ഹൈദരാബാദ്: ഹൈദരാബാദിനെ നിലംപരിശാക്കി ഐപിഎൽ പതിനാറാം സീസണിന് രാജകീയ തുടക്കമിട്ട് രാജസ്ഥാൻ റോയൽസ്. ബാറ്റർമാർക്ക് പിന്നാലെ ബൗളർമാരും മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞതോടെ രാജസ്ഥാൻ ആധികാരിക ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ സഞ്ജു സാംസണും കൂട്ടരും സൺറൈസേഴ്സ് ഹൈദരാബാദിനെ 72 റൺസിനാണ് തോൽപിച്ചത്.

രാജസ്ഥാന്റെ 203 റൺസ് പിന്തുടർന്ന ഹൈദരാബാദ് ടീമിന് 20 ഓവറിൽ 8 വിക്കറ്റിന് 131 എടുക്കാനേ സാധിച്ചുള്ളൂ. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങി 32 പന്തിൽ നിന്ന് 32 റൺസെടുത്ത അബ്ദുൾ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. രാജസ്ഥാനായി യുസ്വേന്ദ്ര ചഹൽ നാല് ഓവറിൽ 17 റൺസിന് നാല് പേരെ പുറത്താക്കി. ബോൾട്ട് രണ്ടും ഹോൾഡറും അശ്വിനും ഓരോ വിക്കറ്റും നേടി.

204 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ജയപ്രതീക്ഷയുണർത്താനായില്ല. ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ (0), രാഹുൽ ത്രിപാഠി (0) എന്നിവരെ പുറത്താക്കി ട്രെന്റ് ബോൾട്ട് ഹൈദരാബാദിനെ ഞെട്ടിച്ചു. പിന്നാലെയെത്തിയ ഹാരി ബ്രൂക്ക് (13), വാഷിങ്ടൺ സുന്ദർ (1), ഗ്ലെൻ ഫിലിപ്സ് (8) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ഹൈദരാബാദ് മത്സരം കൈവിട്ടു.

മായങ്ക് അഗർവാൾ 23 പന്തിൽ നിന്ന് 27 റൺസെടുത്തു. വാലറ്റത്ത് തകർത്തടിച്ച ഉംറാൻ മാലിക്ക് വെറും എട്ട് പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 19 റൺസോടെ പുറത്താകാതെ നിന്നു. ആദിൽ റഷീദ് (18), ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ആദ്യ ഓവറിൽ ഇരട്ട വിക്കറ്റുമായി ട്രെൻഡ് ബോൾട്ട് സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത പ്രഹരം നൽകി. അക്കൗണ്ട് തുറക്കും മുന്നേ അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും പുറത്താകുമ്പോൾ ടീം സ്‌കോറും പൂജ്യം. കോടികൾ മുടക്കി കൊണ്ടുവന്ന ഹാരി ബ്രൂക്കും(13) പ്രതീക്ഷ കാത്തില്ല. യുസ്വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ വാഷിങ്ടൺ സുന്ദറിനെ(1) ജേസൻ ഹോൾഡറും ഗ്ലെൻ ഫിലിപ്സിനെ(8) രവിചന്ദ്ര അശ്വിനും മായങ്ക് അഗർവാളിനെ(27) ചഹലും മടക്കിയതോടെ സൺറൈസേഴ്സ് 11 ഓവറിൽ 52-6 എന്ന നിലയിൽ തകർന്നു.

പിന്നാലെ 18 റൺസെടുത്ത ആദിൽ റഷീദിനെ ചാഹലിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയതിന് സഞ്ജു സ്റ്റംപ് ചെയ്തു. ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും 10 പന്തിൽ 6 റൺസെടുത്ത് നിൽക്കേ ചഹൽ ബൗൾഡാക്കി. 20 ഓവറും പൂർത്തിയാകുമ്പോൾ അബ്ദുൽ സമദും(32 പന്തിൽ* 32), ഉംറാൻ മാലിക്കും(8 പന്തിൽ* 19) പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഓപ്പണർമാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്‌സ്വാളിന്റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റേയും വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. ബട്ലർ 22 പന്തിൽ 54 റൺസടിച്ചപ്പോൾ യശസ്വി 37 പന്തിൽ 54ഉം സഞ്ജു 32 പന്തിൽ 55 റൺസും പേരിലാക്കി. പുറത്താകാതെ 16 പന്തിൽ 22* എടുത്ത ഷിമ്രോൻ ഹെറ്റ്മെയർ അവസാന ഓവറുകളിൽ നിർണായകമായി.

ബൗളർമാർക്ക് അവസരമൊന്നും നൽകാതെ തുടക്കത്തിലെ ആഞ്ഞടിച്ച ബട്ലർ-യശസ്വി വെടിക്കെട്ട് തുടരുകയായിരുന്നു സഞ്ജു സാംസൺ. ഓപ്പണിങ് വിക്കറ്റിൽ ബട്ലർ-യശസ്വി സഖ്യം 5.5 ഓവറിൽ 85 റൺസ് ചേർത്തു. ബട്ലർ പുറത്തായ ശേഷം യശസ്വിയും ഫിഫ്റ്റി തികച്ചെങ്കിലും ദേവ്ദത്ത് പടിക്കലും(2), റിയാൻ പരാഗും(7) വേഗം മടങ്ങി. ഹെറ്റ്മെയറിനൊപ്പം രവിചന്ദ്രൻ അശ്വിൻ 1* പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.