മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തെ കോരിത്തരിപ്പിച്ച മിന്നുന്ന സെഞ്ചുറിയുമായി വെങ്കിടേഷ് അയ്യർ പട നയിച്ച മത്സരത്തിൽ മികച്ച സ്‌കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യൻസിന് എതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.

വെങ്കടേഷ് അയ്യർ 51 പന്തിൽ ആറ് ഫോറും ഒൻപത് സിക്സും സഹിതം 104 റൺസെടുത്ത് പുറത്തായി. അവസാന രണ്ട് ഓവറിൽ ആന്ദ്രേ റസലിന്റെ ബാറ്റിങ് കൊൽക്കത്തയ്ക്ക് മികച്ച ഫിനിഷിങ് സമ്മാനിച്ചു. എന്നാൽ സ്‌കോർ 200 കടത്താൻ റസലിനായില്ല.

അരങ്ങേറ്റം താരം അർജുൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിനായി പന്തെടുത്തപ്പോൾ ആദ്യ ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 റൺസേ നേടാനായുള്ളൂ. തൊട്ടടുത്ത ഓവറിൽ എൻ ജഗദീശനെ(5 പന്തിൽ 0) കാമറൂൺ ഗ്രീൻ, ഹൃത്വിക് ഷൊക്കിന്റെ കൈകളിലെത്തിച്ചു. പവർപ്ലേ പൂർത്തിയാകും മുമ്പ് മറ്റൊരു ഓപ്പണർ റഹ്മാനുള്ള ഗുർബാസും മടങ്ങി.

12 പന്തിൽ 8 റൺസെടുത്ത താരത്തെ വെറ്റൻ സ്പിന്നർ പീയുഷ് ചൗളയാണ് മടക്കിയത്. ക്യാപ്റ്റൻ നിതീഷ് റാണ 10 പന്തിൽ അഞ്ചും സ്ഥാനക്കയറ്റം കിട്ടിയ ഷർദ്ദുൽ ഠാക്കൂർ 11 പന്തിൽ 13 ഉം റൺസെടുത്ത് ഷൊക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 1.5 ഓവറിലെ 11-1 എന്ന നിലയിൽ നിന്ന് 12.5 ഓവറിൽ 123-4 എന്ന നിലയിലായി കെകെആർ.

എന്നാൽ ഒരറ്റത്ത് സിക്സുകളുമായി തകർത്തടിച്ച വെങ്കടേഷ് അയ്യർ 49 പന്തിൽ ഐപിഎല്ലിൽ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. ഇതിനകം തന്നെ വെങ്കടേഷ് 9 സിക്സും അഞ്ച് ഫോറും പറത്തിയിരുന്നു. 2008ലെ പ്രഥമ ഐപിഎൽ സീസണിന്റെ ആദ്യ മത്സരത്തിൽ ബ്രണ്ടൻ മക്കല്ലം സെഞ്ചുറി നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു കെകെആർ താരം മൂന്നക്കം കാണുന്നത്.

അയ്യരിസം ബൗണ്ടറികളായി നിറഞ്ഞതോടെ 17 ഓവറിൽ കൊൽക്കത്ത 150 പിന്നിട്ടു. പിന്നാലെ വെങ്കടേഷിനെ റിലെ മെരിഡിത്ത്, യാൻസന്റെ കൈകളിൽ എത്തിച്ചെങ്കിലും കൊൽക്കത്ത സുരക്ഷിത നിലയിൽ എത്തിയിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ കൂറ്റനടിക്കാരൻ റിങ്കു സിംഗിനെ(18 ബോളിൽ 18) 19ാം ഓവറിലെ അഞ്ചാം പന്തിൽ യാൻസൻ പറഞ്ഞയച്ചു. 11 പന്തിൽ 21* റൺസെടുത്ത ആന്ദ്രേ റസലും 2 പന്തിൽ 2* റൺസെടുത്ത സുനിൽ നരെയ്നും കെകെആറിനെ മികച്ച സ്‌കോറിൽ എത്തിച്ചു.