അഹമ്മദാബാദ്: ഐപിഎൽ 2023 സീസണിലെ കിരീടത്തിൽ മുത്തമിട്ട ചെന്നൈ സൂപ്പർ കിങ്‌സ് പതിനാറ് സീസണിനിടെ അഞ്ചാം കിരീട നേട്ടമാണ് അഹമ്മദബാദിൽ ആഘോഷമാക്കിയത്. ഏറ്റവും കൂടുതൽ കിരീടമെന്ന മുംബൈ ഇന്ത്യൻസിന്റെ നേട്ടത്തിനൊപ്പമെത്താനും ധോണിപ്പടയ്ക്ക് സാധിച്ചു. ഐപിഎൽ പതിനാറാം സീസണിന് വിരാമമാകമ്പോൾ സാമ്പത്തികമായി ഏറ്റവും നേട്ടമുണ്ടാക്കിയത് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസിന്റെ സൂപ്പർ താരം ശുഭ്മാൻ ഗില്ലുമാണ്.

ഐ.പി.എൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന് സമ്മാനത്തുകയായി 20 കോടി രൂപയാണ് ലഭിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ഫൈനലിൽ ഗുജറാത്തിനെ തകർത്താണ് ചെന്നൈ കിരീടം നേടിയത്. റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു. സീസൺ അവസാനിച്ചതോടെ മറ്റ് അവാർഡുകളും ഐ.പി.എൽ അധികൃതർ പ്രഖ്യാപിച്ചു.

ഏറ്റവുമധികം റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ശുഭ്മാൻ ഗിൽ സ്വന്തമാക്കി. 890 റൺസാണ് താരം ഈ സീസണിൽ അടിച്ചെടുത്തത്. താരത്തിന് 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. ഇതിന് പുറമേ മൂന്ന് അവാർഡുകളും ഗിൽ സ്വന്തമാക്കി. ഗെയിം ചെയ്ഞ്ചർ ഓഫ് ദ സീസൺ, മോസ്റ്റ് വാല്വബിൾ അസറ്റ് ഓഫ് ദ സീസൺ, മോസ്റ്റ് ബൗണ്ടറീസ് ഇൻ ദ സീസൺ എന്നീ പുരസ്‌കാരങ്ങളും ഗിൽ സ്വന്തമാക്കി. ഓരോ പുരസ്‌കാരത്തിനും താരത്തിന് 10 ലക്ഷം രൂപ വീതം ലഭിച്ചു. ഇതോടെ ആകെ 40 ലക്ഷം രൂപയുമായാണ് ഗിൽ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നിന്നും മടങ്ങുന്നത്.



ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പർപ്പിൾ ക്യാപ്പ് ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് ഷമി സ്വന്തമാക്കി. 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. ഷമിക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ തിരഞ്ഞെടുക്കപ്പെട്ടു. പത്ത് ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.



സ്ട്രൈക്കർ ഓഫ് ദ സീസണായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്സ്വെൽ തെരഞ്ഞെടുക്കപ്പെട്ടു. ലോങ്ങസ്റ്റ് സിക്സ് ഓഫ് ദ സീസൺ ആർസിബി നായകൻ ഫാഫ് ഡു പ്ലെസ്സിസ് സ്വന്തമാക്കി. ക്യാച്ച് ഓഫ് ദ സീസൺ ഗുജറാത്ത് ടൈറ്റൻസ് താരം റാഷിദ് ഖാൻ നേടി. പോയിന്റ് പട്ടികയിൽ പിൻനിരയിൽ ആയെങ്കിലും ഫെയർ പ്ലേ അവാർഡ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
പിച്ച് ആൻഡ് ഗ്രൗണ്ട് അവാർഡ് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെയും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെയും ഗ്രൗണ്ട് സ്റ്റാഫുകൾക്കാണ്. അമ്പത് ലക്ഷം വീതമാണ് സമ്മാനമായി ലഭിക്കുക.