കൊച്ചി: ഐപിഎൽ മിനിതാരലേലത്തിൽ കോടികൾ കൊയ്ത് അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളായ പേസർമാരായ ശിവം മാവിയും മുകേഷ് കുമാറും വിവ്രാന്ത് ശർമ്മയും. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓൾറൗണ്ടർ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി.

ശർമ്മയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സജീവമായി രംഗത്തുണ്ടായിരുന്നു. കൊൽക്കത്ത നേരത്തെ 2.40 കോടി രൂപ വിവ്രാന്ത് ശർമ്മയ്ക്ക് വിളിച്ചെങ്കിലും ഹൈദരാബാദ് രണ്ട് കോടി അറുപത് ലക്ഷത്തിന് ടീമിലെത്തിച്ചു. 20 ലക്ഷം അടിസ്ഥാനവില മാത്രമുണ്ടായിരുന്ന ജമ്മു കശ്മീർ സ്വദേശിയായ വിവ്റാന്തിനെ ശക്തമായ ലേലത്തിലൂടെ സൺറൈസേഴ്സ് സ്വന്തമാക്കുകയായിരുന്നു.

ജമ്മു കശ്മീരിന്റെ ഇടംകൈയൻ ഓൾറൗണ്ടറാണ് വിവ്റാന്ത്. 23 വയസ്സാണ് താരത്തിന്റെ പ്രായം. ട്വന്റി 20യിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 191 റൺസും ആറുവിക്കറ്റും വിവ്റാന്ത് നേടിയിട്ടുണ്ട്. ആദ്യമായാണ് താരത്തിന് ഐ.പി.എല്ലിൽ അവസരം ലഭിക്കുന്നത്.

അൺക്യാപ്ഡ് ഇന്ത്യൻ താരം പേസർ മുകേഷ് കുമാറും കോടികൾ കൊയ്തു. അഞ്ചര കോടി രൂപയ്ക്കാണ് മുകേഷിന് ഡൽഹി ക്യാപിറ്റൽസ് ടീമിൽ എത്തിച്ചത്. മുകേഷ് കുമാറിനും വേണ്ടി പൊരിഞ്ഞ ലേലം വിളി നടന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ശിവം മാവിയെ ആറ് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് വിളിച്ചെടുത്തു. രാജസ്ഥാൻ റോയൽസുമായി കടുത്ത മത്സരത്തിനൊടുവിലാണ് ശിവം മാവിയെ ഗുജറാത്ത് ടീമിൽ എത്തിച്ചത്. നാൽപത് ലക്ഷത്തിൽ നിന്നുമാണ് ആറ് കോടി വരെ താരം കുതിച്ച് കയറിയത്. വെസ്റ്റ് ഇൻഡീസ് നായകനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പുരനെ പതിനാറ് കോടി മുടക്കി ലക്‌നൗ സൂപ്പർ ജയ്ന്റ്‌സ് ടീമിൽ എത്തിച്ചു.

യഷ് താക്കൂറിനെ 45 ലക്ഷത്തിന് ലക്‌നൗ ടീമിലെത്തിച്ചു. വൈഭവ് അറോറയ്ക്കായി കെകെആർ മുടക്കിയത് 60 ലക്ഷമാണ്. എൻ ജഗദീഷനെയും കെകെആർ തന്നെ 1.20 കോടിക്ക് സ്വന്തമാക്കി.

കേരളത്തിന് നിരാശയുടെ വാർത്തയാണ് ലേലത്തിന്റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹൻ കുന്നുമ്മലിനെ ഐപിഎൽ താരലേലത്തിന്റെ തുടക്കത്തിൽ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹൻ. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ശുഭം ഖജൂരിയക്കായും ആരും രംഗത്തുവന്നില്ല. ഷെയ്ഖ് റഷീദിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ഹിമ്മത് സിംഗിനായും ആളുണ്ടായില്ല.

ഇന്ത്യൻ സ്പിന്നർ മായങ്ക് മർക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനെ രണ്ട് കോടിക്കും സൺറൈസേഴ്സ് സ്വന്തമാക്കി. വെറ്ററൻ പേസർ ഇശാന്ത് ശർമ്മ 50 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിലെത്തി.

ഓസീസ് പേസർ ജേ റിച്ചാർഡ്സണിനായി മുംബൈ ഇന്ത്യൻസ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്ലി 1.90 കോടിക്ക് ആർസിബിയിലും ഫിലിപ് സാൾട്ട് 2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിലുമെത്തി. മുജീബ് ഉർ റഹ്‌മാൻ, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീൽ ഹെസൈൻ, ആദം മിൽനെ ക്രിസ് ജോർദാൻ എന്നിവരെ ആദ്യ ഘട്ടത്തിൽ ടീമിലെത്തിക്കാൻ ആരുമുണ്ടായില്ല.

മിന താലലേലത്തിൽ വിദേശ താരങ്ങളെ പൊന്നുംവിലക്കാണ് ഐപിഎൽ ടീമുകൾ സ്വന്തമാക്കിയത്. ഓൾ റൗണ്ടർ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 13 കോടി 25 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തി. 1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ബ്രൂക്കിനെ രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകളുമായി ശക്തമായ മത്സരം നടത്തിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

23 വയസ്സുകാരനായ യുവതാരം ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു അർധ സെഞ്ചറിയടക്കം 372 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാലു കളികളിൽനിന്ന് മൂന്ന് സെഞ്ചറിയുൾപ്പെടെ സ്വന്തമാക്കിയത് 480 റൺസ്. ബെൻ സ്റ്റോക്‌സ് 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സിലെത്തി. ലക്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള പോരാട്ടത്തിനൊടുവിലാണ് സ്റ്റോക്‌സിനെ ചെന്നൈ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീനെ 15.5 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാൻ 16 കോടിക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സിലെത്തി. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച് ക്ലാസൻ 5.25 കോടിക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിൽ കളിക്കും. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ താരം മയാങ്ക് അഗർവാളിനെ 8.25 കോടി രൂപയ്ക്ക് സൺറൈസേഴ്‌സിലെത്തി. സിംബാബ്‌വെയുടെ സിക്കന്ദർ റാസയെ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഒഡിൻ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റൻസിലെത്തി. അജിൻക്യ രഹാനെയെ 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സിലെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോ എന്നിവരെ ആരും വാങ്ങിയില്ല.