- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റ് കമ്മിൻസിനായി രണ്ട് കോടിക്ക് തുടക്കമിട്ട് ചെന്നൈ; പിന്നാലെ മുംബൈ; ഏഴ് കോടി പിന്നിട്ടതോടെ ഹൈദരാബാദും ബാംഗ്ലൂരും തമ്മിൽ; സാം കറന്റെ റെക്കോർഡ് തുക മറികടന്നിട്ടും വിടാതെ ബാംഗ്ലൂർ; 20 കോടി കടന്നതോടെ ലേല ഹാളിൽ കൈയടി; ഒടുവിൽ താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻ
ദുബായ്: ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് സൺറൈസേഴ്സ് ഹൈദരാബാദിൽ ഇടംപിടിക്കുമ്പോൾ ലേല ഹാളിൽ കയ്യടി ഏറ്റുവാങ്ങി ടീം ഉടമ കാവ്യ മാരൻ. പാറ്റ് കമ്മിൻസിനായി തുടക്കത്തിൽ ചെന്നൈ സൂപ്പർ കിങ്സും പിന്നീട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും വീറോടെ ലേലം വിളി തുടർന്നെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കലാനിധി മാരന്റെ മകളായ കാവ്യാ മാരൻ വിട്ടുകൊടുക്കാതെ അവസാനം വരെ വിളി തുടർന്നതോടെയാണ് റെക്കോർഡ് തുകയ്ക്ക് ഓസിസ് നായകനെ ടീമിലെത്തിച്ചത്.
20.50 കോടി രൂപയ്ക്കാണു താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള കമിൻസിനായി തുടക്കത്തിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പിന്നീട് കമിൻസിനായി രംഗത്തെത്തി. സൺറൈസേഴ്സ് ഹൈദരാബാദും ചേർന്നതോടെ ചെന്നൈയും മുംബൈയും പിന്നാക്കം പോയി. എന്നാൽ ബാംഗ്ലൂരും ഹൈദാരാബാദും ലേലത്തുക ഉയർത്തിയതോടെ 15 കോടി കടന്നു മുന്നേറി. ഒടുവിൽ 20.5 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്കു താരം വിറ്റുപോയി. കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലിഷ് താരം സാം കറൻ 18.50 കോടിക്ക് പഞ്ചാബ് കിങ്സിൽ ചേർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു ലേലത്തിൽ ഓസ്ട്രേലിയൻ നായകനായി ആദ്യം രംഗത്തെത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രണ്ട് കോടി അടിസ്ഥാന വിലയുള്ള കമിൻസിനായി രംഗത്തെത്തിയതോടെ ലേലത്തുക കുതിച്ചുയർന്നു. ഒടുവിൽ ലേലം ഏഴ് കോടി കടന്നതോടെ സൺറൈസേഴ്സ് ഹൈദരാബാദും കമിൻസിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പർ കിങ്സ് പിന്മാറി.
പത്തും ഉം പതിനഞ്ചും കോടി കടന്ന് ലേലത്തുക കുതിച്ചിട്ടും ഹൈദരാബാദും ബാംഗ്ലൂരും വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ റെക്കോർഡ് തുകയായ 18.50 കോടിയും കടന്നതോടെ മറ്റ് ടീമുകളുടെ മുഖത്തും അമ്പരപ്പായിരുന്നു. എന്നാൽ കൂസലില്ലാതെ ലേലം വിളിച്ച കാവ്യമാരനും ആർസിബിയും കമിൻസിന്റെ മൂല്യമുയർത്തി. 20 കോടി കടന്നതോടെ ലേല ഹാളിൽ കൈയടി ഉയർന്നു, ലേലം അവസാനിച്ചിട്ടില്ലെന്ന് അവതാരക ഓർമിപ്പിച്ചു.
മറ്റ് ടീം ഉടമകൾ ഇത് എവിടേക്കാണ് പോകുന്നതെന്ന് അന്തം വിട്ടു നിൽക്കെ ആർസിബി കമിൻസിനായി 20.25 കോടി വിളിച്ചു. എന്നാൽ ഒട്ടും സമയം പാഴാക്കാതെ ഹൈദരാബാദിനായി കാവ്യ മാരൻ 20.50 കോടി വിളിച്ചതോടെ ആർസിബി പിന്മാറി.
ഇത്തവണ താരലേലത്തിലുണ്ടായിരുന്ന സുപ്രധാന താരങ്ങളിലൊരാളായ ഓസ്ട്രേലിയൻ ഓപ്പണർ ഡ്രെവിസ് ഹെഡിനെ ടീമിലെത്തിച്ചതിന് പിന്നിലും കാവ്യ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ്. പിന്നാലെ ഓസിസ് നായകനെ ടീമിലെത്തിച്ചതോടെ ടീമിന്റെ കരുത്ത് വർധിപ്പിക്കാൻ കാവ്യക്കായി.
ഐപിഎൽ മിനി താരലേലത്തിൽ ഓസ്ട്രേലിയയുടെ ലോലകകപ്പ് ഹീറോ ട്രാവിസ് ഹെഡിനായി സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. . രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഹെഡിനായി ഇരു ടീമുകളും ശക്തമായി രംഗത്തെത്തിയതോടെ ലേലത്തുക ഉയർന്നു. ഒടുവിൽ 6.80 കോടി രൂപയിലെത്തി. ഇതോടെ പേഴ്സിൽ പണം കുറവുള്ള ചെന്നൈ ഹൈദരാബാദിന്റെ സമ്മർദ്ദത്തിൽ ട്രാവിസ് ഹെഡിനെ സ്വന്തമാക്കാമമെന്ന മോഹം ഉപേക്ഷിച്ചു.
ഐപിഎൽ താരലേലത്തിൽ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കാൻ സൺറൈസേഴ്സ് ഹൈദരാബാദിനായി. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്.
കടുത്ത ക്രിക്കറ്റ് ആരാധികയാണ് കാവ്യ മാരൻ. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന കാവ്യ മാരൻ സൺറൈസേഴ്സിന്റെ മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ധനികയായ ബിസിനസുകാരിയായാണ് കാവ്യയുടെ അമ്മ കാവേരി മാരൻ അറിയപ്പെടുന്നത്. ഏഷ്യയിലെ തന്നെ പ്രശസ്തമായ മാധ്യമശൃംഖലയായ സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥരാണ് മാരൻ കുടുംബം.
കാവ്യയുടെ മുത്തച്ഛൻ മുരശൊലി മാരൻ കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്നു. കാവ്യയുടെ പിതാവ് കലാനിധി മാരൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാ നിധിയുടെ മരുമകനും ഇന്ത്യയുടെ ടെക്സ്റ്റൈൽ മന്ത്രിയായിരുന്ന ദയാ നിധി മാരന്റെ സഹോദരനുമാണ്.
കഴിഞ്ഞ സീസണിലെ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കമിൻസിനെ 15.50 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. കാമറോൺ ഗ്രീൻ(17.50 കോടി), ബെൻ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാൻ(16 കോടി), യുവരാജ് സിങ്(16 കോടി) എന്നിവരാണ് ഐപിഎല്ലിൽ 16 കോടി പിന്നിട്ട കളിക്കാർ.
സ്പോർട്സ് ഡെസ്ക്