ഹൈദരാബാദ്: ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ബാറ്റിങ് വെടിക്കെട്ടോടെ കൂറ്റൻ വിജയലക്ഷ്യം കുറിച്ച് സഞ്ജു സാംസണും സംഘവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു.

അർധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരുടെ ഇന്നിങ്സ് മികവിലാണ് രാജസ്ഥാൻ മികച്ച സ്‌കോറിലെത്തിയത്. ബട്ലർ 22 പന്തിൽ 54 റൺസടിച്ചപ്പോൾ യശസ്വി 37 പന്തിൽ 54ഉം സഞ്ജു 32 പന്തിൽ 55 റൺസും അടിച്ചു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്തു. 32 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.

ഫസൽഹഖ് ഫാറൂഖി എറിഞ്ഞ ഇന്നിങ്‌സിലെ രണ്ടാം ഓവറിൽ 14 റൺസടിച്ച് ജയ്സ്വാളാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. ഭുവനേശ്വർ കുമാറിന്റെ മൂന്നാം ഓവറിൽ ബട്ലർ, സിക്‌സ് അടിച്ചു തുടങ്ങിവെച്ചപ്പോൾ രണ്ട് ബൗണ്ടറി കൂടി അടിച്ച് ആ ഓവറിൽ 17 റൺസടിച്ച ജയ്സ്വാൾ ആളിക്കത്തി. വാഷിങ്ട്ൺ സുന്ദർ എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തും തുടർച്ചയായി രണ്ട് സിക്‌സ് പറത്തിയ ബട്ലർക്കൊപ്പം ബൗണ്ടറിയടിച്ച് ജയ്സ്വാളും ചേർന്നപ്പോൾ രാജസ്ഥാൻ അടിച്ചെടുത്തത് 19 റൺസ്. അഞ്ചാം ഓവർ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ച് വരവേറ്റ ബട്ലർ ആ ഓവറിൽ നേടിയത് 17 റൺസ്.

പവർ പ്ലേയിലെ അവസാന ഓവർ എറിയാനെത്തിയ ഫസൽഹഖ് ഫാറൂഖിയെയും ബൗണ്ടറിയടിച്ച് സ്വീകരിച്ച ബട്ലർ മൂന്നാം പന്തിൽ വീണ്ടും ബൗണ്ടറി നേടി 20 പന്തിൽ അറ്ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ബട്ലർ അർധസെഞ്ചുറി തികച്ചത്. അർധസെഞ്ചുറി പൂർത്തിയാക്കിയശേഷം ഒരു ബൗണ്ടറി കൂടി നേടിയ ബട്ലർ 22 പന്തിൽ 54 റൺസെടുത്ത് മടങ്ങി. പവർ പ്ലേയിൽ രാജസ്ഥാൻ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസടിച്ചു.

ബട്ലറും യശസ്വിയും തുടങ്ങിവെച്ച വെടിക്കെട്ട് ക്യാപ്റ്റൻ സഞ്ജു സാംസണും ഏറ്റെടുത്തതോട രാജസ്ഥാൻ ഒമ്പതോവറിൽ 100 കടന്നു. സഞ്ജുവിനൊപ്പം യശസ്വിയും ചേർന്നതോടെ രാജസ്ഥാൻ അതിവേഗം മുന്നോട്ട് കുതിച്ചു. 34 പന്തിൽ അർധസെഞ്ചുറി തികച്ച ജയ്സ്വാളിനെ ഫസൽ ഫാറൂഖി പുറത്താക്കുമ്പോൾ രാജസ്ഥാൻ 13ാം ഓവറിൽ 139 ൽ എത്തിയിരുന്നു. യശസ്വിക്ക് പകരമെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(2) ഉംറാൻ മാലിക് ക്ലീൻ ബൗൾഡാക്കിയപ്പോൾ പിന്നീടെത്തിയ റയാൻ പരാഗിനെ(7) നടരാജൻ പുറത്താക്കി. പിന്നാലെ 28 പന്തിൽ സഞ്ജു അർധസെഞ്ചുറിയിലെത്തി. ഇതോടെ കഴിഞ്ഞ നാല് ഐപിഎൽ സീസണിലും അർധസെഞ്ചുറിയോടെ സീസണ് തുടക്കമിട്ടുവെന്ന റെക്കോർഡ് സഞ്ജുവിന് സ്വന്തമായി.

പതിനെട്ടാം ഓവറിൽ സിക്‌സടിക്കാനുള്ള ശ്രമത്തിൽ സഞ്ജുവിനെ ബൗണ്ടറിയിൽ അഭിഷേക് ശർമ പിടികൂടി. 32 പന്തിൽ 55 റൺസടിച്ച സഞ്ജു മൂന്ന് ഫോറും നാല് സിക്‌സും പറത്തി. സഞ്ജു പുറത്തായതോടെ അവസാന രണ്ടോവറിൽ 17 റൺസെ രാജസ്ഥാന് നേടാനായുള്ളു. ഹെറ്റ്‌മെയർ 16 പന്തിൽ 22 റൺസും അശ്വിൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.ഹൈദരാബാദിനു വേണ്ടി ഫറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.