- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷഭ് പന്തിന് 24 ലക്ഷം പിഴ, ടീം അംഗങ്ങൾക്കും ശിക്ഷ
വിശാഖപട്ടണം: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോടു വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസിനു മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിനു ക്യാപ്റ്റൻ ഋഷഭ് പന്തിനു വൻ തുക പിഴ. പന്ത് 24 ലക്ഷം പിഴയൊടുക്കണം.
പന്തിനു മാത്രമല്ല പ്ലെയിങ് ഇലവനിലെ മറ്റ് താരങ്ങളും പിഴയൊടുക്കണം. ഇംപാക്ട് പ്ലെയറടക്കമുള്ളവർ പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനം അല്ലെങ്കിൽ ആറ് ലക്ഷം രൂപയാണ് ഈ താരങ്ങൾ പിഴയൊടുക്കേണ്ടത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം വിജയിച്ചപ്പോഴും പന്തിനു പിഴ ഇതേ കുറ്റത്തിനു പിഴ ചുമത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും പഴ ശിക്ഷ.
106 റൺസിന്റെ വമ്പൻ തോൽവിയാണ് ഡൽഹിക്ക് കൊൽക്കത്തക്കെതിരെ നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന കൂറ്റൻ സ്‌കോറാണ് അടിച്ചെടുത്തത്. വൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ പോരാട്ടം 17.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും കൊൽക്കത്ത താരങ്ങളുടെ സർവാധിപത്യമാണ് വിശാഖപട്ടണത്ത് കണ്ടത്.
അതേസമയം മത്സരത്തിൽ ക്യാച്ച് നഷ്ടമാക്കിയതും ഡിആർഎശ് റിവ്യൂവും അടക്കം നിർണായകമായി മാറി. പന്ത് എടുക്കാൻ മടിച്ച രണ്ട് ഡിആർഎസുകൾ നിർണായകമായി. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്‌ന്റെ വെടിക്കെട്ട് ബാറ്റിങാണ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐപിഎൽ ടീം ടോട്ടലിലേക്ക് കൊൽക്കത്തയെ നയിച്ചത്. അതിലേക്ക് എത്തും മുൻപ് നരെയ്‌നെ പുറത്തക്കാൻ ഡൽഹിക്ക് അവസരം കിട്ടിയിരുന്നു. എന്നാൽ ഡിആർഎസ് എടുക്കാത്തത് വിനയായി മാറി.
നരെയ്ൻ 22ൽ നിൽക്കെ ഇഷാന്തിന്റെ പന്ത് നരെയ്‌ന്റെ ബാറ്റിൽ തട്ടി ഋഷഭിന്റെ കൈയിലെത്തിയിരുന്നു. എന്നാൽ പന്തോ, ഇഷാന്തോ അപ്പീലിനു മുതിർന്നില്ല. ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്ത് മിച്ചൽ മാർഷ് ഋഷഭിനോടു റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു. പക്ഷേ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. റീപ്ലേയിൽ പന്ത് നരെയ്‌ന്റെ ബാറ്റിൽ നേരിയ രീതിയിൽ ടച്ച് ചെയ്യുന്നുണ്ട് എന്നു വ്യക്തം. അതിനു വലിയ വിലയാണ് ടീം പിന്നീട് നൽകിയതെന്നു നരെയ്‌ന്റെ പ്രകടനം കണ്ടാൽ മനസിലാകും. 39 പന്തിൽ ഏഴ് വീതം സിക്‌സും ഫോറും പറത്തി 85 റൺസ് അടിച്ചുകൂട്ടിയാണ് താരം ക്രീസ് വിട്ടത്.
അവിടെയും തീർന്നില്ല. റാസിഖ് സലാം എറിഞ്ഞ 15ാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് വീണ്ടും ഋഷഭിന്റെ ഗ്ലൗവിലൊതുങ്ങി. ഡൽഹി താരങ്ങളെല്ലാം അപ്പീൽ ചെയ്തു. അവിടെയും പന്ത് താൻ ശബ്ദമൊന്നും കേട്ടില്ലെന്ന നിലപാടിലായിരുന്നു. റിപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയെന്നു വ്യക്തമായിരുന്നു.