ദുബായ്: ഐ.പി.എൽ മിനി താരലേലത്തിൽ പഞ്ചാബ് കിങ്‌സ് കാണിച്ച അബദ്ധമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ഛത്തീസ്‌ഗഢിന് വേണ്ടി കളിക്കുന്ന ശശാങ്ക് സിങ്ങിനെ അബദ്ധത്തിലാണ് ടീം ലേലത്തിൽ വിളിച്ചെടുത്തത്. പിന്നാലെ തങ്ങൾ ഉദ്ദേശിച്ച താരം ഇതല്ലെന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിച്ചെങ്കിലും ലേലം നിയന്ത്രിച്ചിരുന്ന മല്ലിക സാഗർ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയതോടെ പഞ്ചാബ് അധികൃതർ വഴങ്ങുകയായിരുന്നു.

ശശാങ്ക് സിങ് എന്ന് പേരുള്ള മറ്റൊരു താരത്തെയാണ് പഞ്ചാബ് ടീമിലെത്തിക്കാൻ കരുതിയിരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ ഓൾറൗണ്ടർ ശശാങ്ക് സിങ്ങിനെയായിരുന്നു പഞ്ചാബ് ലക്ഷ്യമിട്ടിരുന്നത്. ഈ താരത്തിന്റെ അടിസ്ഥാന വിലയും 20 ലക്ഷമായിരുന്നു. എന്നാൽ അബദ്ധത്തിൽ താരത്തെ മാറിപോകുകയായിരുന്നു. ലേലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശശാങ്ക് സിങ് എന്ന് കേട്ടതും പഞ്ചാബ് ചാടിയെഴുന്നേറ്റു. 20 ലക്ഷം അടിസ്ഥാന വിലയുള്ള 32കാരനെ അബദ്ധത്തിൽ ടീമിലെത്തിക്കുകയായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദ് വേണ്ടി കളിച്ചിട്ടുള്ള ശശാങ്കിനെ കഴിഞ്ഞ വർഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന താരലേലത്തിൽ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല. ആങ്കർ മല്ലിക സാഗർ, ശശാങ്കിന്റെ പേര് വിളിച്ചപ്പോൾ തന്നെ പഞ്ചാബ് കിങ്സ് താരത്തിന് വേണ്ടി രംഗത്ത് വന്നു.

എന്നാൽ മറ്റു ഫ്രാഞ്ചൈസികളാരും ശ്രമിച്ചതുമില്ല. ഇതോടെ ലേലം ഉറപ്പിച്ചു. അപ്പോഴാണ് ടീം ഉടമകളായ നെസ് വാഡിയക്കും പ്രീതി സിന്റയ്ക്കും അബദ്ധം മനസിലായത്. അവർ ഇക്കാര്യം മല്ലികയെ അറിയിക്കുകയും ചെയ്തു. എന്നാൽ ലേലം ഉറപ്പിച്ച ശേഷം പിൻവാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് മല്ലികയും മറുപടി നൽകി. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവാനാവില്ലെന്നും അറിയിച്ചു.

ഇതോടെ പഞ്ചാബിന് താരത്തെ സ്വന്തമാക്കേണ്ടി വന്നു. പിന്നാലെ ശശാങ്ക് ലൈവിൽ വരുന്ന വീഡിയോയും പങ്കുവച്ചു. പഞ്ചാബിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ കഴിവിൽ വിശ്വസിച്ച പഞ്ചാബ് മാനേജ്മെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ശശാങ്ക് വീഡിയോയിൽ പറയുന്നുണ്ട്. സഹതാരങ്ങളെ കാണാൻ കാത്തിരിക്കുകയാണെന്നും തന്റെ കഴിവിന്റെ പരമാവധി നൽകുമെന്നും ശശാങ്ക് വീഡിയോയിൽ പറയുന്നുണ്ട്.

ശശാങ്കിന്റെ പേര് വിളിച്ചപ്പോൾ തന്നെ പഞ്ചാബ് താരത്തിന് വേണ്ടി രംഗത്തെത്തിയതാണ് അബദ്ധമായത്. മറ്റു ഫ്രാഞ്ചൈസികളൊന്നും താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ ലേലം ഉറപ്പിച്ചു. ഇതിനിടെയാണ് ടീം ഉടമകളായ നെസ് വാഡിയക്കും പ്രീതി സിന്റക്കും അബദ്ധം മനസ്സിലായത്.

ഫ്രാഞ്ചൈസിക്ക് അവരുടെ തന്ത്രങ്ങളിൽ അവ്യക്തതയുള്ളതായി തോന്നുന്നുവെന്ന് സംഭവത്തെ കുറിച്ച് അവതാരകൻ സുഹൈൽ ചന്ദോകും വ്യക്തമാക്കി. പദ്ധതികളിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 11.75 കോടി രൂപയ്ക്ക് ടീമിലെത്തിയ ഹർഷൽ പട്ടേലാണ് ടീമിന്റെ ഏറ്റവും വിലയേറിയ താരം. 55 ടി20കൾ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്‌ട്രൈക്ക് റേറ്റിൽ 724 റൺസും 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.