- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിതാവിന് പാൻ കച്ചവടമാണു ജോലി; ഒരു ക്രിക്കറ്റ് ഗ്ലൗ വാങ്ങാനുള്ള പണം പോലും കയ്യിൽ ഇല്ലായിരുന്നു; മെന്ററായ സുദീപ് ജയ്‌സ്വാളാണ് പുതിയ ബാറ്റും കിറ്റും വാങ്ങിത്തന്നത്'; ഇനി റോയൽസിന്റെ ചിറകിലേറി സ്വപ്നയാത്രയ്ക്ക് ശുഭം ദുബെ
ദുബായ്: ഐപിഎൽ താരലേലത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ കോടികളുടെ മൂല്യവുമായി ഇടംപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദർഭയുടെ യുവതാരം ശുഭം ദുബെ. ദേശീയ ടീമിലോ, ഐപിഎല്ലിലോ ഇതുവരെ കളിച്ചിട്ടില്ലാത്ത യുവതാരത്തെ സ്വന്തമാക്കാനായി രാജസ്ഥാൻ റോയൽസ് മുടക്കിയതാകട്ടെ 5.8 കോടി രൂപയും. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ഡൽഹി ക്യാപിറ്റൽസും രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് ലേലത്തുക കോടികളായി ഉയർന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ വിദർഭക്കുവേണ്ടിയാണ് ശുഭം ദുബെ പാഡണിയുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴു മത്സരങ്ങളിൽനിന്ന് 222 റൺസാണ് ശുഭം 187.28 സ്‌ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത്. മികച്ച ഫിനിഷറാണ് ദുബെ. വൻ തുകയ്ക്ക് ഐപിഎല്ലിലെത്തിയതോടെ ജീവിത സാഹചര്യങ്ങളും മാറുമെന്ന പ്രതീക്ഷയിലാണു ശുഭം.
നാഗ്പൂരിലെ സാധാരണ കുടുംബത്തിൽനിന്നാണ് ശുഭത്തിന്റെ വരവ്. പിതാവ് ബദ്രിപ്രസാദ് ദുബെയ്ക്കു പാൻ കച്ചവടമാണു ജോലി. ഐപിഎല്ലിൽ ഇത്ര വലിയ തുക ലഭിക്കുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നെന്ന് ദുബെ ലേലത്തിനു ശേഷം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
''സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ലേലത്തിൽ ആരെങ്കിലും എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. സത്യം പറഞ്ഞാൽ ഇത്ര വലിയ തുകയൊന്നും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.'' ദുബെ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഒരു ക്രിക്കറ്റ് ഗ്ലൗ വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലായിരുന്നെന്നും, മെന്ററായ സുദീപ് ജയ്‌സ്വാളാണ് ഈ സമയത്ത് വിദർഭ ടീം വരെ എത്താൻ തന്നെ സഹായിച്ചതെന്നും ശുഭം ദുബെ പ്രതികരിച്ചു. ''ആ സമയത്ത് ഞങ്ങൾ സാമ്പത്തികമായി അത്ര നല്ല നിലയിലൊന്നുമായിരുന്നില്ല. സുദീപ് സാറാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്നെ ഇവിടെവരെ എത്തിച്ചത്. എനിക്ക് ഒരു ഗ്ലൗ പോലും വാങ്ങാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹമാണ് എനിക്കു പുതിയ ബാറ്റും കിറ്റും വാങ്ങിത്തന്നത്. അണ്ടർ 19, അണ്ടർ 23 ടീമുകളിലും എന്നെ ഉൾപ്പെടുത്തിയത് സുദീപ് സാറാണ്.'' ശുഭം ദുബെ വ്യക്തമാക്കി.
ശുഭം ദുബെ മാത്രമല്ല, സമീർ റിസ്വി, കുമാർ കുശാഗ്ര എന്നീ യുവതാരങ്ങളും താരലേലത്തിൽ യുവരാജക്കന്മാരായി മാറിയിരുന്നു. ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത സമീർ റിസ്വിയെന്ന 20-കാരന് ചെന്നൈ സൂപ്പർ കിങ്സ് 8.40 കോടി രൂപ മുടക്കിയത്. ഐ.പി.എൽ. ലേലത്തിൽ ചെന്നൈയും ഡൽഹിയും ഗുജറാത്തും യുവതാരത്തിനായി പൊരുതുന്നതുകണ്ട് പലരും അദ്ഭുതപ്പെട്ടു. 20 ലക്ഷം അടിസ്ഥാനവിലയിൽനിന്നാണ് സമീറിന്റെ വില കോടികളിലേക്ക് കുതിച്ചുകയറിയത്.
ഉത്തർപ്രദേശുകാരനായ സമീർ വെടിക്കെട്ട് ബാറ്ററാണ്. പ്രഥമ യു.പി. ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിക്കുടമ. ഒമ്പത് ഇന്നിങ്സിൽ രണ്ടു സെഞ്ചുറിയടക്കം 455 റൺസ് അടിച്ചുകൂട്ടി. അണ്ടർ-23 ലിസ്റ്റ് എ ടൂർണമെന്റിൽ ഉത്തർപ്രദേശിനായി സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും നേടി. 37 സിക്സുകളാണ് ടൂർണമെന്റിൽ നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ യു.പി.ക്കായി 11 മത്സരങ്ങളിൽ 205 റൺസ് നേടി.
20 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത് 7.20 കോടി രൂപയ്ക്കാണ്. ഝാർഖണ്ഡുകാരനെ ഫിനിഷർ റോളിൽ ഉപയോഗിക്കാനാകും. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരേ ആറാമനായി ഇറങ്ങി 37 പന്തിൽ 67 റൺസ് നേടിയിരുന്നു.
സ്പോർട്സ് ഡെസ്ക്