ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അവരുടെ തട്ടകത്തിൽ എത്തി മലർത്തിയടിച്ച് പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ നാലാമത്. അവസാന ഓവർ വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് നേടിയത്. കളി അവസാന ഓവർ വരെയെത്തിയെങ്കിലും മൂന്ന് പന്ത് ബാക്കി നിൽക്കേ 160 റൺസ് വിജയലക്ഷ്യം പഞ്ചാബ് മറികടന്നു.

തുടക്കത്തിൽ പതറിയ പഞ്ചാബിനെ അർധ സെഞ്ചുറി നേടിയ സിക്കന്ദർ റാസയാണ് (57) കരകയറ്റിയത്. 34 റൺസുമായി മാത്യൂ ഷോർട്ടും മികവ് കാട്ടി. 10 പന്തിൽ 23 റൺസുമായി അവസാന ഓവറുകളിൽ കത്തിക്കയറി ഷാരുഖ് ഖാനാണ് ടീമിന് വിജയം നേടിക്കൊടുത്തത്.

160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനെ തുടക്കത്തിലെ ലഖ്‌നൗ ഞെട്ടിച്ചു. ഓപ്പണർമാരായി എത്തിയ അഥർവ്വ ടൈഡേയ്ക്കും പ്രഭ്‌സിമ്രാൻ സിംഗിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. യുഥ്‌വീർ സിംഗിനായിരുന്നു രണ്ട് വിക്കറ്റുകളും. മാത്യൂ ഷോർട്ടും ഹർപ്രീത് സിംഗും ചേർന്നതോടെ പഞ്ചാബ് പതിയെ കളിയിലേക്ക് തിരിച്ചെത്തി. ഭീഷണിയാകുന്ന ഈ രീതിയിൽ ഈ കൂട്ടുക്കെട്ട് വളരുമെന്ന ഘട്ടത്തിൽ കൃഷ്ണപ്പ ഗൗതം ഷോർട്ടിനെ മടക്കി. 22 പന്തിൽ 34 റൺസാണ് താരം നേടിയത്.

പിന്നീടെത്തിയ സിക്കന്ദർ റാസയ്‌ക്കൊപ്പം ഹർപ്രീത് എങ്ങനെയെങ്കിലും നിലയുറപ്പിക്കാനുള്ള ചെറുത്തുനിൽപ്പാണ് നടത്തിയത്. അപ്പോഴും കൃത്യമായ ഇടവേളയിൽ വിക്കറ്റ് നേടിക്കൊണ്ട് ലഖ്‌നൗ അപകടം ഒഴിവാക്കി. 22 പന്തിൽ 22 റൺസുമായി ഹർപ്രീത് മടങ്ങി. നായകൻ സാം കറൻ എത്തിയതോടെ ക്രൂനാലിനെ ഒരോവറിൽ രണ്ട് സിക്‌സിന് പറത്തികൊണ്ട് സിക്കന്ദർ റാസ ആവേശംക്കൂട്ടി. കറൻ ആ ആവേശത്തിനൊപ്പം പിടിക്കാനാകാതെ ബിഷ്‌ണോയ്ക്ക് വിക്കറ്റ് നൽകി തിരികെ കയറി. ജിതേഷ് ശർമ്മയ്ക്കും കാര്യമായ സംഭാവന നൽകാനായില്ല.

പ്രതീക്ഷകളുടെ അമിതഭാരം ചുമലിലേറ്റ് വന്ന ഷാരുഖ് ഖാൻ ആദ്യ പന്ത് തന്നെ മാർക്ക് വുഡിനെ ഗാലറിയിൽ എത്തിച്ചാണ് തുടക്കമിട്ടത്. നാലോവറിൽ 32 റൺസ് വേണമെന്ന നിലയിലായിരുന്നു പഞ്ചാബ്. വലിയ പ്രശ്‌നങ്ങളില്ലാതെ വിജയിക്കുമെന്ന കണക്കൂട്ടലിൽ പഞ്ചാബ് പോകുമ്പോൾ ബിഷ്‌ണോയ് വീണ്ടും ലഖ്‌നൗവിന് പ്രതീക്ഷ നൽകി.

41 പന്തിൽ 57 റൺസാണ് റാസ ഇതിനകം പേരിൽ ചേർത്തിരുന്നത്. അപ്പോഴും ഷാരുഖ് ഖാൻ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു പഞ്ചാബ്. അവസാന ഓവറിൽ ഏഴ് റൺസാണ് കിങ്‌സിന് വേണ്ടിയിരുന്നത്. ബിഷ്‌ണോയിയെ ഉപയോഗിച്ചുള്ള രാഹുലിന്റെ പരീക്ഷണം പാളി. രണ്ട് അർധ അവസരങ്ങൾ ലഭിച്ചെങ്കിലും ലഖ്‌നൗ പാഴാക്കിയതിന് പിന്നാലെ ബൗണ്ടറിയടിച്ച് ഷാറൂഖ് പഞ്ചാബിന്റെ ജയം ഉറപ്പിച്ചു. രണ്ട് വിക്കറ്റുകൾ വീതം നേടിയ യുഥ്‌വീർ സിംഗും രവി ബിഷ്‌ണോയിയും ലഖ്‌നൗ നിരയുടെ കരുത്തായി.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് ഈ സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് സൂപ്പർ ജയന്റ്‌സിന് ലഭിച്ചത്. കെ എൽ രാഹുൽ പതിയയെയും കൈൽ മയേഴ്‌സ് ശരാശരി വേഗത്തിലും റൺസ് കണ്ടെത്തിയപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ പവർ പ്ലേ പൂർത്തിയാക്കാൻ സീസണിൽ ആദ്യമായി ടീമിന് സാധിച്ചു. അതേ പോലെ തന്നെ സീസണിൽ ആദ്യമായി പവർ പ്ലേയിൽ വിക്കറ്റെടുക്കാൻ പഞ്ചാബിന് സാധിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്.

ആറ് ഓവർ കഴിഞ്ഞതോടെ സ്‌കോറിങ് വേഗം കൂട്ടാനായി ഹർപ്രീത് ബ്രാറിനെ അതിർത്തി കടത്താൻ മയേഴ്‌സ് ശ്രമിച്ചെങ്കിലും ഹർപ്രീത് സിംഗിന്റെ കൈകളിൽ സുരക്ഷിതമായി പന്തിന്റെ യാത്ര അവസാനിച്ചു. 23 പന്തിൽ 29 റൺസാണ് വിൻഡീസ് താരം നേടിയത്.

തൊട്ട് പിന്നാലെ സിക്കന്ദർ റാസയ്ക്ക് മുന്നിൽ ദീപക് ഹൂഡയും വീണപ്പോൾ ലഖ്‌നൗ അൽപ്പമൊന്ന് കിതച്ചു. രാഹുലും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഒരു തകർച്ചയുണ്ടാകാതെ ടീമിനെ കരകയറ്റി. പക്ഷേ, ഇരു താരങ്ങൾക്കും അതിവേഗം കൈവരിക്കനായില്ല. ഇതിന് ശേഷം കഗിസോ റബാദക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച ക്രുനാലും ഡിആർഎസ് അതിജീവിച്ച് അടുത്ത പന്തിൽ തന്നെ നിക്കോളാസ് പുരാനും ഓരോവറിൽ മടങ്ങിയത് ജയന്റ്‌സിനെ ഞെട്ടിച്ചു.

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും പിടിച്ച് നിന്ന കെ എൽ രാഹുലാണ് ലഖ്‌നൗവിന് പൊരുതാവുന്ന സ്‌കോർ നേടികൊടുത്ത്. 56 പന്തിൽ 74 റൺസാണ് താരം നേടിയത്. രാഹുലിനെ കൂടാതെ ലഖ്‌നൗ നിരയിൽ ആർക്കും 30 കടക്കാനായില്ല.

സ്റ്റോയിനിസ് പിടിച്ച് നിൽക്കാനും സ്‌കോർ ഉയർത്താനും ശ്രമം നടത്തിയെങ്കിലും അധിക നേരത്തേക്ക് ആ പരിശ്രമം നീണ്ടില്ല. ക്യാപ്റ്റൻ സാം കറനാണ് അമ്പയർ തീരുമാനം റിവ്യൂ ചെയ്ത് സ്റ്റോയിനിസിനെ തിരികെ അയച്ചത്. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ രാഹുലും കീഴടങ്ങി. ഇതോടെ ലഖ്‌നൗവിന്റെ ഭേദപ്പെട്ട സ്‌കോർ എന്ന പ്രതീക്ഷകളും അസ്തമിച്ചു. പഞ്ചാബിന് വേണ്ടി ഇന്ന് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സാം കറൻ മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ കഗിസോ റബാദ രണ്ട് വിക്കറ്റുകൾ പിഴുതു.