കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിന് മുന്നോടിയായി മിനി താരലേലം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. ആകെ 405 കളിക്കാർ ലേലത്തിൽ പങ്കെടുക്കുന്നത്. 10 ടീമുകളും അവരുടെ ശേഷിക്കുന്ന പേഴ്‌സ് തുക ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാണ് നീക്കം. തുടക്കത്തിൽ, 991 കളിക്കാരുടെ പട്ടിക 369 ആയി ചുരുക്കി. തുടർന്ന് ടീമുകളുടെ അഭ്യർത്ഥന പ്രകാരം മറ്റൊരു 36 കളിക്കാരെ കൂടി പട്ടികയിൽ ചേർക്കുകയായിരുന്നു.

ലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിക്കുക ആർക്കായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്. അതും ചില്ലറ തുകയല്ല, 20 കോടി ഇന്ത്യൻ രൂപ. അതേസമയം ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണെ സ്വന്തമാക്കാൻ ആരുമുണ്ടായിരുന്നില്ല.

അനിൽ കുംബ്ലെ, സുരേഷ് റെയ്ന, ക്രിസ് ഗെയ്ൽ, ഓയിൻ മോർഗൻ, സ്‌കോട്ട് സ്‌റ്റൈറിസ്, റോബിൻ ഉത്തപ്പ എന്നിവരാണ് ജിയോ സിനിമയുടെ വിദഗ്ധ പാനലിലുണ്ടായിരുന്നത്. ഓരോ മുൻ താരങ്ങളും ഓരോ ഐപിഎൽ ടീമിനെ മോക് ഓക്ഷനിൽ പ്രതിനിധീകരിച്ചു. ഈ മോക് ഓക്ഷനിലാണ് ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് 20 കോടി രൂപ ലഭിച്ചത്.

സൺറൈസേഴ്സ് ഹൈദരാബാദിനായി സ്‌റ്റൈറിസാണ് ഗ്രീനിനെ 20 കോടിക്ക് വിളിച്ചത്. ലേലത്തിലെ ഏറ്റവും വലിയ ടാർഗറ്റായിരിക്കും ഗ്രീൻ എന്ന വിലയിരുത്തലുകൾ ശക്തമാണ്. ആദ്യമായാണ് ഗ്രീൻ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യക്കെതിരെ ഇന്ത്യയിൽ വച്ച് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ രണ്ട് അർധ സെഞ്ചുറികൾ സഹിതം 118 റൺസ് നേടിയ ഗ്രീനിന്റെ ആക്രമണ ബാറ്റിങ് വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇംഗ്ലീഷ് താരങ്ങളായ സാം കറനെ 19.50 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സും ബെൻ സ്റ്റോക്സിനെ 19 കോടിക്ക് പഞ്ചാബ് കിങ്സും വിൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്തിനെ 8.5 കോടിക്ക് മുംബൈ ഇന്ത്യൻസും നിക്കോളാസ് പുരാനെ 8.5 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സും മോക് ലേലത്തിൽ സ്വന്തമാക്കി.

ഓരോ ടീമും തങ്ങളുടെ കൈയിലിരിക്കുന്ന തുകയുടെ വലുപ്പത്തിനനുസരിച്ച് കളിക്കാരെ സ്വന്തമാക്കാനാണ് ശ്രമം നടത്തുക. വിട്ടയച്ച കളിക്കാരുടെ പ്രതിഫലത്തിനനുസരിച്ച് ആയിരിക്കും ടീമുകളുടെ കൈയിലിരിക്കുന്ന പഴ്സിന്റെ വലുപ്പവും.

ആകെയുള്ള 405 കളിക്കാരിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശ താരങ്ങളുമാണ്. ഇതിൽ 4 പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ക്യാപ്ഡ് കളിക്കാരുടെ ആകെ എണ്ണം 119, അൺക്യാപ്പ്ഡ് കളിക്കാർ 282. 4 കളിക്കാർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എല്ലാ ടീമുകളിലുമായി പരമാവധി 87 സ്ലോട്ടുകൾ ഇപ്പോൾ ലഭ്യമാണ്. ഇവയിൽ 30 വരെ വിദേശ കളിക്കാർക്കായി നീക്കിവച്ചിരിക്കുന്നു.

ഈ വർഷമാദ്യം ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയതോടെ ഐപിഎൽ ടീമുകളുടെ പരമാവധി പേഴ്‌സ് തുക ഓരോ ടീമിനും 95 കോടിയായി ഉയർത്തിയിരുന്നു. 2022 ലെ മെഗാ ലേലത്തിന് ശേഷം തിളങ്ങാൻ കഴിയാതെപോയ ഫ്രാഞ്ചൈസികൾ മിനി ലേലത്തിലൂടെ ടീമുകളെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ മിനിലേലം ആരംഭിക്കുന്നതിന് മുമ്പ്, 10 ഐപിഎൽ ടീമുകളുടെയും ശേഷിക്കുന്ന പേഴ്‌സ് തുക എത്രയെന്ന് അറിയാം (തുക കോടിയിൽ).

സൺറൈസേഴ്സ് ഹൈദരാബാദ് - 42.25

പഞ്ചാബ് കിങ്സ് - 32.2

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - 23.35

മുംബൈ ഇന്ത്യൻസ് - 20.55

ചെന്നൈ സൂപ്പർ കിങ്സ് - 20.45

ഡൽഹി ക്യാപിറ്റൽസ് - 19.45

ഗുജറാത്ത് ടൈറ്റൻസ് - 19.25

രാജസ്ഥാൻ റോയൽസ് - 13.2

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 8.75

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 7.05

പഴ്സിൽ കൂടുതൽ തുക അവശേഷിക്കുന്ന ടീമുകൾക്ക് വിലകൂടിയ കളിക്കാരെ നേടാൻ അവസരമുണ്ട്. കഴിഞ്ഞ സീസണിൽ തിളങ്ങാൻ കഴിയാതെ പോയ ടീമുകളാണ് വലിയ വിലയുള്ള കളിക്കാരെ വിട്ടയച്ച് മിനി ലേലത്തിൽ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ലേലത്തിലെ ഇടപെടലുകളാകും വരാനിരിക്കുന്ന സീസണിൽ ഈ ടീമുകളുടെ ജയപരാജയം നിർണയിക്കുക. മുംബൈ ഇന്ത്യൻസ് സിഎസ്‌കെ എന്നീ ടീമുകൾക്ക് ലേലത്തിൽ ഏതൊക്കെ കളിക്കാരെ നേടാൻ കഴിയുമെന്നത് ആരാധകർ ഉറ്റുനോക്കുന്നു.