ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ചൊവ്വാഴ്ച നടക്കും. ദുബായിലെ കൊക്ക-കോള അരീനയിൽ വച്ചാണ് ഐപിഎൽ 2024 താരലേലം സംഘടിപ്പിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ലേലം നടപടികൾ ആരംഭിക്കും. 333 താരങ്ങളാണ് ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് പ്രതീക്ഷ അർപ്പിച്ചുകൊണ്ട് താരലേല പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ 214 പേർ ഇന്ത്യൻ താരങ്ങളും ബാക്കി 119 പേർ വിദേശികളുമാണ്.

അതേസമയം ടീമുകളുടെ പരമാവധി അവശേഷിക്കുന്ന സ്ലോട്ടുകൾ 77 എണ്ണം മാത്രമാണ്. ഇതിൽ 30 എണ്ണം വിദേശ താരങ്ങൾക്കുള്ള സ്ലോട്ടുകളുമാണ്. ഒരു ടീമിന് പരമാവധി 25 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ. രണ്ട് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് ഏറ്റവും കൂടുതൽ താരങ്ങൾക്കായിട്ടുള്ള സ്ലോട്ടുകൾ ഒഴിഞ്ഞ് കിടക്കുന്നത്. 12 സ്ലോട്ടുകളാണ് കെകെആറിന് അവശേഷിക്കുന്നത്.

കൈയിൽ ബാക്കിയുള്ള പണത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസാണ് മുൻപന്തിയിലുള്ളത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന് നൽകിയതോടെ ഗുജറാത്തിന്റെ പഴ്‌സിൽ ബാക്കിയുള്ളത് 38.15 കോടി രൂപയാണ്. ലഖ്‌നൗ സൂപ്പർ ജെയ്ന്റ്‌സിന്റ് പോക്കറ്റിലാണ് ഏറ്റവു കുറഞ്ഞ തുകയുള്ളത്. 13.15 കോടി രൂപ കീശയിൽ വെച്ചുകൊണ്ടാണ് എൽഎസ്ജി ദുബായിലേക്കെത്തുന്നത്.

രണ്ട് കോടി രൂപയാണ് താരങ്ങളുടെ അടിസ്ഥാന വിലയിലെ ഏറ്റവും ഉയർന്ന തുക. ലോകകപ്പ് ജയത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് കിവീസ് പുതുമുഖ താരം രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോറ്റ്‌സി തുടങ്ങിയ താരങ്ങൾക്ക് വലിയ മൂല്യം ലഭിച്ചേക്കും. കഴിഞ്ഞ സീസണിലെ താരലേലത്തിൽ വൻ തുകയിൽ വിറ്റു പോയ സാം കറനെ (18.5 കോടി) പഞ്ചബ് കിങ്‌സ് നിലനിർത്തി. അതേസമയം മുംബൈ 17.5 കോടിക്ക് സ്വന്തമാക്കിയ കാമറൂൺ ഗ്രീനെ താരകൈമാറ്റത്തിലൂടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിവിന് കൈമാറി.

കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത താരങ്ങളിൽ പലരും ലേലത്തിൽ കോടിപതികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്-ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ-പാക്കിസ്ഥാൻ പരമ്പരകളിലെ പ്രകടനങ്ങൾക്ക് പുറമെ ഓസ്‌ട്രേലിയൻ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെയും അബുദാബി ടി20 ലീഗിലെയും പ്രകടനങ്ങളും ലേലത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.

താലലേലത്തിൽ ഏറ്റവും വലിയ സമ്പന്നൻ ആരാകും?

മിച്ചൽ സ്റ്റാർക്ക്: ലേലത്തിൽ ബംപർ ലോട്ടറിയടിക്കാൻ സാധ്യതയുള്ള താരങ്ങളിലൊരാൾ ഇടവേളക്കുശേഷം ഐപിഎൽ ലേലത്തിനെത്തുന്ന ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയില്ലെങ്കിലും സെമിയിലും ഫൈനലിലും തിളങ്ങിയ സ്റ്റാർക്ക് പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും മികവ് കാട്ടിയിരുന്നു. സ്റ്റാർക്കിനായി ടീമുകൾ 15 കോടി വരെ മുടക്കാൻ തയാറാകുമെന്നാണ് കരുതുന്നത്.

രചിൻ രവീന്ദ്ര: ലോകകപ്പിന്റെ കണ്ടെത്തലായ രചിൻ രവീന്ദ്രയാണ് ഐപിഎൽ ലേലത്തിൽ മിന്നിത്തിളങ്ങാനിടയുള്ള മറ്റൊരു താരം. ലോകകപ്പിൽ റൺവേട്ട നടത്തിയ രചിൻ അതിവേഗം റൺ സ്‌കോർ ചെയ്യാനും സ്പിന്നറെന്ന നിലിയിലും മിടുക്കനാണ്. രചിനെ ടീമിലെത്തിച്ചാൽ ബാറ്ററുടെയും ബൗളറുടെയും ഗുണം ലഭിക്കുമെന്നതിനാൽ രചിനായി ടീമുകൾ വാശിയോടെ രംഗത്തെത്തിയാൽ 10 കോടിക്ക് മുകളിൽ ലേലത്തുക ഉയരാനിടയുണ്ട്.

ഹർഷൽ പട്ടേൽ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലേലത്തിന് മുമ്പ് ഒഴിവാക്കിയ പേസർ ഹർഷൽ പട്ടേലാണ് ലേലത്തിൽ കോടിപതിയാവാൻ ഇടയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള ഹർഷൽ കഴിഞ്ഞ രണ്ട് സീസണുകളിലും തിളങ്ങിയില്ലെങ്കിലും ഇന്ത്യൻ ഓൾ റൗണ്ടർക്കായി ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നത്.

വാനിന്ദു ഹസരങ്ക: ശ്രീലങ്കൻ സ്പിന്നറായ വാനിന്ദു ഹസരങ്കയാണ് ലേലത്തിൽ ബംപറടിക്കാനിടയുള്ള മറ്റൊരു താരം. ഒന്നര കോടി അടിസ്ഥാനവിലയുള്ള ഹസരങ്കയെ ടീമിലെത്തിച്ചാൽ സീസണിൽ മുഴുവൻ ലഭ്യമാകുമെന്നതിനാൽ താരത്തിനായി കോടികൾ ഒഴുക്കാൻ ടീമുകൾ തയാറായേക്കും. വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്ററുമാണ് ഹസരങ്ക.

ഷാർദ്ദുൽ താക്കൂർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈയൊഴിഞ്ഞ ഇന്ത്യൻ പേസ് ഓൾ റൗണ്ടർ ഷാർദ്ദുൽ താക്കൂറാണ് ലേലത്തിൽ കോടികളടിക്കാൻ സാധ്യതയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദ്ദുലിനായും ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെയുള്ള ടീമുകൾ ശക്തമായി രംഗത്തിറങ്ങിയേക്കും.

ലേല നടപടികൾ ഇങ്ങനെ
മെഗാ ലേലത്തിനു സമാനമാണ് നടപടിക്രമങ്ങൾ. എന്നാൽ, അതിന്റെ ചെറിയ രൂപം മാത്രമായിരിക്കും മിനി ലേലം. അടുത്ത മെഗാ ലേലം 2025ലാണ് നടക്കുക. മിനി ലേലത്തിനു മുന്നോടിയായി പത്ത് ഐപിഎൽ ടീമുകളും ഒഴിവാക്കിയ കളിക്കാരുടെയും നിലനിർത്തിയ കളിക്കാരുടെയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമേ കൈമാറ്റം ചെയ്തവരുടെയും. മെഗാ ലേലത്തിൽ സംഭവിക്കുന്നതു പോലെ ടീമുകളുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരില്ല എന്നതാണ് മിനി ലേലത്തിന് ഇതുമായുള്ള പ്രധാന വ്യത്യാസം. ഒഴിവുള്ള സ്ലോട്ടുകളിലേക്ക് കളിക്കാരെ കണ്ടെത്താൻ മാത്രമാണ് ടീമുകൾ ഇതിൽ അവസരമുള്ളത്.

മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത് ആകെ 1166 കളിക്കാരാണ്. ഇതിൽ 333 പേരെ ടീമുകളെല്ലാം കൂടി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 214 ഇന്ത്യക്കാരും 119 വിദേശികളും ഉൾപ്പെടുന്നു. 116 പേർ അന്താരാഷ്ട്ര പരിചയമുള്ളവരാണ്, 215 പേർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാത്തവരും. രണ്ടു പേർ ഐസിസി അസോസിയേറ്റ് അംഗ രാജ്യങ്ങളിൽനിന്നുണ്ട്. എന്നാൽ, പത്തു ടീമുകളിലായി ഒഴിവുള്ളത് 77 സ്ഥാനങ്ങൾ മാത്രം. ഇക്കൂട്ടത്തിൽ 30 സ്ഥാനങ്ങൾ വിദേശ താരങ്ങൾക്കായി ഒഴിച്ചിട്ടിരിക്കുന്നു.

നടപടിക്രമങ്ങൾ
333 കളിക്കാരെ 19 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബാറ്റർ, ഓൾറൗണ്ടർ, ഫാസ്റ്റ് ബൗളർ, സ്പിന്നർ, വിക്കറ്റ് കീപ്പർ എന്നിങ്ങനെയുള്ള വിഭജനം കൂടാതെ, അന്താരാഷ്ട്ര പരിചയമുള്ളവരെന്നും അല്ലാത്തവരെന്നും തരംതിരിവുകളുണ്ട്. കളിക്കാർക്ക് സ്വയം നിശ്ചയിക്കാവുന്ന ഏറ്റവും കൂടിയ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. 23 പേർ ഈ വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, ഉമേഷ് യാദവ്, ശാർദൂൽ ഠാക്കൂർ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. പതിമൂന്ന് പേർ ഒന്നരക്കോടി രൂപയുടെ അടിസ്ഥാനവിലയും സ്വയം നിശ്ചയിച്ചിട്ടുണ്ട്.

ലേലത്തിൽ ഇല്ലാത്ത പ്രമുഖർ
ഇംഗ്ലണ്ടിൽ നിന്നുള്ള ബെൻ സ്റ്റോക്ക്‌സ്, ജോ റൂട്ട്, ജോഫ്ര ആർച്ചർ എന്നിവർ അധ്വാനഭാരം കണക്കിലെടുത്ത് അടുത്ത സീസണിലെ ഐപിഎല്ലിനില്ലെന്നു തീരുമാനിച്ചിരുന്നു. അതിനാൽ ലേലത്തിൽ പങ്കെടുക്കുന്നില്ല. ടീമുകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത കളിക്കാരിൽ കേദാർ ജാദവ്, ഷക്കീബ് അൽ ഹസൻ, ലിറ്റൺ ദാസ് എന്നിവർ ഉൾപ്പെടുന്നില്ല.

പുതുമുറക്കാരിലെ പ്രമുഖർ
അന്താരാഷ്ട്ര മത്സരം കളിക്കാതെ തന്നെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകർഷിച്ച ഒരു കൂട്ടം യുവതാരങ്ങളുടെ പേരുകളും ലേലത്തിൽ ഉൾപ്പെടുന്നു. ഇന്ത്യൻ അണ്ടർ-19 ടീമിലെ ഓപ്പണിങ് ബാറ്ററും പേസ് ബൗളറുമായ അർഷൻ കുൽക്കർണിയാണ് ഇവരിൽ പ്രമുഖൻ. ഇതേ ടീമിൽ അംഗവും സർഫറാസ് ഖാന്റെ സഹോദരനുമായ മുഷീർ ഖാനെയും പല ടീമുകളും നോട്ടമിട്ടിട്ടുണ്ട്. മധ്യനിര ബാറ്ററും ഇടങ്കയ്യൻ സ്പിന്നറുമാണ് മുഷീർ. വിദർഭയുടെ ഫിനിഷർ ശുഭം ദുബെ, യുപി ടി20 ലീഗിൽ രണ്ടു സെഞ്ചുറിയടിച്ച സമീർ റിസ്വി, ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര എന്നിവരാണ് ഹോട്ട് ഫേവറിറ്റുകളാകാൻ സാധ്യതയുള്ള മറ്റ് യുവതാരങ്ങൾ.

പ്ലെയർ ട്രേഡ്
ലേലം കഴിഞ്ഞാലും ടീമുകൾക്ക് താരങ്ങളെ പരസ്പരം കൈമാറ്റം ചെയ്യാൻ അവസരമുണ്ടാകും. ഇത്തവണ ലേലത്തിനു മുൻപു തന്നെ ഹാർദിക് പാണ്ഡ്യയും കാമറൂൺ ഗ്രീനും എല്ലാം ഉൾപ്പെട്ട ചില താര കൈമാറ്റങ്ങൾ ത്രില്ലിങ് സ്വഭാവത്തിലുള്ളവയായിരുന്നു. ഇതിന്റെ ആവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

ഫ്രാഞ്ചൈസികളിൽ ലഭ്യമായ സ്ലോട്ടുകൾ
ഗുജറാത്ത് ടൈറ്റൻസ്: രണ്ട് വിദേശ താരങ്ങൾ ഉൾപ്പെടെ എട്ട് സ്ലോട്ടുകൾ
സൺ റൈസേഴ്‌സ് ഹൈദരാബാദ്: മൂന്ന് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ആറ് ഒഴിവുകൾ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: നാല് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ 12 ഒഴിവുകൾ
ചെന്നൈ സൂപ്പർ കിങ്‌സ്: മൂന്ന് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ആറ് ഒഴിവുകൾ
പഞ്ചാബ് കിങ്‌സ്: രണ്ട് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ എട്ട് ഒഴിവുകൾ.
ഡൽഹി ക്യാപിറ്റൽസ്: നാല് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ഒൻപത് ഒഴിവുകൾ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: മൂന്ന് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ആറ് ഒഴിവുകൾ
മുംബൈ ഇന്ത്യൻസ്: നാല് വിദേശ താരങ്ങൾ ഉൾപ്പെടെ എട്ട് ഒഴിവുകൾ
രാജസ്ഥാൻ റോയൽസ്: മൂന്ന് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ എട്ട് ഒഴിവുകൾ
ലക്‌നൗ സൂപ്പർ ജയന്റ്‌സ്: രണ്ട് വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ആറ് ഒഴിവുകൾ.

ടീമുകളുടെയും പേഴ്‌സ് ബാലൻസ് അറിയാം
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: 23.25 കോടി

ചെന്നൈ സൂപ്പർ കിങ്‌സ്: 31.4 കോടി

ഗുജറാത്ത് ടൈറ്റൻസ്: 38.15 കോടി

ലക്‌നൗ സൂപ്പർ ജയന്റ്‌സ്: 13.15 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 32.7 കോടി

രാജസ്ഥാൻ റോയൽസ്: 14.5 കോടി

മുംബൈ ഇന്ത്യൻസ്: 17.75 കോടി

ഡൽഹി ക്യാപിറ്റൽസ്: 28.9 കോടി

പഞ്ചാബ് കിങ്‌സ്: 29.1 കോടി

സൺ റൈസേഴ്‌സ് ഹൈദരാബാദ്: 34 കോടി.

സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിനാണ് ഐപിഎല്ലിന്റ് ടെലിവിഷൻ സംപ്രേഷണവകാശമുള്ളത്. സ്റ്റാർ സ്‌പോർട്‌സിന്റെ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് സെല്കട് 1, സ്റ്റാർ സ്പോർട്സ് സെലക്ട 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് ഫസ്റ്റ് ടിവി എന്നീ ടിവി ചാനലുകളിലൂടെ ഐപിഎൽ താരലേലം സംപ്രേഷണം ചെയ്യുന്നതാണ്. നെറ്റ്‌വർക്ക് 18നാണ് ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. നെറ്റ്‌വർക്ക് 18ന്റെ ജിയോ സിനമ ആപ്പിലൂടെ ഐപിഎൽ 2024 താരലേലം ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്.