- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ അടിപൂരം..! വെടിക്കെട്ടിനെ വെല്ലുന്ന കളിയുമായി ഹെഡും അഭിഷേകും
ഹൈദരാബാദ്: സ്‌റ്റേഡിയത്തിൽ പഞ്ചാരിമേളം കണക്കെ കൊട്ടിക്കയറി സൺ റൈസേഴ്‌സ് ഹൈദരബാദ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ചേസുകളിൽ ഒന്ന് പിറന്നപ്പോൾ ലക്‌നൗ സൂപ്പർ ജെയിന്റ്‌സ് നിലംപരിശായി. 20 ഓവറിൽ ഒരുവിധം ലഖ്നൗ സൂപ്പർ ജയന്റ്സ് മുന്നോട്ടുവെച്ച 166 റൺസ് വിജയലക്ഷ്യം പുഷ്പംപോലെ അടിച്ചെടുക്കുകയായിരുന്നു ഹൈദരാബാദ്.
ആദ്യ ഓവർ മുതൽ ലഖ്നൗ ബൗളർമാരെ നിലംതൊടാതെ പറത്തിയ അഭിഷേക് ശർമ - ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം വെറും 9.4 ഓവറിൽ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. 166 റൺസ് ലക്ഷ്യംവെച്ചിറങ്ങിയവർക്ക് 10 വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ 12 കളികളിൽ നിന്ന് 14 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേ ഓഫ് ബർത്തിനടുത്താണ്. മാലപ്പടക്കം പൊട്ടും പോലെയായിരുന്നു ഇരുവരുടെയും ഷോട്ടുകൾ.
എന്താണ് സംഭവിച്ചതെന്ന് ലഖ്നൗ ബൗളിങ് നിര തിരിച്ചറിയും മുമ്പ് ഹൈദരാബാദ് കളിതീർത്തു. വെറും 30 പന്തിൽ നിന്ന് എട്ടു വീതം സിക്സും ഫോറുമടക്കം 89 റൺസോടെ പുറത്താകാതെ നിന്ന ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 28 പന്തുകൾ നേരിട്ട അഭിഷേക് ആറ് സിക്സും എട്ട് ഫോറുമടക്കം 75 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ആയുഷ് ബധോനി, നിക്കോളാസ് പുരൻ, ക്യാപ്റ്റൻ കെ.എൽ രാഹുൽ, ക്രുണാൽ പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ലഖ്നൗവിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് ഹൈദരാബാദ് ബൗളർമാരിൽ തിളങ്ങിയത്. എന്നാൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നടരാജനും നന്നായി തല്ലുവാങ്ങി.
ഒരു ഘട്ടത്തിൽ 11.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്ന ലഖ്നൗവിനെ 165-ൽ എത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച പുരൻ - ബധോനി സഖ്യമാണ്. 99 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 30 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റൺസോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്നൗവിന്റ ടോപ് സ്‌കോറർ. 26 പന്തുകൾ നേരിട്ട പുരൻ ഒരു സിക്സും ആറ് ഫോറുമടക്കം 48 റൺസോടെ പുറത്താകാതെ നിന്നു. രാഹുൽ (29), ക്വിന്റൺ ഡിക്കോക്ക് (2), മാർക്കസ് സ്റ്റോയ്നിസ് (3), ക്രുണാൽ പാണ്ഡ്യ (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.