- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടിസ്ഥാനവില രണ്ട് കോടിയുള്ള ഇന്ത്യൻ താരങ്ങളില്ല; 19 വിദേശ താരങ്ങൾ; ഒരു കോടിക്ക് മയാങ്കും പാണ്ഡെയും; ഐപിഎൽ താരലേലനുള്ള ചുരുക്കപ്പട്ടികയിൽ ആകെ 405 താരങ്ങൾ; കേരളത്തിൽ നിന്നും പത്ത് താരങ്ങൾ കൊച്ചിയിലെ താരലേലത്തിന്

മുംബൈ: ഐപിഎൽ 2023 സീസണിനു വേണ്ടിയുള്ള മിനി താരലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളിൽ 405 പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കി. 991 പേരാണ് നേരത്തെ ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. 10 ടീമുകൾ തിരഞ്ഞെടുത്ത 405 പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. പുതുക്കിയ പട്ടികയിൽ 273 ഇന്ത്യൻ താരങ്ങളും 132 പേർ വിദേശികളുമാണ്. 30 വിദേശ താരങ്ങൾക്ക് ഉൾപ്പെടെ പരമാവധി 87 താരങ്ങൾക്കാണ് ഐപിഎലിൽ അവസരം ലഭിക്കുക. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം.
പുതുക്കിയ പട്ടികയിൽ നാല് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 119 താരങ്ങൾ ക്യാപ്ഡ് പ്ലെയേർസും 282 പേർ അൺക്യാപ്ഡ് കളിക്കാരുമാണ്. ഒരു സ്‌ക്വാഡിൽ എട്ട് വിദേശ താരങ്ങൾക്കാണ് പരമാവധി ഇടം. ഡിസംബർ 23ന് കൊച്ചിയിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 2.30 മുതലാണ് താരലേലം. ഏറ്റവും ഉയർന്ന റിസർവ് തുകയായ രണ്ട് കോടിയിൽ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വിലയ്ക്ക് 11 താരങ്ങൾ രജിസ്റ്റർ ചെയ്തു. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളിൽ മനീഷ് പാണ്ഡെയും മായങ്ക് അഗർവാളുമുണ്ട്.
ബെൻ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവുരൾപ്പെടെ 27 താരങ്ങളാണ് ഇംഗ്ലണ്ടിൽനിന്നുള്ളത്. ഓസ്ട്രേലിയയിൽ നിന്നുള്ള 21 താരങ്ങളുടെ പട്ടികയിൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീനുമുണ്ട്. 22 പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും 20 പേർ വെസ്റ്റിൻഡീസിൽ നിന്നും 10 പേർ ന്യൂസീലൻഡിൽ നിന്നും എട്ടു പേർ അഫ്ഗാനിസ്ഥാനിൽ നിന്നുമാണ്.
കേരളത്തിൽനിന്നുള്ള 10 താരങ്ങളും പട്ടികയിൽ ഇടം പിടിച്ചു. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ.എം.ആസിഫ്, എസ്.മിഥുൻ, സച്ചിൻ ബേബി, ഷോൺ റോഗർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, പി.എ.അബ്ദുൽ എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.
ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി കൊടുക്കേണ്ടവരിൽ ഇന്ത്യൻ താരങ്ങളിൽ ആരുമില്ല. 19 വിദേശതാരങ്ങളാണ് 2 കോടി പട്ടികയിലുള്ളത്. 1.5 കോടി അടിസ്ഥാന വില കൊടുക്കേണ്ടവരിലും 11 വിദേശതാരങ്ങൾ മാത്രം. ഒരു കോടി അടിസ്ഥാന വിലയുള്ള രണ്ട് ഇന്ത്യൻ താരങ്ങൾ ഉണ്ട് മയാങ്ക് അഗർവാൾ, മനീഷ് പാണ്ഡെ. ആകെ 20 താരങ്ങളാണ് ഒരു കോടി പട്ടികയിലുള്ളത്. അജിൻക്യ രഹാനെ, ഇഷാന്ത് ശർമ എന്നിവരുടെ അടിസ്ഥാന വില 50 ലക്ഷമാണ്.
ചെന്നൈ സൂപ്പർ കിങ്സിന് 20.45 കോടി രൂപയും ഡൽഹി ക്യാപിറ്റൽസിന് 19.45 കോടിയും ഗുജറാത്ത് ടൈറ്റൻസിന് 19.25 കോടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 7.05 കോടിയും ലഖ്നൗ സൂപ്പർ ജയന്റ്സിന് 23.35 കോടി രൂപയും മുംബൈ ഇന്ത്യൻസിന് 20.55 കോടിയും പഞ്ചാബ് കിങ്സിന് 32.2 കോടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8.75 കോടിയും രാജസ്ഥാൻ റോയൽസിന് 13.2 കോടിയും സൺറൈസേഴ്സ് ഹൈദരാബാദിന് 42.25 കോടി രൂപയുമാണ് ലേലത്തിൽ പരമാവധി ചിലവഴിക്കാനായി അവശേഷിക്കുന്നത്. ചെന്നൈയിൽ 7 ഉം ഡൽഹിയിൽ 5 ഉം ഗുജറാത്തിൽ 7 ഉം കൊൽക്കത്തയിൽ 11 ഉം ലഖ്നൗവിൽ 10 ഉം മുംബൈയിലും പഞ്ചാബിലും 9 വീതവും ബാംഗ്ലൂരിൽ 7 ഉം രാജസ്ഥാനിൽ 9 ഉം സൺറൈസേഴ്സിൽ 13 ഉം താരങ്ങളുടെ ഒഴിവാനുള്ളത്.


