ചെന്നൈ: ഐപിഎൽ പതിനാറാം സീസണിന്റെ ആദ്യ ഫൈനലിസ്റ്റുകളായി എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്. അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ ചെപ്പോക്കിലെ സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കിയാണ് ഫൈനൽ പ്രവേശനം രാജകീയമാക്കിയത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന് 20 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. വാലറ്റത്ത് റാഷിദ് ഖാൻ തകർത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റൺസ് വിജയലക്ഷ്യം ടൈറ്റൻസിന് നേടാനാവുന്നതായിരുന്നില്ല.

യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ, ടോസ് ഉൾപ്പെടെ അനുകൂലമായിട്ടും ആദ്യം ചെന്നൈയെ ബാറ്റിംഗിന് അയയ്ക്കാനുള്ള തീരുമാനം ഗുജറാത്തിന് പിഴയ്ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ഗുജറാത്തിന്റെ മറുപടി നിശ്ചിത 20 ഓവറിൽ 157 റൺസിൽ അവസാനിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഗുജറാത്തിനെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടും ചെപ്പോക്കിൽ ധോണിയും സംഘവും മറികടന്നു.

മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ തുടക്കം പ്രതീക്ഷാനിർഭരമായിരുന്നില്ല. മൂന്ന് ഓവറിൽ ടീം സ്‌കോർ 22ലെത്തിയപ്പോൾ വൃദ്ധിമാൻ സാഹയെ(11 പന്തിൽ 12) ദീപക് ചാഹർ പുറത്താക്കി. പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യയും(7 പന്തിൽ 8) അതിവേഗം മടങ്ങിയതോടെ ടൈറ്റൻസ് 5.5 ഓവറിൽ 41-2 എന്ന നിലയിലായി. ഇതിന് ശേഷം ടൈറ്റൻസിന് ഇരട്ട പ്രഹരം ജഡേജ നൽകുന്നതാണ് കണ്ടത്. ശുഭ്മാൻ ഗിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും റണ്ണുയർത്താനുള്ള ശ്രമത്തിനിടെ ദാസുൻ ശനക 16 പന്തിൽ 17 റൺസുമായി വീണു. വെടിക്കെട്ട് വീരൻ ഡേവിഡ് മില്ലറും(6 പന്തിൽ 4) വന്നപോലെ മടങ്ങി.

ടീമിനെ ഒറ്റയാനായി ജയിപ്പിക്കുമെന്ന് കരുതിയ ഗില്ലിനെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ദീപക് ചാഹർ മടക്കിയത് ടൈറ്റൻസിന് കനത്ത തിരിച്ചടിയായി. 38 ബോളിൽ 4 ഫോറും 1 സിക്‌സും സഹിതം 42 റൺസാണ് ഗിൽ നേടിയത്. ഇതോടെ 88-5 എന്ന നിലയിൽ ടൈറ്റൻസ് പ്രതിരോധത്തിലായി. 100 റണസ് കടക്കാൻ 15-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ രാഹുൽ തെവാട്ടിയയുടെ(5 പന്തിൽ 3) കൂടി വിക്കറ്റ് വീണു.

ഇതിന് ശേഷം വിജയ് ശങ്കറും റാഷിദ് ഖാനും സിഎസ്‌കെയ്ക്ക് നേരിയ ഭീഷണി ഉയർത്തിയെങ്കിലും പതിരാനയുടെ പന്തിൽ പറക്കും ക്യാച്ചിൽ ശങ്കറിനെ ഗെയ്ക്വാദ് പിടികൂടിയതോടെ വഴിത്തിരിവായി. തൊട്ടടുത്ത പന്തിൽ ദർശൻ നൽകണ്ഡെയയെ(0) ത്രോയിൽ സേനാപതി മടക്കി. 16 പന്തിൽ 30 എടുത്ത റാഷിദ് ഖാനെ തുഷാർ ദേശ്പാണ്ഡെ മടക്കിയപ്പോൾ മുഹമ്മദ് ഷമിയും(5) പുറത്തായപ്പോൾ നൂർ അഹമ്മദ്(7*) പുറത്താവാതെ നിന്നു.

ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും മഹീഷ് തീക്ഷണ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. മതീഷ പതിരണ നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്നതാണ് ചെന്നൈയുടെ രാശിയെന്ന ചരിത്രം മുന്നിൽ നിൽക്കെ, ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സീസണിൽ ആദ്യം ബാറ്റു ചെയ്ത 8 മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ധോണിയുടെ ടീം, ഇത്തവണ അത് ഒൻപത് മത്സരങ്ങളിൽ ആറു ജയം എന്നാക്കി മെച്ചപ്പെടുത്തി.

അർധസെഞ്ചറി നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് ഒരിക്കൽക്കൂടി ചെന്നൈയുടെ ടോപ് സ്‌കോററായി. 44 പന്തുകൾ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസ്. ഗുജറാത്തിനെതിരായ മത്സരങ്ങളിൽ മികച്ച ഫോം പുറത്തെടുക്കാറുള്ള ഗെയ്ക്വാദ് അവർക്കെതിരെ നേടുന്ന നാലാം അർധസെഞ്ചറി കൂടിയാണിത്. ഈ സീസണിൽ ഗെയ്ക്വാദിന്റെ നാലാം അർധസെഞ്ചറിയെന്ന പ്രത്യേകതയുമുണ്ട്.

ഡിവോൺ കോൺവേ 34 പന്തിൽ നാലു ഫോറുകളോടെ 40 റൺസെടുത്ത് പുറത്തായി. അജിൻക്യ രഹാനെ (10 പന്തിൽ ഒരു സിക്‌സ് സഹിതം 17), അമ്പാട്ടി റായുഡു (ഒൻപതു പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

രവീന്ദ്ര ജഡേജ 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസുമായി അവസാന പന്തിൽ പുറത്തായി. അതേസമയം, ശിവം ദുബെ (മൂന്നു പന്തിൽ ഒന്ന്), മഹേന്ദ്ര സിങ് ധോണി (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മോയിൻ അലി നാലു പന്തിൽ ഒരു സിക്‌സ് സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ ഗെയ്ക്വാദ് കോൺവേ സഖ്യം 63 പന്തിൽ കൂട്ടിച്ചേർത്ത 87 റൺസാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്. തകർത്തടിച്ച ഗെയ്ക്വാദിന്റെയും, പതിവു താളം കണ്ടെത്താനായില്ലെങ്കിലും 16ാം ഓവർ വരെ ക്രീസിൽനിന്ന സഹ ഓപ്പണർ ഡിവോൺ കോൺവേയുടെയും മികവിലാണ്, ഇന്നിങ്‌സിന്റെ ആദ്യ പകുതി ചെന്നൈ കയ്യടക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ചെന്നൈയ്ക്കായി ഒൻപതാം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഗെയ്ക്വാദ് കോൺവേ സഖ്യത്തിന്റെ മികവിൽ, 10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 85 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ.

എന്നാൽ, ചെന്നൈ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയിൽ കണ്ടത് ഗുജറാത്തിന്റെ ശക്തമായ തിരിച്ചുവരവ്. 10 വിക്കറ്റും കയ്യിലിരിക്കെ അടുത്ത 10 ഓവറിൽ അവർക്കു നേടാനായത് 87 റൺസ് മാത്രം. നഷ്ടമാക്കിയത് ഏഴു വിക്കറ്റുകളും! 11ാം ഓവറിൽ അപകടകാരിയായ ഗെയ്ക്വാദിനെ പുറത്താക്കി മോഹിത് ശർമ തുറന്നുകൊടുത്ത വഴിയിലൂടെ, മറ്റു ഗുജറാത്ത് ബോളർമാർ ചെന്നൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു.

ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 28 റൺസ് വഴങ്ങിയും മോഹിത് ശർമ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. നൂർ അഹമ്മദ് നാല് ഓവറിൽ 29 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ദർശൻ നാൽകണ്ഡെ നാല് ഓവറിൽ 44 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.