മുംബൈ: അടുത്ത ഐപിഎൽ സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത സൂപ്പർ താരങ്ങളെയടക്കം ഒഴിവാക്കൽ നടപടിയുമായി പ്രമുഖ ടീമുകൾ. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ ചെന്നൈയും ഓപ്പണർ പൃഥ്വി ഷോയെ ഡൽഹിയും ആന്ദ്രെ റസലിനെ കൊൽക്കത്തയും റിലീസ് ചെയ്യും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയും ഒട്ടേറെ സൂപ്പർ താരങ്ങൾ ഇത്തവണ ലേലത്തിന് മുമ്പ് പുറത്താകുമെന്നാണ് സൂചന.

മുംബൈ ജോഫ്ര ആർച്ചറനെ ഒഴിവാക്കാൻ സാധ്യതുണ്ടെന്നാണ് റിപ്പോർട്ട്. ആർച്ചർക്ക് പുറമെ, ക്രിസ് ജോർദാൻ, ഹൃഥ്വിക് ഷീക്കീൻ, ഡുവാൻ ജോൺസൺ, അർഷദ് ഖാൻ, ട്രൈസ്റ്റൻ സ്റ്റബ്‌സ് എന്നിവരെയാണ് മുംബൈ ഒഴിവാക്കുക. മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ജോ റൂട്ട്, ജേസൺ ഹോൾഡർ, നവദീപ് സെയ്‌നി, റിയാൻ പരാഗ്, കെ സി കരിയപ്പ എന്നിവരെ കൈവിടും.

കഴിഞ്ഞ സീസണൊടുവിൽ വിരമിച്ച അമ്പാട്ടി റായുഡു, ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിസൺ അടക്കം ആറ് താരങ്ങളെയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ ഒഴിവാക്കുക. സിസാന്ദ മഗാല, സിമ്രൻജീത് സിങ്, ഷെയ്ക് റഷീദ് എന്നിവരെയാണ് ചെന്നൈ ഒഴിവാക്കുക. ഓസീസ് ഓപ്പണർ ഡേവിഡ് വാർണർക്ക് പുറമെ യുവതാരം പൃഥ്വി ഷാ, മനീഷ് പാണ്ഡെ, ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്‌മാൻ, ദക്ഷിണാഫ്രിക്കയുടെ ലുംഗി എൻഗിഡി, റിപൽ പട്ടേൽ എന്നിവരെ ഡൽഹിയും ഒഴിവാക്കും.

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഗുജറാത്ത്, ശ്രീലങ്കൻ നായകൻ ദസുൻ ഷനക, വിൻഡീസ് താരം ഒഡീൻ സ്മിത്ത് , യാഷ് ദയാൽ കെയ്ൻ വില്യംസൺ തുടങ്ങിയവരെ ലേലത്തിന് വിടുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രേ റസൽ,എൻ ജദീശൻ, ഡേവിഡ് വീസ്, മൻദീപ് സിങ്, ലോക്കി ഫെർഗൂസൻ, ഷാക്കിബ് അൽ ഹസൻ, അടക്കം ആറ് പേരെയും ലഖ്‌നൗ ജയദേവ് ഉനദ്ഘട്്ട, ആവേശ് ഖാൻ, ദീപക് ഹൂഡ, ക്വിന്റൺ ഡി കോക്ക്, ഡാനിയേൽ സാംസ് എന്നിവരെയും ഒഴിവാക്കും.

അനുജ് റാവത്ത്, ഹർഷൽ പട്ടേൽ, ദിനേസ് കാർത്തിക്, ഷഹബാസ് അഹമ്മദ്, ഫിൻ അലൻ എന്നിവരെയാണ് ആർസിബി ഒഴിവാക്കുക. മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, ഉംറാൻ മാലിക്, കാർത്തിക് ത്യാഗി, വാഷിങ്ടൺ സുന്ദർ എന്നിവരെ സൺറൈസേഴ്‌സ് ഒഴിവാക്കും. പഞ്ചാബ് റിഷി ധവാൻ, ഭാനുക രാജപക്‌സെ, മാത്യൂ ഷോർട്ട് എന്നിവരെ ഒഴിവാക്കും. ഡിസംബർ 19ന് ദുബായിലാണ് ഇത്തവണ ഐപിഎൽ താരലേലം നടക്കുക. ഈ മാസം 24ന് മുമ്പാണ് നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.