ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 163 റൺസ് വിജയലക്ഷ്യം. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 162 റൺസെടുത്തു. 37 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്‌കോറർ.

സർഫറാസ് ഖാൻ 30 എടുത്തപ്പോൾ അവസാന ഓവറുകളിൽ 22 പന്തിൽ 36 നേടിയ അക്സർ നിർണായകമായി. ടൈറ്റൻസിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വീതവും അൽസാരി ജോസഫ് രണ്ടും പേരെ പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷായും ചേർന്ന് നൽകിയത്. 2.3 ഓവറിൽ ടീം സ്‌കോർ 29 റൺസിലെത്തിയിരുന്നു. എന്നാൽ മൂന്നാം ഓവറിൽ പൃഥ്വി ഷായെ മടക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന മിച്ചൽ മാർഷിന് ഈ മത്സരത്തിലും തിളങ്ങാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത മാർഷിനെ ഷമി ബൗൾഡാക്കി. മാർഷിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് പിഴുതു.

നാലാമനായി ക്രീസിലെത്തിയ സർഫറാസ് ഖാനെ കൂട്ടുപിടിച്ച് വാർണർ ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന വാർണർ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും താരത്തിനെ മടക്കി അൽസാരി ജോസഫ് ഡൽഹിക്ക് വീണ്ടും തിരിച്ചടി സമ്മാനിച്ചു. വാർണറുടെ വിക്കറ്റ് തെറിപ്പിച്ച് അൽസാരി ഗുജറാത്തിന് ആശ്വാസം പകർന്നു.

32 പന്തിൽ 37 റൺസെടുത്ത് ഡൽഹി നായകൻ മടങ്ങി. തൊട്ടടുത്ത പന്തിൽ അപകടകാരിയായ റിലി റൂസ്സോയെയും മടക്കി അൽസാരി ജോസഫ് കൊടുങ്കാറ്റായി മാറി. അൽസാരിയുടെ പന്തിൽ റൂസ്സോയെ തകർപ്പൻ ക്യാച്ചിലൂടെ രാഹുൽ തെവാട്ടിയയാണ് പുറത്താക്കിയത്. ഇതോടെ ഡൽഹി 67 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു

ഡൽഹി ഇന്നിങ്സിൽ അൽസാരി എറിഞ്ഞ 9-ാം ഓവർ ഗുജറാത്തിന് നിർണായകമായി. ജീവൻ വീണുകിട്ടിയ അവസരങ്ങളൊന്നും കാര്യമായി മുതലാക്കാൻ കഴിയാതെ വന്ന വാർണറെ 32 പന്തിൽ 37 എടുത്ത് ബൗൾഡായി. തൊട്ടടുത്ത പന്തിൽ റൈലി റൂസ്സോ ഗോൾഡൻ ഡക്കായി. ഇതോടെ ഡൽഹി കൂടുതൽ പ്രതിരോധത്തിലായി. സർഫറാസ് ഖാനും അഭിഷേക് പോരെലും ചേർന്ന് 100 കടത്തിയതും അടുത്ത വിക്കറ്റ് വീണു.

11 പന്തിൽ 20 നേടിയ പോരെലിനെ റാഷിദ് ഖാൻ ബൗൾഡാക്കുകയായിരുന്നു. 34 പന്തിൽ 30 എടുത്ത് നിൽക്കേ സർഫറാസ് ഖാനെയും റാഷിദ് മടക്കിയതോടെ ഉത്തരവാദിത്തമെല്ലാം അക്സർ പട്ടേലിന്റെ തലയിലാവുകയായിരുന്നു. ഇതിനിടെ അമാൻ ഖാനെ(8 പന്തിൽ 8) റാഷിദ് മടക്കി.

അക്ഷർ പട്ടേലിന്റെ അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനം ടീം സ്‌കോർ 150 കടത്തി. എന്നാൽ അവസാന ഓവറിലെ മൂന്നാം പന്തിൽ ഷമി അക്ഷറിനെ മടക്കി. 22 പന്തിൽ 36 റൺസെടുത്ത അക്ഷർ സിക്സടിക്കാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നാല് റൺസെടുത്ത ആന്റിച്ച് നോർക്യെയും ഒരു റണ്ണുമായി കുൽദീപ് യാദവും പുറത്താവാതെ നിന്നു.