- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർഷൽ പട്ടേലിനും ശിവം മാവിക്കും ഉമേഷ് യാദവിനും ലോട്ടറി; ഹസരങ്കയും രചിൻ രവീന്ദ്രയും നിറം മങ്ങി; കുതിച്ചു കയറി ഡാരിൽ മിച്ചലും റൊവ്മാൻ പവലും; വാങ്ങാൻ ആളില്ലാതെ സ്റ്റീവ് സ്മിത്തും റൂസോയും; ഐപിഎൽ താരലേലം തുടരുന്നു
ദുബായ്: ഐപിഎൽ താരലേലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസും ഏറ്റവും മൂല്യമേറിയ താരങ്ങളായി മാറിയതിന് പിന്നാലെ കോടികൾ വാരി ഇന്ത്യൻ പേസർമാരും ഹർഷൽ പട്ടേൽ ഉമേഷ് യാദവ്, ശിവം മാവി എന്നീ താരങ്ങളാണ് കോടിപതികളായി മാറിയത്. കഴിഞ്ഞ തവണ 10.75 കോടി രൂപക്ക് ആർസിബിയിലെത്തിയ ഹർഷലിനെ ഇത്തവണ ഒരു പടി കൂടി കടന്ന് 11.75 കോടി രൂപക്ക് പഞ്ചാബ് കിങ്‌സാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയതിനെത്തുടർന്നാണ് ഹർഷലിനെ ആർസിബി ഒഴിവാക്കിയത്.
മുൻ താരം ഷാർദ്ദുൽ താക്കൂറിനെയും ചെന്നൈ ലേലത്തിൽ തിരിച്ചു പിടിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടാിരുന്ന ഷാർദ്ദുലിനെ നാലു കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും ടീമിലെത്തിച്ചത്. ഇന്ത്യയുടെ വെറ്ററൻ പേസർ ഉമേഷ് യാദവിനെ 5.8 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. യുവ പേസർ ശിവം മാവിയെ 6.4 കോടിരൂപയ്ക്കാണ് ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയത്. പേസർ ചേതൻ സാക്കറിയ അമ്പത് ലക്ഷത്തിന് കൊൽക്കത്തയിലെത്തി.
ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ സെഞ്ചുറി അടിച്ച കിവീസ് ബാറ്റർ ഡാരിൽ മിച്ചലിനെ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ചു. ന്യൂസിലൻഡ് ഓപ്പണറായ ഡെവോൺ കോൺവെയും മിച്ചൽ സാന്റ്‌നറും നേരത്തെ ടീമിലുള്ള ചെന്നൈ മറ്റൊരു ന്യൂസിലൻഡ് താരമായ രചിൻ രവീന്ദ്രയെയും ഇന്ന് ലേലത്തിൽ ടീമിലെത്തിച്ചിരുന്നു.
ന്യൂസിലൻഡിന്റെ ലോകകപ്പ് ഹീറോ രചിൻ രവീന്ദ്രക്കായി വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രചിനായി ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യപിറ്റൽസുമാണ് ആദ്യ റൗണ്ടിൽ രംഗത്തെത്തിയത്. എന്നാൽ ലേലം ഒന്നര കോടി കടന്നതോടെ ഡൽഹി പിന്മാറി. പിന്നീട് പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ചേർന്നായി മത്സരം. ഒടുവിൽ 1.80 കോടി രൂപക്ക് ചെന്നൈ രചിനെ ടീമിലെത്തിച്ചു.
ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്.
ലേലത്തിൽ റെക്കോർഡിടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്‌സിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. മുംബൈയും ചെന്നൈയും കോട്‌സിക്കായി ശക്തമായി രംഗത്തെത്തിയെങ്കിലും അഞ്ച് കോടി രൂപക്ക് കോട്‌സിയെ മുംബൈ ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു ലേലത്തിൽ കോട്‌സിയുടെ അടിസ്ഥാനവില.
അഫ്ഗാനിസ്ഥാൻ താരം അസ്മത്തുള്ള ഒമർസായിയെ ഗുജറാത്ത് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസർ ക്രിസ് വോക്‌സിനെ 4.2 കോടി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു.
ഐപിഎൽ താരലേലത്തിൽ വെസ്റ്റ് ഇൻഡീസ് താരം റൊവ്മാൻ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ശക്തമായി ലേലം വിളിച്ചത്. വിൻഡീസ് ടി20 ടീമിന്റെ നായകനായ 30കാരനായ പവൽ 2022ൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു. മറ്റ് ടീമുകളൊന്നും പവലിനായി രംഗത്തുവന്നില്ല.
അതേസമയം ലേലത്തിൽ കോടികൾ മുടക്കി സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോക്കായി ആദ്യ ലേലത്തിൽ ആരും രംഗത്തുവരാതിരുന്നത് അത്ഭുതപ്പെടുത്തി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള റൂസോക്കായി ടീമുകൾ ശക്തമാി രംഗത്തുവരുമെന്നാണ് പ്രതീക്ഷിച്ചത്. തനിക്കു വേണ്ടി ടീമുകൾ കോടികൾ വാരിയെറിയുമെന്ന് റൂസോയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ടീമും റൂസോയിൽ താൽപര്യം പ്രകടിപ്പിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി.
ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനായി ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ശക്തമായി രംഗത്തെത്തി. ഒടുവിൽ 3.60 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ബ്രൂക്കിനെ സ്വന്തമാക്കി. ബ്രൂക്കിനായി കഴിഞ്ഞ സീസൻണിൽ ടീമുകൾ ശക്തമായി രംഗത്തു വന്നെങ്കിലും സീസണിൽ ഒരു സെഞ്ചുറി മാത്രം നേടിയ താരം നിരാശപ്പെടുത്തിയിരുന്നു. വിൻഡീസ് പേസർ അൽസാരി ജോസഫിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 11 കോടി രൂപ ചെലവിട്ടു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരത് അടിസ്ഥാന വിലയായ അമ്പത് ലക്ഷത്തിന് കൊൽക്കത്ത നേടി
വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസിനായും ശക്തമായി രംഗത്തുവന്നു. ചെന്നൈയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിൻസിനെ ടീമിലെത്തിക്കാൻ ശക്തമായി രംഗത്തെത്തിയത്.ഒടുവിൽ ലേലം 7 കോടി കടന്നതോടെ സൺറൈസേഴ്‌സ് ഹൈദരാബാദും കമിൻസിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് പിന്മാറി. ഒടുവിൽ ഐപിഎല്ലിലെ റെക്കോർഡ് തുകയായ 20.50 കോടിക്ക് ഹൈദരാബാദ് ഓസീസ് നായകനെ ടീമിലെത്തിച്ചു.
പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേല ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് മാറി. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ താരലേല വിളിക്കൊടുവിൽ 24.75 കോടി രൂപയ്ക്ക് സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് സ്റ്റാർക്കിനെ കെകെആർ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലിൽ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോർഡാണ് കമിൻസ് ഇന്ന് മറികടന്നത്.
സ്പോർട്സ് ഡെസ്ക്