കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകത്തിൽ അവിസ്മരണീയ ജയം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. കൂറ്റൻ വിജയലക്ഷ്യമുയർത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവർ വരെ പൊരുതിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടങ്ങിയത്. എസ്ആർഎച്ച് ഉയർത്തിയ 229 വിജയലക്ഷ്യത്തിനെതിരെ കെകെആറിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. കൊൽക്കത്തയെ 23 റൺസിന് തകർത്ത് സൺറൈസേഴ്സ് സീസണിലെ രണ്ടാം വിജയമാഘോഷിച്ചു.

നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് സൺറൈസേഴ്‌സ് കുറിച്ചത്. ഹാരി ബ്രൂക്ക്, ഏയ്ഡൻ മർക്രാം, അഭിഷേക് ശർമ എന്നിവരാണ് ഓറഞ്ച് ആർമിക്കായി പട നയിച്ചത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. സെഞ്ചുറിയോടെ ബ്രൂക്ക് (100*) ഷോ തന്നെയാണ് ഈഡൻ കണ്ടത്. മർക്രാം 50 റൺസ് എടുത്തപ്പോൾ 32 റൺസുമായി അഭിഷേകും തിളങ്ങി. കൊൽക്കത്തയ്ക്ക് വേണ്ടി നായകൻ നിതീഷ് റാണയും റിങ്കു സിങ്ങും പരമാവധി പൊരുതിയെങ്കിലും കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല.

കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. 20 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് ആതിഥേയർ പരുങ്ങി. റഹ്മാനുള്ള ഗർബാസ് (0), വെങ്കടേഷ് അയ്യർ (10), സുനിൽ നരെയ്ൻ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ക്രീസിലൊന്നിച്ച നാരായൺ ജഗദീശനും നായകൻ നിതീഷ് റാണയും ചേർന്ന് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഉംറാൻ മാലിക്ക് എറിഞ്ഞ ആറാം ഓവറിൽ 28 റൺസടിച്ച് റാണ കൊടുങ്കാറ്റായി. നാല് ഫോറും രണ്ട് സിക്സും ഈ ഓവറിൽ പിറന്നു.

നാലാം വിക്കറ്റിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ മികച്ച രീതിയിൽ ബാറ്റുവീശിയ ജഗദീശനെ മടക്കി മായങ്ക് മാർക്കണ്ഡെ കൊൽക്കത്തയ്ക്ക് വീണ്ടും തിരിച്ചടി നൽകി. 21 പന്തിൽ 36 റൺസുമായി താരം ക്രീസ് വിട്ടു. പിന്നാലെ വന്ന ആന്ദ്രെ റസ്സലിനെയും (3) മടക്കി മാർക്കണ്ഡെ കൊൽക്കത്തയെ വിറപ്പിച്ചു.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നിതീഷ് റാണ തകർത്തടിച്ചു. വൈകാതെ താരം അർധസെഞ്ചുറി നേടി. റസ്സലിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിങ് വന്നതോടെ കൊൽക്കത്തയ്ക്ക് പ്രതീക്ഷ കൈവന്നു. 16 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 159-ൽ എത്തിച്ചു. ഇതോടെ അവസാന നാലോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 70 റൺസായി ചുരുങ്ങി.

എന്നാൽ നടരാജൻ ചെയ്ത 17-ാം ഓവറിലെ മൂന്നാം പന്തിൽ റാണ പുറത്തായതുകൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 41 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്സിന്റെയും സഹായത്തോടെ 75 റൺസെടുത്ത റാണയെ വാഷിങ്ടൺ സുന്ദർ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ കൊൽക്കത്ത വീണ്ടും പ്രതിരോധത്തിലായി. ആ ഓവറിൽ 12 റൺസാണ് പിറന്നത്.

റാണയ്ക്ക് പകരം ശാർദൂൽ ഠാക്കൂറാണ് ക്രീസിലെത്തിയത്. അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 58 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഭുവനേശ്വർ ചെയ്ത 18-ാം ഓവറിൽ വെറും ഒൻപത് റൺസ് മാത്രമാണ് പിറന്നത്. ഇതോടെ സൺറൈസേഴ്സിന് മേൽക്കൈ വന്നു. 19-ാം ഓവറിൽ 16 റൺസ് വന്നു. ഇതോടെ അവസാന ഓവറിൽ 32 റൺസായി കൊൽക്കത്തയുടെ വിജയലക്ഷ്യം. ഇതിനിടെ റിങ്കു സിങ് വെറും 27 പന്തുകളിൽ നിന്ന് അർധസെഞ്ചുറി നേടി.

അവസാന ഓവറിൽ എട്ട് റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ഇതോടെ സൺറൈസേഴ്സ് വിജയം സ്വന്തമാക്കി. റിങ്കു സിങ് 31 പന്തുകളിൽ നിന്ന് 58 റൺസെടുത്തും ഉമേഷ് യാദവ് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.

സൺറൈസേഴ്സിനായി മായങ്ക് മാർക്കണ്ഡെയും മാർക്കോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്ക്, നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കാണ് സൺറൈസേഴ്സിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് അവസാന പന്തുവരെ ക്രീസിൽ നിന്ന് പൊരുതി. 55 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 100 റൺസാണ് താരം നേടിയത്.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർധസെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു. മാർക്രം 26 പന്തുകളിൽ നിന്ന് 50 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ബ്രൂക്കിനൊപ്പം അഭിഷേക് ശർമയും ഹെന്റിച്ച് ക്ലാസനും അടിച്ചുതകർത്തു. അഭിഷേക് 17 പന്തുകളിൽ നിന്ന് 32 റൺസെടുത്ത് പുറത്തായപ്പോൾ ക്ലാസൻ വെറും ആറുപന്തുകളിൽ നിന്ന് 16 റൺസെടുത്ത് പുറത്താവാതെ നിന്നു. മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.

കൊൽക്കത്ത ബൗളർമാർ തീർത്തും നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസ്സൽ മാത്രമാണ് തിളങ്ങിയത്. വരുൺ ചക്രവർത്തി ഒരു വിക്കറ്റ് സ്വന്തമാക്കി. ഉമേഷ് യാദവ് മൂന്നോവറിൽ 42 റൺസ് വഴങ്ങിയപ്പോൾ ലോക്കി ഫെർഗൂസൻ രണ്ടോവറിൽ 37 റൺസാണ് വിട്ടുകൊടുത്തത്. സുയാഷ് ശർമ നാലോവറിൽ 44 റൺസും വഴങ്ങി.