- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരലേലത്തില്‍ വലിയ തുക ലഭിക്കാതിരുന്നാല്‍ കളിക്കാന്‍ വിസമ്മതിക്കുന്നവരെ വിലക്കണം; മെഗാലേലത്തിന്റെ പേരിലും തര്‍ക്കം; ആവശ്യവുമായി ടീം ഉടമകള്‍
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്ത ശേഷം ടീമിനായി കളിക്കാന്‍ വിസമ്മതിക്കുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍. ബിസിസിഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താരങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കാവ്യ മാരന്‍ ആവശ്യപ്പെട്ടതായി ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. താരലേലത്തില്‍ വലിയ തുക ലഭിക്കാതിരുന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ വിദേശ താരങ്ങള്‍ ഐപിഎല്ലില്‍നിന്നു പിന്‍വാങ്ങുന്നതായാണ് ടീമുകളുടെ പരാതി. ഇന്നലെ മുംബൈയില്‍ ബിസിസിഐ വിളിച്ചുചേര്‍ത്ത ടീം ഉടമകളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
"ലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരുക്കു കാരണമല്ലാതെ ഒരു താരം ടൂര്‍ണമെന്റില്‍നിന്നു വിട്ടുനിന്നാല്‍ അദ്ദേഹത്തെ വിലക്കണം. ലേലത്തിനായി ഫ്രാഞ്ചൈസികള്‍ ഒരുപാടു കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു താരത്തെ ചെറിയ തുകയ്ക്കു വാങ്ങിയാല്‍ പിന്നെ അദ്ദേഹം കളിക്കാന്‍ വരില്ല. അത് ടീമിന്റെ കോംബിനേഷനെയാണു ബാധിക്കുന്നത്." കാവ്യ മാരന്‍ യോഗത്തില്‍ വ്യക്തമാക്കി.
ഒരു ടീമിനു നിലനിര്‍ത്താവുന്ന വിദേശതാരങ്ങളുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കണമെന്നും കാവ്യ മാരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ രണ്ടു വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ മാത്രമാണു ടീമുകള്‍ക്ക് അനുവാദമുണ്ടായിരുന്നത്. മെഗാ താരലേലത്തിനു പകരം എല്ലാ വര്‍ഷവും മിനിലേലം നടത്തുന്നതാണ് ഉചിതമെന്നാണ് കാവ്യ മാരന്റെ നിലപാട്. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ഫൈനല്‍ കളിച്ച സണ്‍റൈസേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു പരാജയപ്പെട്ടിരുന്നു.
"ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ ഒരുപാടു സമയം ആവശ്യമാണ്. യുവതാരങ്ങളെ പാകപ്പെടുത്തിയെടുക്കാന്‍ ഒരുപാട് അധ്വാനമുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ അഭിഷേക് ശര്‍മ സ്ഥിരതയിലെത്താന്‍ മൂന്നു വര്‍ഷത്തോളം സമയമെടുത്തു. ഇതുപോലെ ഒരുപാടു താരങ്ങള്‍ ഉദാഹരണങ്ങളായി ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാം." കാവ്യ മാരന്‍ പ്രതികരിച്ചു.
പല താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ പങ്കെടുത്ത് ഏതെങ്കിലും ടീമുകളില്‍ എത്തുകയും ചെയ്യും. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ പലരും പിന്‍മാറുന്നത് ടീമകളുടെ സന്തുലനത്തെയും കോംബിനേഷനെയും ബാധിക്കുന്നുവെന്നും അവസാന നിമിഷം പകരക്കാരെ കണ്ടെത്തേണ്ടവരുമെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ റോയ് എന്നിവര്‍ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തശേഷം പിന്‍മാറിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചിലര്‍ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിന്‍മാറുന്നതെന്ന് ടീം ഉടമകള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന വിദേശ താരങ്ങള്‍ക്കെതിരെ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരണിക്കണമെന്ന് ചില ടീം ഉടമകള്‍ പറഞ്ഞു.
ലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന് ടീം ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 120-125 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മെഗാ താരലേലത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന കളിക്കാരുടെ എണ്ണം ഉയര്‍ത്തണമെന്നും ടീം ഉടമകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്താനാവുക. ഇത് എട്ടായി ഉയര്‍ത്തണമെന്നാണ് ടീം ഉടമകളുടെ ആവശ്യം.