗുർബാസും ഏഴാം ഓവറിൽ നരെയ്നും മടങ്ങി. എന്നാൽ കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ അയ്യർ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഖ്യം 97 റൺസ് കൂട്ടിചേർത്തു. ഇരുവരും നാല് സിക്സും അഞ്ച് ഫോറും വീതം നേടി. പാറ്റ് കമ്മിൻസ്, ടി നടരാജൻ എന്നിവരാണ് ഹൈദരാബാദിന് വേണ്ടി വിക്കറ്റുകൾ വീഴ്‌ത്തിയത്.

തുടക്കത്തിൽ പതറിയ ശേഷം കുതിച്ചു കയറിയ ഹൈദരാബാദിന്റെ വരുതിയിൽനിന്ന് കൊൽക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് ബൗളർമാർക്കാണ്. തന്റെ ആദ്യ രണ്ടോവറിൽത്തന്നെ സ്റ്റാർക്ക് സൺ റൈസേഴ്സിന്റെ മനോവീര്യം തകർത്തു. ആദ്യ ഓവറിൽ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറിൽ നിതീഷ് റെഡ്ഢിയെയും മടക്കി പവർപ്ലേയിൽത്തന്നെ കൊൽക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

160 വിജയലക്ഷ്യം കൊൽക്കത്തയ്ക്ക് അനായാസമായിരുന്നു. ക്യാപ്റ്റൻ പാറ്റ് കമിൻസെറിഞ്ഞ രണ്ടാം ഓവറിൽത്തന്നെ കൊൽക്കത്തയുടെ പ്രഹരമുണ്ടായി. റഹ്‌മാനുള്ള ഗുർബാസും സുനിൽ നരെയ്നും ചേർന്ന് 20 റൺസാണ് കമിൻസിന്റെ ഓവറിൽ നേടിയത്. മൂന്നോവറിൽ ടീം 44 റൺസെടുത്തു. നാലാം ഓവറിൽ ഗുർബാസ് (12 പന്തിൽ 23) മടങ്ങിയെങ്കിലും കൊൽക്കത്തയെ ബാധിച്ചില്ല. പവർ പ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 63 റൺസാണ് നേടിയത്.

കമിൻസ് എറിഞ്ഞ ഓവറിൽ സുനിൽ നരെയ്നും (16 പന്തിൽ 21) പുറത്തായി. ടീം സ്‌കോർ 67-ൽ നിൽക്കേയായിരുന്നു ഇത്. തുടർന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തിൽ 58 റൺസ് നേടിയപ്പോൾ, വെങ്കടേഷ് 28 പന്തിൽ 51 റൺസ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്സിൽ നാലുവീതം സിക്സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.

പവർപ്ലേയ്ക്ക് ശേഷം ഒരോവറിൽ പോലും 11-ൽ കുറഞ്ഞ റൺസ് വന്നില്ല. 14-ാം ഓവർ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 6,4,6,6 എന്ന രീതിയിൽ അടിച്ചകറ്റി. ഇതോടെ കൊൽക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യർ അർധ സെഞ്ചുറിയും പൂർത്തിയാക്കി.

നേരത്തേ ഹൈദരാബാദ് നിരയിൽ നിശ്ചിത 20 ഓവർ തികയ്ക്കുക പോലും ചെയ്യാതെ പത്തുപേരും മടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് 19.3 ഓവറിൽ 159-ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടി മിച്ചൽ സ്റ്റാർക്കാണ് ഹൈദരാബാദിനെ തകർത്തത്. രാഹുൽ ത്രിപാഠി 35 പന്തിൽ 55 റൺസ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റൻ പാറ്റ് കമിൻസും (30) ചേർന്നാണ് ടീം സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഓപ്പണർമാരായി വന്നവർ ആദ്യ രണ്ടോവറിൽ മടങ്ങിയത് ടീമിനെ ഉലച്ചു. മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ ട്രാവിസ് ഹെഡും (0) വൈഭവ് അറോറയുടെ രണ്ടാം ഓവറിൽ അഭിഷേക് ശർമയും (3) പുറത്തായി. അഞ്ചാം ഓവറിൽ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹ്‌മദിനെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി സ്റ്റാർക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു. ഇതോടെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമാവാനും (12 കളിയിൽ ഒൻപത് വിക്കറ്റ്) സ്റ്റാർക്കിന് കഴിഞ്ഞു. 10 വിക്കറ്റുകളോടെ ഭുവനേശ്വർ കുമാറാണ് ഒന്നാമത്.

39 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട ഹൈദരാബാദിന് പിന്നീടൊരു ബാറ്റിങ് 'സ്ഫോടനം' സാധ്യമായില്ല. പവർപ്ലേയിൽ സൺറൈസേഴ്സ് നേടിയത് 45 റൺസ്. ഒരുവശത്ത് രാഹുൽ ത്രിപാഠി ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നത് മാത്രമാണ് ഏക ആശ്വാസം. ഒരു സിക്സും ഏഴ് ഫോറുമാണ് ത്രിപാഠിയുടെ ബാറ്റിൽ പിറന്നത്. ഐ.പി.എലിലെ ത്രിപാഠിയുടെ 12-ാമത്തെ അർധ സെഞ്ചുറി.

14-ാം ഓവറിൽ സുനിൽ നരെയ്ന്റെ വരവ് കളി കൊൽക്കത്തയ്ക്ക് കൂടുതൽ അനുകൂലമാക്കി. ഓവറിലെ രണ്ടാം പന്തിൽ ത്രിപാഠി റണ്ണൗട്ടായി. പന്ത് നേരിട്ട അബ്ദുൽ സമദ് സിംഗിളിനായി ഓടിയെങ്കിലും പന്ത് കൈവശം കിട്ടിയ റസൽ ഉടൻതന്നെ വിക്കറ്റ് കീപ്പർ ഗുർബാസിന് എറിഞ്ഞുനൽകി. ഗുർബാസ് ഒരു പിഴവും വരുത്താതെ സ്റ്റമ്പ് ചെയ്തു. മൂന്നാം പന്തിൽ സൻവിർ സിങ് (0) ബൗൾഡുമായി.

തൊട്ടടുത്ത ഹർഷിത് റാണയുടെ ഓവറിൽ സമദും (16) ചക്രവർത്തിയുടെ ഓവറിൽ ഭുവനേശ്വർ കുമാറും (0) പുറത്തായതോടെ ഹൈദരാബാദ് 126-ൽ ഒൻപത് എന്ന നിലയിൽ തകർന്നു. പത്താം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമിൻസും വിയാസ്‌കന്തും ചേർന്നാണ് പിന്നീട് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 21 പന്തിൽ 33 റൺസ് നേടി. റസലിന്റെ അവസാന ഓവറിലെ മൂന്നാം പന്തിൽ കമിൻസ് (24 പന്തിൽ 30) പുറത്താവുകയായിരുന്നു.

ഇതിനിടെ അഞ്ചാം വിക്കറ്റിൽ ഹെന്റിച്ച് ക്ലാസനും ത്രിപാഠിയും ചേർന്ന് 36 പന്തിൽ 62 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയാണ് തുടക്കത്തിലെ തകർച്ചയിൽനിന്ന് ടീം ഒരുവിധം കരകയറിയത്. 11-ാം ഓവറിൽ ക്ലാസനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 21 പന്തിൽ 32 റൺസാണ് ക്ലാസന്റെ സമ്പാദ്യം.