- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് ഓസിസ് താരങ്ങൾക്ക്; ലോകകപ്പിൽ തിളങ്ങിയ രചിൻ രവീന്ദ്രക്ക് 50 ലക്ഷം; കോടികൾ വിലയിട്ട് കേദാറും ഉമേഷും; ഐപിഎൽ ലേലത്തിനായി ആകെ 1166 താരങ്ങൾ
മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി ഡിസംബർ 19ന് ദുബായിൽ നടക്കാനിരിക്കുന്ന താരലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1166 താരങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയൻ ടീമിലെ താരങ്ങൾക്കാണ്. ലോകകപ്പ് ഫൈനലിൽ സെഞ്ചുറിയുമായി ഇന്ത്യയെ തകർത്ത ട്രാവിസ് ഹെഡിന് രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഹെഡിനായി കടുത്ത മത്സരം തന്നെ ലേലത്തിൽ പ്രതീക്ഷാക്കാമെന്നാണ് റിപ്പോർട്ട്.
ലേലത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30-ന് അവസാനിച്ചിരുന്നു. പിന്നാലെ രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ആകെ 1166 താരങ്ങളാണ് ദുബായിൽ നടക്കാനിരിക്കുന്ന മിനി താരലേലത്തിൽ രജിസ്റ്റർ ചെയ്ത് ടീമുകളുടെ വിളി കാത്തിരിക്കുന്നത്. ഇതിൽ 830 ഇന്ത്യക്കാരും 336 വിദേശതാരങ്ങളുമാണ്. പേര് നൽകിയതിൽ 212 പേർ അന്താരാഷ്ട്രമത്സരം കളിച്ചവരാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 45 താരങ്ങളും 909 അൺക്യാപ്ഡ് താരങ്ങളുമുണ്ട്. എന്നാൽ 10 ഫ്രാഞ്ചൈസികൾക്കും കൂടി വാങ്ങാൻ സാധിക്കുക 77 താരങ്ങളെയാണ്. ഇതിൽ 30 പേർ വിദേശികളും. ഫ്രാഞ്ചൈസികൾക്കെല്ലാം കൂടി ചെലവാക്കാൻ സാധിക്കുന്ന തുക 262.95 കോടി രൂപയാണ്.
ട്രാവിസ് ഹെഡിന് പുറമെ രണ്ട് കോടി അടിസ്ഥാന വിലയുള്ള വേറെയും ഓസീസ് താരങ്ങളുണ്ട്. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ്, മുൻ നായകൻ സ്റ്റീവ് സ്മിത്ത്, പേസർ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഷോൺ ആബട്ട് എന്നിവർക്കും രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. അതേസമയം ലോകകപ്പിൽ തിളങ്ങിയ ന്യൂസിലൻഡ് യുവതാരം രചിൻ രവീന്ദ്രക്ക് 50 ലക്ഷം രൂപ മാത്രമെ അടിസ്ഥാന വിലയുള്ളു.
ലോകകപ്പിലും പിന്നാലെ ഇന്ത്യയ്ക്കെതിരേ നടക്കുന്ന ട്വന്റി 20 പരമ്പരയിലെയും തകർപ്പൻ ഫോം ഹെഡിന്റെ മൂല്യം കുത്തനെ ഉയർത്തും. ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 54.83 ശരാശരിയിൽ 329 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരേ നേടിയതടക്കം (137) രണ്ട് സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. രണ്ട് കോടി അടിസ്ഥാന വിലയുള്ള ഹെഡിനായുള്ള ലേലം 10 കോടിക്ക് മേൽ ഉയർന്നുപോകുമെന്നുറപ്പാണ്.
ഇക്കഴിഞ്ഞ ലോകകപ്പിൽ 10 കളികളിൽ നിന്ന് 64.22 ശരാശരിയിൽ 578 റൺസടിച്ചുകൂട്ടി ബാറ്റിങ് റെക്കോഡുകൾ പലതും തിരുത്തിയെഴുതിയ രചിൻ രവീന്ദ്രയുടെ അടിസ്ഥാന വില 50 ലക്ഷം മാത്രമാണ്. മൂന്ന് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളുമാണ് രചിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇന്ത്യൻ വിക്കറ്റുകളിലെ മികച്ച ബാറ്റിങ്ങാണ് ഇരുവരുടെയും കരുത്ത്.
ഒരിടവേളക്കുശേഷമാണ് മിച്ചൽ സ്റ്റാർക്ക് ഐപിഎൽ ലേലത്തിനെത്തുന്നത്. കൊൽക്കത്ത താരമായിരുന്ന പാറ്റ് കമിൻസ് കഴിഞ്ഞ ഐപിഎല്ലിൽ കളിച്ചിരുന്നില്ല. സ്റ്റീവ് സ്മിത്താകട്ടെ കഴിഞ്ഞ ഐപിഎൽ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്‌തെങ്കിലും ടീമുകളാരും സ്മിത്തിൽ താൽപര്യം കാട്ടിയില്ല. ലേലത്തിനുശേഷം ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ സ്മിത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്‌മാൻ, ഇംഗ്ലണ്ട് താരങ്ങളായ ടോം ബാന്റൺ, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ടൈമൽ മിൽസ്, ഫിൽ സാൾട്ട് , കിവീസ് താരം കോറി ആൻഡേഴ്‌സൺ, കോളിൻ മൺറോ, ജിമ്മി നീഷാം, ടിം സൗത്തി, കോളിൻ ഇൻഗ്രാം, ലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്ക, വിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ, ഷെർഫൈൻ റൂഥർഫോർഡ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാനവിലയുമായി ലേലത്തിനെത്തുന്ന വിദേശ താരങ്ങൾ.
ഇന്ത്യൻ ടീമിൽ നിലവിൽ ഇടമില്ലാത്ത പേസർ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് സമീപകാലത്ത് ഉമേഷിനെ പരിഗണിച്ചത്. 2022ലെ ഐപിഎൽ ലേലത്തിൽ രണ്ട് കോടി രൂപക്കാണ് ഉമേഷിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വർഷങ്ങളായി പുറത്ത് നിൽക്കുന്ന കേദാർ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കേദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല.
എന്നാൽ ഐപിഎല്ലിലനെ റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്നു ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആർസിബി മുൻ ഓൾ റൗണ്ടറെ ടീമിലെടുത്തിരുന്നു. ഒരു കോടി രൂപക്കായിരുന്നു ആർസിബിക്കുവേണ്ടി മുമ്പ് 17 മത്സരങ്ങൾ കളിച്ചിട്ടുള്ള കേദാറിനെ ടീമിലെടുത്തത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 39കാരനായ കേദാർ ഇത്തവണ വീണ്ടും ആർസിബി കുപ്പായം അണിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരു ഒഴിവാക്കിയ മീഡിയം പേസർ ഹർഷൽ പട്ടേലാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം. 10.75 കോടി രൂപക്കായിരുന്നു ഹർഷൽ പട്ടേലിനെ 2022ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തിയത്.
രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം പേസർ ഷാർദ്ദുൽ താക്കൂറാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ താക്കൂറിനെ ഈ സീസണിൽ ടീം ഒഴിവാക്കിയിരുന്നു.10.75 കോടിക്കാണ് ഷാർദ്ദുലിനെ കഴിഞ്ഞ സീസണിൽ കൊൽക്കത്ത സ്വന്തമാക്കിയത്. ഓൾ റൗണ്ടറെന്ന നിലയിൽ ടീമിലെത്തിയ ഷാർദ്ദുൽ ഒരു അതിവേഗ ഫിഫ്റ്റി മാത്രമാണ് സീസണിൽ നേടിയത്.
സ്പോർട്സ് ഡെസ്ക്