- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ സൂപ്പർ ത്രില്ലർ! അവസാന ഓവറിൽ വീണത് നാല് വിക്കറ്റ്; ലഖ്‌നോ സൂപ്പർ ജയ്ന്റിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് നാടകീയ ജയം; മികച്ച രീതിയിൽ ബാറ്റേന്തിയിട്ടും ടീമിനെ വിജയിപ്പിക്കാൻ മറന്ന് കെ എൽ രാഹുൽ
ലക്‌നൗ: ഐപിഎല്ലിൽ വീണ്ടും സൂപ്പർ ത്രില്ലർ മത്സരം. ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വവും നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ ലഖ്‌നോ സൂപ്പർ ജയ്ന്റിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് നാടകീയ വിജയം നേടി. അനായാസ ജയത്തിലേക്ക് നീങ്ങിയ ലഖ്‌നോവിനെ ഗുജറാത്ത് ബൗളിങ് വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവിൽ ഏഴ് റൺസിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്.
136 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ ലഖ്‌നോ കെ.എൽ.രാഹുലിന്റെ അർധ സെഞ്ച്വറിയുടെ(68) കരുത്തിൽ അനായാസ ജയത്തിലേക്ക് കുതിക്കുകയായിരുന്നു. അവസാന രണ്ട് ഓവറിൽ 17 റൺസാണ് ലഖ്‌നോവിന് വേണ്ടിയിരുന്നത്. നായകൻ കെ എൽ രാഹുൽ ക്രീസിലുണ്ടായിരുന്നു താനും. എന്നിട്ടും കളി ലക്‌നൗ കൈവിട്ടു.
ലഖ്നൗ 15 ഓവറിൽ 106-2 എന്ന ശക്തമായ നിലയിലായിരുന്നിട്ടും 20 ഓവർ പൂർത്തിയാകുമ്പോൾ 7 വിക്കറ്റിന് 128 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു രാഹുലിന്റെ മടക്കം. മോഹിത് ശർമ്മയുടെ ഈ ഓവറിൽ നാല് വിക്കറ്റുകൾ ലഖ്നൗവിന് നഷ്ടമായി. ഈ ഓവറാണ് കളിയുടെ ഗതി നിർണയിച്ചത്. ലക്‌നൗവിന് വേണ്ടി കെ എൽ രാഹുൽ-കെയ്ൽ മെയേഴ്സ് സഖ്യം മികച്ച തുടക്കമാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന് നൽകിയത്. ഗുജറാത്ത് ടൈറ്റൻസ് പ്രതിരോധത്തിലായ പിച്ചിൽ ഇരുവരും 6.3 ഓവറിൽ 55 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു.
19 പന്തിൽ 24 റൺസ് നേടിയ മെയേഴ്സിനെ ബൗൾഡാക്കി സ്പിന്നർ റാഷിദ് ഖാൻ ബ്രേക്ക് ത്രൂ നൽകി. എങ്കിലും കെ എൽ രാഹുൽ 38 പന്തിൽ അമ്പത് തികച്ചതോടെ ലഖ്നൗ അനായാസമായി വിജയിക്കും എന്ന് തോന്നിച്ചു. ഇതിന് ശേഷം ക്രുനാൽ പാണ്ഡ്യയെയും(23 പന്തിൽ 23), നിക്കോളാസ് പുരാനെയും നൂർ അഹമ്മദ് പുറത്താക്കിയതോടെ ഗുജറാത്ത് ടൈറ്റൻസ് അതിശക്തമായി മത്സരത്തിലേക്ക് മടങ്ങിവരുന്നതാണ് ഏവരും കണ്ടത്. അവസാന 30 പന്തിൽ 30 റൺസ് നേടാൻ ലഖ്നൗവിനായില്ല.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 135 റൺസാണ് നേടിയത്. 50 പന്തിൽ 66 റൺസ് നേടിയ ഹാർദിക് പാണ്ഡ്യക്ക് പുറമെ 37 പന്തിൽ 47 റൺസ് സ്വന്തമാക്കിയ വൃദ്ധിമാൻ സാഹ മാത്രമേ ബാറ്റിംഗിൽ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണർ ശുഭ്മാൻ ഗിൽ രണ്ട് പന്തിൽ പൂജ്യത്തിനും അഭിനവ് മനോഹർ അഞ്ച് പന്തിൽ മൂന്നിനും വിജയ് ശങ്കർ 12 പന്തിൽ പത്തിനും ഡേവിഡ് മില്ലർ 12 പന്തിൽ ആറിനും മടങ്ങിയപ്പോൾ രണ്ട് പന്തിൽ രണ്ട് റൺസുമായി രാഹുൽ തെവാത്തിയ പുറത്താവാതെ നിന്നു. ക്രുനാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും രണ്ട് വീതവും നവീൻ ഉൾ ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി.
സ്പോർട്സ് ഡെസ്ക്