- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയ്ക്ക് ടിക്കറ്റെടുത്തില്ല! ഹാർദിക് പാണ്ഡ്യയെ നിലനിർത്തി ഗുജറാത്ത്; ബെൻ സ്റ്റോക്സിനെ ഒഴിവാക്കി ചെന്നൈ; മലയാളി താരങ്ങളെ കൈവിട്ട് രാജസ്ഥാൻ; നായകൻ സഞ്ജു തന്നെ; ഹെസൽവുഡും ആർച്ചറുമടക്കം ടീമിന് പുറത്ത്
അഹമ്മദാബാദ്: ഐപിഎൽ പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. ഡിസംബർ 19-നാണ് ഇത്തവണത്തെ ഐപിഎൽ താരലേലം. ഇതിന് ഒരാഴ്ച മുമ്പുവരെ കളിക്കാരുടെ കൈമാറ്റം സാധ്യമാണ്. അതായത് മുംബൈ ഇന്ത്യൻസിന് ഹാർദിക്കിനെ സ്വന്തമാക്കാൻ ഡിസംബർ 12 വരെ സമയമുണ്ട്.
ഐ പി എൽ താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസികൾ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഇക്കുറി ഐ പി എല്ലിനുണ്ടാകില്ല. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനോട് ചെന്നൈ സൂപ്പർ കിങ്സ് സലാം പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതടക്കമുള്ള ബെൻ സ്റ്റോക്സിന്റെ ആവശ്യങ്ങൾ ചെന്നൈ മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. താരം ഇക്കുറി ഒരു ടീമിനായും കളത്തിലുണ്ടാക്കില്ലെന്ന് സാരം.
എം.എസ്. ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കും. ഋതുരാജ് ഗെയ്ക്വാദ്, ഡെവോൺ കോൺവെ, മൊയീൻ അലി, മിച്ചൽ സാന്റ്നർ തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം ചെന്നൈ നിലനിർത്തിയിട്ടുണ്ട്. 32.1 കോടി രൂപയാണ് ചെന്നൈയുടെ കയ്യിൽ ഇനി ബാക്കിയുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത താരങ്ങൾ ബെൻ സ്റ്റോക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഭഗത് വർമ, സുബ്രാൻഷു സേനാപതി, അംബാട്ടി റായുഡു, ആകാശ് സിങ്, കൈൽ ജാമീസൻ, സിസാൻഡ മഗാല.
മലയാളി താരം സഞ്ജു സാംസൺ തന്നെ അടുത്ത സീസണിലും രാജസ്ഥാൻ റോയൽസിനെ നയിക്കും. രണ്ട് മലയാളി താരങ്ങളെയടക്കം രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാന് വേണ്ടി പാഡ് കെട്ടില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി. എന്നാൽ നായകനായി സഞ്ജു വി സാസണെ നിലനിർത്തിയിട്ടുണ്ട്. മലയാളി താരം ദേവ്ദത്ത് പടിക്കൽ നേരത്തേ രാജസ്ഥാൻ വിട്ട് ലക്നൗ സൂപ്പർ ജയന്റ്സിൽ ചേർന്നിരുന്നു. ആർ. അശ്വിൻ, യുസ്വേന്ദ്ര ചെഹൽ, ജോസ് ബട്ലർ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.
അതേസമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ജോഷ് ഹേസൽവുഡിനും ടീമിൽ സ്ഥാനമില്ല. ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, വെയ്ൻ പാർനെൽ തുടങ്ങിയവർക്കും ടീമിൽ സ്ഥാനമില്ല.
മുംബൈ ഇന്ത്യൻസിൽ നിന്നും ജൊഫ്ര ആർച്ചർ, അർഷദ് ഖാൻ, രമൺദീപ് സിങ്, ജെ റിച്ചാർഡ്സൺ, ക്രിസ് ജോർദ്ദൻ എന്നീ താരങ്ങളെയടക്കം ഒഴിവാക്കി.മലയാളി പേസർ സന്ദീപ് വാര്യരെ ടീം കൈവിട്ടപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിന് ടീമിൽ അവസരം നൽകി.
എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയത്. അൽസാരി ജോസഫ്, ഒഡെയ്ൻ സ്മിത്ത്, ദസുൻ ഷനക എന്നിവരാണ് അതിൽ പ്രമുഖർ. യഷ് ദയാൽ, കെ എസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്വാൻ എന്നിവരും ടീമിലില്ല. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ എന്നിവരേയും ടീമിൽ നിലനിർത്തി.
ദിവസങ്ങൾക്കു മുമ്പാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. മുൻ ടീം മുംബൈ ഇന്ത്യൻസിലേക്കു തന്നെ മടങ്ങിപ്പോകാനാണ് ഹാർദിക്കിന്റെ നീക്കമെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ട് ചെയ്തത്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്തുമായി മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ചർച്ച നടത്തിയെന്നും താരത്തിനായി 15 കോടി രൂപ മുംബൈ ഓഫർ ചെയ്തെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2022-ൽ ടൈറ്റൻസിനെ ഐപിഎല്ലിലെ അവരുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ച ഹാർദിക്, രാജസ്ഥാൻ റോയൽസിനെതിരായ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ആയിരുന്നു. 2023-ൽ ടൈറ്റൻസിനെ തുടർച്ചയായി രണ്ടാം തവണയും ഹാർദിക് ഫൈനലിലെത്തിച്ചു. പക്ഷേ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽക്കുകയായിരുന്നു. 2015-ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച ഹാർദിക് ആറ് സീസണുകളിൽ മുംബൈക്കായി കളത്തിലിറങ്ങി. നാല് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
അതേസമയം ഹാർദിക്കിനെ ടീമിലെത്തിക്കാനുള്ള അത്രയും പണം നിലവിൽ മുംബൈ ഇന്ത്യൻസിന്റെ പക്കലില്ല. കഴിഞ്ഞ താരലേലത്തിനു ശേഷം മുംബൈ ഇന്ത്യൻസിന് അവശേഷിക്കുന്നത് 50 ലക്ഷം രൂപ മാത്രമാണ്. പുതിയ സീസണിൽ അഞ്ചുകോടി രൂപ കൂടി അധികമായി ചെലവഴിക്കാനുള്ള അനുമതി ഫ്രാഞ്ചൈസികൾക്ക് ഐപിഎൽ സംഘാടകർ നൽകും. എങ്കിലും ഹാർദിക്കിനെ വാങ്ങണമെങ്കിൽ മുംബൈയ്ക്ക് നിലവിലെ ടീമിൽ നിന്ന് പ്രധാനതാരങ്ങളെ റിലീസ് ചെയ്യേണ്ടിവരും.
സ്പോർട്സ് ഡെസ്ക്