ദുബായ്: ഇന്ത്യൻ ജഴ്‌സിയണിയാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികവാർന്ന പ്രകടനത്തിലൂടെ ഐപിഎൽ താരലേലത്തിൽ ഒട്ടേറെ യുവതാരങ്ങൾ കോടികൾ കൊയ്തപ്പോൾ നിരാശരായി കേരളാ ടീമിലെ മലയാളി താരങ്ങൾ. ഇത്തവണ എട്ട് മലയാളികളാണ് മിനി താര ലേലത്തിനുണ്ടായിരുന്നത്. രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ഓൾറൗണ്ടർമാരായ അബ്ദുൾ ബാസിത്, വൈശാഖ് ചന്ദ്രൻ, സ്പിന്നർ എസ് മിഥുൻ, പേസർമാരായ കെ എം ആസിഫ്, ബേസിൽ തമ്പി, അകിൻ സത്താർ എന്നിവരാണ് പേര് രജിസ്റ്റർ ചെയ്തിരുന്നത്.

എന്നാൽ ഒരു ഫ്രാഞ്ചൈസിയും മലയാളി താരങ്ങളുടെ കാര്യത്തിൽ താൽപര്യം കാണിച്ചില്ല. കേരളത്തിനായി കളിക്കുന്ന അതിഥി താരം ശ്രേയസ് ഗോപാലിനെ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കിയത് മാത്രമാണ് ഏക നേട്ടം.

അതേസമയം, ഓൾറൗണ്ടർ ജലജ് സക്സേനയും ആരും വിളിച്ചില്ല. ലേലത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള മലയാളികൾ രോഹൻ കുന്നുമ്മലും ബേസിൽ തമ്പിയുമായിരുന്നു. ഐപിഎല്ലിൽ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ടായിരുന്നു.

333 താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളും അന്തിമ പട്ടികയിലുൾപ്പെട്ടു. 10 ഫ്രാഞ്ചൈസികളിലുമായി ആകെ 77 സ്പോട്ടുകളാണ് ഒഴിവുണ്ടായിരുന്നത്. ടീമുകൾ സ്വന്തമാക്കേണ്ട 77 താരങ്ങളിൽ 30 പേർ വിദേശികളായിരുന്നു. ലേലത്തിനുള്ള 116 താരങ്ങൾ ക്യാപ്ഡ് പ്ലെയർസും 215 ആളുകൾ അൺക്യാപ്ഡുമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ മികവിൽ ഇന്ത്യൻ യുവതാരങ്ങളായ സമീർ റിസ്വിയും ശുഭം ദുബെയുമടക്കം കോടികൾ കൊയ്യുകയും ചെയ്തു. റിസ്വിയെ 8.4 കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് ദുബെയെ ടീമിൽ എത്തിച്ചത് 5.8 കോടി രൂപക്കും. ഇരുവർക്കും വാശിയേറിയ ലേലമാണ് ദുബൈയിൽ നടന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ ഫിനിഷർ റോളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് ഇരുവർക്കും കോളടിച്ചത്. റിസ്വി ഉത്തർപ്രദേശിന്റെയും ദുബെ വിദർഭയുടെയും താരങ്ങളാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ ഏഴു ഇന്നിങ്‌സുകളിൽനിന്നായി 221 റൺസാണ് താരം നേടിയത്. 187.28 ആണ് സ്‌ട്രൈക്ക് റേറ്റ്. ബംഗാളിനെതിരെ നേടിയ റെക്കോഡ് റൺസ് ചേസ് വിജയത്തിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. ഇംപാക്ട് പ്ലെയറായാണ് ദുബെ കളിക്കാനെത്തിയത്.

കൂടാതെ യുവതാരം കുമാർ കുശാഗ്രക്കുവേണ്ടി 7. 2 കോടി രൂപയാണ് ഡൽഹി ചെലവിട്ടത്. യാഷ് ദയാലിന് അഞ്ച് കോടി മുടക്കിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഇന്ത്യൻ പേസർ ശുശാന്ത് മിശ്ര 2.2 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ചപ്പോൾ കാർത്തിക് ത്യാഗി 60 ലക്ഷത്തിനായിരുന്നു ടീമിലെത്തിച്ചത്. മറ്റൊരു യുവതാരം സുമിത് കുമാർ ഒരു കോടിക്ക് ഡൽഹിയിലെത്തി. എം സിദ്ധാർഥ് 2.4 കോടിക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സിലെത്തി. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ റോബിൻ മിൻസ് 3.6 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ഇന്ത്യൻ യുവതാരങ്ങളായ സ്വപ്‌നിൽ സിങ് 20 ലക്ഷത്തിന് ആർസിബിയിൽ ഇടംപിടിച്ചപ്പോൾ ആബിദ് മുഷ്താഖ് 20 ലക്ഷത്തിന് രാജസ്ഥാൻ സ്വന്തമാക്കി.

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മാറി. 24.75 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാർക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയിൽ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാർക്കിനായി തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎൽ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാർക്കിനായി.

ഒടുവിൽ സ്റ്റാർക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡൽഹി പിന്മാറി. ഈ സമയത്താണ് കൊൽക്കത്ത സ്റ്റാർക്കിനായി രംഗത്തെത്തിയത്. സ്റ്റാർക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. കൊൽക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാൻ തയാറാവാതിരുന്നതോടെ സ്റ്റാർക്ക് 20 കോടി കടന്നു.

ഒടുവിൽ 24.75 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്മാറി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാർക്ക്. ഇത്തവണ ലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിൻസിനെ വിളിച്ചെടുത്തതിന്റെ റെക്കോർഡാണ് മണിക്കൂറുകൾക്കുള്ളിൽ കൊൽക്കത്ത മറികടന്നത്.

കാമറോൺ ഗ്രീൻ(17.50 കോടി), ബെൻ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാൻ(16 കോടി), യുവരാജ് സിങ് (16 കോടി) എന്നിവരാണ് ഐപിഎൽ ലേലത്തിൽ മുമ്പ് 16 കോടി പിന്നിട്ട കളിക്കാർ.