കൊൽക്കത്ത: അവസാന പന്തുവരെ വീറോടെ പൊരുതിയ പഞ്ചാബ് കിങ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്നിങ്‌സിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് റിങ്കു സിങാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്.

പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ റാണയും സംഘവും മറികടന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി നായകൻ നിതീഷ് റാണ (51), ആന്ദ്രേ റസൽ (42), റിങ്കു സിങ് (21) പോരാട്ടം നയിച്ചു. സമ്മർദ്ദങ്ങളെ അതിജീവിച്ച് വീറോടെ പൊരുതിയ ഈ ആർ. ആർ. ആർ. സഖ്യമാണ് കൊൽക്കത്തയ്ക്ക് അവിസ്മരണീയ ജയവും നിർണായകമായ രണ്ട് പോയിന്റും ഉറപ്പാക്കിയത്.

ഈ സീസണിൽ കൊൽക്കത്തയുടെ അഞ്ചാം ജയമാണിത്. പഞ്ചാബിന്റെ ആറാം തോൽവിയും. അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് വേണ്ടിയിരിക്കെ, അർഷ്ദീപ് സിങ്ങിനെതിരെ ഫോർ കണ്ടെത്തിയ റിങ്കു സിങ്ങാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.

അഞ്ചാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ റിങ്കു സിങ് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടും കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി. വെറും 27 പന്തിൽനിന്ന് ഈ കൂട്ടുകെട്ട് ചേർത്തത് 54 റൺസ്. റസ്സൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ടായെങ്കിലും അവസാന പന്തിൽ ബൗണ്ടറി നേടി റിങ്കു സിങ് കൊൽക്കത്തയെ രക്ഷപ്പെടുത്തി.

18 പന്തിൽ 36 റൺസാണ് കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. രണ്ട് ഫോറുകൾ നേടി ഈഡൻ ഗാർഡൻസിനെ റസലും റിങ്കുവും ത്രസിപ്പിച്ചു. അടുത്ത ഓവറിൽ മൂന്ന് സിക്‌സ് പായിച്ച് റസൽ സാം കുറാനെ ശിക്ഷിച്ചു. അവസാന ഓവറിൽ റസൽ - റിങ്കു സഖ്യം അനായാസം വിജയം കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഞ്ചാബ് പൊരുതി.

ബൈ റൺ ഓടാൻ ശ്രമിച്ച റസൽ റൺ ഔട്ട് ആയതോടെ ഒരു പന്തിൽ രണ്ട് റൺസ് വേണമെന്ന നിലയിലായി കൊൽക്കത്ത. ഒരിക്കൽ കൂടി റിങ്കു സിങ് ഹീറോ ആയതോടെ ഈഡൻ ഗാർഡൻസ് ആഘോഷത്തിമിർപ്പിലായി.

38 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 51 റൺസെടുത്ത റാണയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 19ാം ഓവറിൽ സാം കറനെതിരെ നേടിയ ട്രിപ്പിൾ സിക്‌സർ സഹിതം റസ്സൽ 23 പന്തിൽ 42 റൺസെടുത്ത് അവസാന ഓവറിൽ റണ്ണൗട്ടായി. റിങ്കു സിങ് 10 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റൺസുമായി പുറത്താകാതെ നിന്നു.

ഇവർക്കു പുറമെ ഓപ്പണർ ജെയ്‌സൻ റോയി (24 പന്തിൽ എട്ടു ഫോറുകളോടെ 38), റഹ്‌മാനുള്ള ഗുർബാസ് (12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 15), വെങ്കടേഷ് അയ്യർ 13 പന്തിൽ 11) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. കൊൽക്കത്തയ്ക്കായി മൂന്നാം വിക്കറ്റിൽ നിതീഷ് റാണ വെങ്കടേഷ് അയ്യർ സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 38 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 51 റൺസ്.

പഞ്ചാബിനായി നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുൽ ചാഹർ മികച്ച പ്രകടനം കാഴ്ചവച്ചു. ഹർപ്രീത് ബ്രാർ ഒരു ഓവറിൽ നാലു റൺസ് വഴങ്ങിയും നഥാൻ എല്ലിസ് നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ധവാൻ 47 പന്തിൽ 57 റൺസുമായി പഞ്ചാബിന്റെ ടോപ് സ്‌കോററായി. ഒൻപതു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് പഞ്ചാബിന്റെ ഇന്നിങ്‌സ്. അവസാന രണ്ട് ഓവറിൽനിന്ന് 36 റൺസ് അടിച്ചൂകുട്ടിയ ഷാറൂഖ് ഖാൻ ഹർപ്രീത് ബ്രാർ സഖ്യമാണ് പഞ്ചാബ് സ്‌കോർ 175 കടത്തിയത്.

ഷാരൂഖ് ഖാൻ എട്ടു പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 21 റൺസോടെയും ഹർപ്രീത് ബ്രാർ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 17 റൺസോടെയും പുറത്താകാതെ നിന്നു. ഇവർക്കു പുറമെ ജിതേഷ് ശർമ (18 പന്തിൽ രണ്ടു സിക്‌സറുകൾ സഹിതം 21), ഋഷി ധവാൻ (11 പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 19), ലിയാം ലിവിങ്സ്റ്റൺ (ഒൻപതു പന്തിൽ മൂന്നു ഫോറുകളോടെ 15), ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (എട്ടു പന്തിൽ മൂന്നു ഫോറുകൾ സഹിതം 12) എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

നാലാം വിക്കറ്റിൽ ജിതേഷ് ശർമയ്ക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ധവാൻ പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ 42 പന്തിൽനിന്ന് ഇവരും പഞ്ചാബ് സ്‌കോർ ബോർഡിലെത്തിച്ചത് 53 റൺസാണ്. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കിയെങ്കിലും, പിരിയാത്ത എട്ടാം വിക്കറ്റിൽ വെറും 16 പന്തിൽനിന്ന് 40 റൺസടിച്ച ഷാരൂഖ് ഖാൻ ഹർപ്രീത് ബ്രാർ സഖ്യം പഞ്ചാബ് സ്‌കോർ 175 കടത്തി.

അതേസമയം, ഭാനുക രജപക്‌സ (0), സാം കറൻ (ഒൻപതു പന്തിൽ നാല്) എന്നിവർ പഞ്ചാബ് നിരയിൽ തീർത്തും നിരാശപ്പെടുത്തി. കൊൽക്കത്തയ്ക്കായി നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയുടെ പ്രകടനം ശ്രദ്ധേയമായി. ഹർഷിത് റാണ മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സുയാഷ് ശർമ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ക്യാപ്റ്റൻ നിതീഷ് റാണ ഒരു ഓവറിൽ ഏഴു റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.