അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. 55 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 208 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറിൽ 9 വിക്കറ്റിന് 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റൺസെടുത്ത നെഹാൽ വധേരയാണ് ടോപ് സ്‌കോറർ. ടൈറ്റൻസിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്‌ത്തി.

തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും തകർത്തെറിഞ്ഞപ്പോൾ മുംബൈ ഓപ്പണർമാർ വിയർത്തു. രണ്ടാം ഓവറിൽ രോഹിത് ശർമ (2) പുറത്താവുകയും ചെയ്തു. ഷമിക്കെതിരെ മറുപടിയില്ലാതായ കിഷൻ തട്ടിമുട്ടി 21 പന്തിൽ 13 റൺസെടുത്ത് റാഷിദ് ഖാനു മുന്നിൽ വീണു. 10 ഓവർ പൂർത്തിയാകുമ്പോൾ കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവും ക്രീസിൽ നിൽക്കേ മുംബൈ സ്‌കോർ 58-3. ഇടക്കിടെ ബൗണ്ടറികൾ നേടിയ കാമറൂൺ ഗ്രീൻ പ്രതീക്ഷ നൽകിയെങ്കിലും താരത്തെ നൂർ അഹ്‌മദ് മടക്കി. 26 പന്തിൽ 33 റൺസ് നേടിയാണ് ഗ്രീൻ പുറത്തായത്. തിലക് വർമയെ (2) റാഷിദ് ഖാൻ വേഗം മടക്കി അയച്ചപ്പോൾ ടിം ഡേവിഡ് (0), സൂര്യകുമാർ യാദവ് (12 പന്തിൽ 23) എന്നിവർ നൂർ അഹ്‌മദിനു മുന്നിൽ വീണു.

നൂർ അഹമ്മദിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ കാമറൂൺ ഗ്രീനിന്റെ(26 പന്തിൽ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തിൽ ടിം ഡേവിഡ്(2 പന്തിൽ 0) അഭിനവ് മനോഹറിന്റെ ക്യാച്ചിൽ മടങ്ങി. തന്റെ അവസാന ഓവർ എറിയാനെത്തിയപ്പോൾ നൂർ, സൂര്യകുമാർ യാദവിനെ(12 പന്തിൽ 23) റിട്ടേൺ ക്യാച്ചിൽ മടങ്ങി. ഇതിന് ശേഷം പീയുഷ് ചൗളയും(12 പന്തിൽ 18), നെഹാൽ വധേരയും(12 പന്തിൽ 40) ചെറുത്തുനിന്നു.

നേഹൽ വധേരയും പീയുഷ് ചൗളയും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ പീയുഷ് ചൗള റണ്ണൗട്ടായി. 21 പന്തിൽ 40 റൺസ് നേടിയ നേഹൽ വധേര മോഹിത് ശർമയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അർജുൻ തെണ്ടുൽക്കറും (8 പന്തിൽ 13) മോഹിതിനു മുന്നിൽ വീണു. 3* റൺസുമായി ജേസൻ ബെഹ്‌റെൻഡോർഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ വരിവരിയായി നിന്ന് മുംബൈ ബൗളർമാർ അടിവാങ്ങിയതാണ് ടൈറ്റൻസിനെ കൂറ്റൻ സ്‌കോറിലെത്തിയത്. ഓപ്പണർ ശുഭ്മാൻ ഗിൽ(34 പന്തിൽ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും(22 പന്തിൽ 46), അഭിനവ് മനോഹറുമാണ്(21 പന്തിൽ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ(5 പന്തിൽ 20*) വെടിക്കെട്ടും ശ്രദ്ധേയമായി.

മുംബൈ ബൗളർമാർ ലൈനും ലെങ്തും മറന്നപ്പോൾ ഡെത്ത് ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് 77 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറിൽ 94 റൺസും പിറന്നു. ഐപിഎൽ ചരിത്രത്തിൽ ടൈറ്റൻസിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ന് പിറന്ന 207/6. മുംബൈക്കായി വെറ്ററൻ സ്പിന്നർ പീയുഷ് ചൗള രണ്ടും അർജുൻ ടെൻഡുൽക്കറും ജേസൻ ബെഹ്റെൻഡോർഫും റിലി മെരിഡിത്തും കുമാർ കാർത്തികേയയും ഓരോ വിക്കറ്റും വീഴ്‌ത്തി.