- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ താരങ്ങൾക്ക് പൊന്നുംവില! റെക്കോഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്; ഇംഗ്ലീഷ് താരത്തിന് ചെലവിട്ടത് പതിനെട്ടര കോടി; പതിനേഴര കോടിക്ക് കാമറൂൺ ഗ്രീനിനെ ഒപ്പംകൂട്ടി മുംബൈ ഇന്ത്യൻസും; ബെൻ സ്റ്റോക്സിനായി 16.25 കോടി മുടക്കി സിഎസ്‌കെ; ഹാരി ബ്രൂക്കിന് 13.25 കോടി നൽകി സൺറൈസേഴ്സ്; മോഹവില സ്വന്തമാക്കി മായങ്ക്; ഐപിഎൽ മിനി താരലേലം കൊച്ചിയിൽ പുരോഗമിക്കുന്നു

കൊച്ചി: ഐപിഎൽ താരലേലത്തിൽ വിദേശ താരങ്ങൾക്ക് പൊന്നുംവില. ഓൾ റൗണ്ടർ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് സാം കറൻ പേരിൽ കുറിച്ചത്. ട്വന്റി 20 ലോകകപ്പിൽ മിന്നും ഫോമിലായിരുന്ന സാം കറനെ മുംബൈ ഇന്ത്യൻസുമായി അവസാന നിമിഷങ്ങളിൽ പോരടിച്ചാണ് പഞ്ചാബ് ടീമിൽ എത്തിച്ചത്.
സാം കറനായി രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് ടീമുകൾ തുടക്കത്തിൽ ലേലത്തിൽ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പർ കിങ്സും എത്തിയതോടെ ലേലം കടുത്തു. 16.25 കോടി രൂപയുമായി ലഖ്നൗ സൂപ്പർ ജയന്റ്സും എത്തിയതോടെ ലേലം പാരമ്യതയിലെത്തി. ഇതിന് ശേഷം 17.25 കോടി രൂപയുമായി മുംബൈ ലേലത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു. പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവിൽ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് കറനെ പിടിച്ചെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ പതിനേഴര കോടി രൂപ മുടക്കി മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോയി.
ഇംഗ്ലീഷ് ഓൺ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ 16.25 കോടിക്കാണ് സിഎസ്‌കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്‌നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കി.
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനും കോളടിച്ചു. താരത്തിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി. ബ്രൂക്കിനെ കൂടാതെ മായങ്ക് അഗർവാളിനെയും സൺറൈസേഴ്സ് ടീമിലെടുത്തു. 8.25 കോടിരൂപയാണ് താരത്തിന്റെ വില. മുൻ സൺറൈസേഴ്സ് നായകൻ കെയ്ൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. അജിങ്ക്യ രഹാനെയെ (50 ലക്ഷം) ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു.
ഇന്ത്യൻ താരം മയാങ്ക് അഗർവാളിനെ 8.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്ക് അഗർവാളിനെ 8.25 കോടി രൂപ മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. അവസാന നിമിഷം വരെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള കടുത്ത പോരാട്ടം മറികടന്നാണ് മായങ്കിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. നേരത്തെ മായങ്കിന്റെ മുൻ ടീമായ പഞ്ചാബ് കിങ്സും താരത്തിനായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ 16.33 ശരാശരിയിലും 122.50 സ്‌ട്രൈക്ക് റേറ്റിലും 196 റൺസ് മാത്രമാണ് മായങ്ക് സ്വന്തമാക്കിയത്.
അതേസമയം, വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറിനെ 5.75 കോടി മുടക്കി രാജസ്ഥാൻ ടീമിലെത്തിച്ചു. രാജസ്ഥാനും ചെന്നൈയും തമ്മിലാണ് ജേസൺ ഹോൾഡറിനായി മത്സരിച്ചത്. ഒടുവിൽ അഞ്ച് കോടിക്ക് മുകളിലേക്ക് വില പോയതോടെ ചെന്നൈ പിൻവലിയുകയായിരുന്നു.
1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ബ്രൂക്കിനെ രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകളുമായി ശക്തമായ മത്സരം നടത്തിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 23 വയസ്സുകാരനായ യുവതാരം ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു അർധ സെഞ്ചറിയടക്കം 372 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാലു കളികളിൽനിന്ന് മൂന്ന് സെഞ്ചറിയുൾപ്പെടെ സ്വന്തമാക്കിയത് 480 റൺസ്.
സിംബാബ്‌വെയുടെ സിക്കന്ദർ റാസ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സിൽ കളിക്കും. ഒഡിൻ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റൻസിലെത്തി. അജിൻക്യ രഹാനെയെ 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സിലെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോ എന്നിവരെ ആരും വാങ്ങിയില്ല
സൺറൈസേഴ്സ് ഹൈദരാബാദിനെയും പഞ്ചാബ് കിങ്സിനെയും ഒഴിച്ചുനിർത്തിയാൽ മറ്റു ടീമുകൾക്ക് 20-23 കോടിയോ അതിൽ താഴെയോ ആണ് കൈയിലുള്ളത്. വിദേശസൂപ്പർതാരങ്ങൾക്ക് പിന്നാലെപോയി കോടികൾ തീർക്കുന്നതിനേക്കാൾ ആഭ്യന്തരക്രിക്കറ്റിലെ മികവുതേടുന്നതിനായിരിക്കും ഈ ടീമുകൾ മുൻഗണന നൽകുകയെന്നാണ് സൂചന.
പത്ത് കേരളതാരങ്ങളാണ് മിനിലേലത്തിന് രജിസ്റ്റർചെയ്തിരിക്കുന്നത്. ബാറ്റർമാരായ സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, ഷോൺ റോജർ, പി.എ. അബ്ദുൽ ബാസിത്ത് എന്നിവരും ബൗളർമാരായ കെ.എം. ആസിഫ്, ബേസിൽ തമ്പി, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരുമാണ് ലേലത്തിനുള്ളത്. ഓപ്പണിങ് ബാറ്ററായ രോഹൻ സമീപകാലത്ത് ഗംഭീര ഫോമിലാണ്. കഴിഞ്ഞ രഞ്ജിസീസണിലും ദുലീപ് ട്രോഫിയിലും തിളങ്ങിയ രോഹനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യക്കാരനായ ഓപ്പണിങ് ബാറ്ററുടെ അഭാവം കൊൽക്കത്തയ്ക്കുണ്ട്. ഇതാണ് രോഹന് അനുകൂലമാകുന്ന ഘടകം. രാജസ്ഥാനും ചെന്നൈയും ഇന്ത്യൻ ബാറ്റർമാരെ തേടുന്നുണ്ട്.
വിക്കറ്റ് കീപ്പിങ് ബാറ്ററർമാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും ലേത്തിൽ വിറ്റുപോവാൻ സാധ്യതയേറെയുണ്ട്. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് അടക്കമുള്ള ടീമുകൾ ഇന്ത്യൻ ബാക്കപ്പ് കീപ്പർക്കായി വലവീശും. വെടിക്കെട്ട് ബാറ്ററും ഓഫ്സ്പിന്നറുമായ പി.എ. അബ്ദുൽ ബാസിത് ചെന്നൈ, മുംബൈ, രാജസ്ഥാൻ, ഹൈദരാബാദ് ടീമുകളുടെ ട്രയൽസിൽ പങ്കെടുത്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിലെ പ്രകടനമാണ് ബാസിത്തിനെ ട്രയൽസിലെത്തിച്ചത്. ഫിനിഷറുടെ റോൾ കൈകാര്യംചെയ്യുന്നതിനൊപ്പം പാർട്ട്‌ടൈം ബൗളറായും തിളങ്ങാൻ കെൽപ്പുള്ള താരമാണ് ബാസിത്. ആഭ്യന്തരക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കുന്ന സച്ചിൻ ബേബിയും അണ്ടർ-19 ഇന്ത്യൻ ടീമിൽകളിച്ച ഷോൺ റോജറും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


