അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന് നാണം കെട്ട തോൽവി. വെറും 89 റൺസിന് പുറത്തായ ഗുജറാത്ത് ഫീൽഡിങ്ങിന് ഇറങ്ങും മുമ്പേ തോൽവി സമ്മതിച്ചെന്ന് പറയേണ്ടി വരും. ആറു വിക്കറ്റുകൾക്കാണ് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയത്.

90 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 8.5 ഓവറിൽ ആറ് വിക്കറ്റ് കയ്യിലിരിക്കെ, ജയിച്ചുകയറി. സീസണിലെ മൂന്നാം ജയമാണ് ഡൽഹി നേടിയത്. പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ആറാം സ്ഥാനത്തെത്തി.

ജെയ്ക് ഫ്രേസർ മക്ഗ്രുക് (10 പന്തിൽ 20), ഷായ് ഹോപ്പ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16*), അഭിഷേപ് പോറൽ (ഏഴു പന്തിൽ 15) എന്നിവരാണ് ഡൽഹിയെ ജയത്തിലേക്ക് നയിച്ചത്. പൃഥ്വി ഷാ ഏഴു റൺസെടുത്ത് പുറത്തായി. ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹി മുൻ ചാമ്പ്യന്മാരെ 89 റൺസിന് എറിഞ്ഞിട്ടു. 24 പന്തിൽ 31 റൺസെടുത്ത റാഷിദ് ഖാനായിരുന്നു ടോപ് സ്‌കോറർ. സായ് സുദർശൻ(12), രാഹുൽ തെവാക്കിയ(10) എന്നിവർ മാത്രമാണ് ഇരട്ടയക്കത്തിൽ എത്തിയത്. ഐപിഎല്ലിലെ ഗുജറാത്തിന്റെ ഏറ്റവും താഴ്ന്ന സ്‌കോറാണിത്. നേരത്തെ 125 ആയിരുന്നു കുറഞ്ഞ സ്‌കോർ. ഈ സീസണിൽ ഇതുവരെയുള്ള് ഏറ്റവും ചെറിയ സ്‌കോറാണ് ബുധനാഴ്ച ഗുജറാത്ത് നേടിയത്.

ഡൽഹിക്ക് വേണ്ടി 3-14 മുകേഷ് കുമാർ ബൗളിങ്ങിൽ തിളങ്ങി. രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്ബ്‌സും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. ഖലീൽ അഹമ്മദും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.