മുംബൈ: ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് ഐപിഎൽ പതിനാറാം സീസണിന് തുടക്കമിട്ട മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം. ഇഷാൻ കിഷൻ തുടക്കമിട്ട വെടിക്കെട്ട് ബാറ്റിംഗിന് അതേ വേഗം പകർന്ന സൂര്യകുമാർ യാദവും ടിം ഡേവിഡുമാണ് ടീമിന് രണ്ടാം ജയം ഉറപ്പാക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് മുംബൈയുടെ നീലപ്പട സ്വന്തമാക്കിയത്. കെകെആർ മുന്നോട്ടുവെച്ച 186 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ സ്വന്തമാക്കി. സൂര്യകുമാർ യാദവ് 25 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 43 എടുത്ത് പുറത്തായപ്പോൾ ടിം ഡേവിഡ് 13 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 24 റണ്ണുമായി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ ഇഷാൻ കിഷനൊപ്പം രോഹിത് ശർമ്മ ഇംപാക്ട് പ്ലെയറായി മൈതാനത്ത് എത്തിയത് മുംബൈ ഇന്ത്യൻസ് ആരാധകരെ ത്രില്ലടിപ്പിച്ചു. എന്നാൽ 13 പന്തിൽ 20 എടുത്ത് നിൽക്കേ രോഹിത്തിനെ സുയാഷ് ശർമ്മ മടക്കി. ഇതിനകം തന്നെ 4.5 ഓവറിൽ മുംബൈ സ്‌കോർ 65ലെത്തിയിരുന്നു. ക്രീസിലൊന്നിച്ച ഇഷാൻ കിഷൻ-സൂര്യകുമാർ സഖ്യത്തിന്റെ ചുമലിലായി മുംബൈയുടെ ചേസിങ്. അഞ്ച് വീതം ഫോറും സിക്സുമായി അർധസെഞ്ചുറി നേടിയ ഇഷാൻ കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തിൽ വരുൺ ചക്രവർത്തി പുറത്താക്കിയത് ബ്രേക്ക് ത്രൂവായി.

എന്നാൽ മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും തിലക് വർമ്മയും മുംബൈയെ വിജയപ്രതീക്ഷകളിലേക്ക് മടക്കിക്കൊണ്ടുവന്നു. ഫോമില്ലായ്മയുടെ എല്ലാ പരാതിയും തീർത്ത സൂര്യ ബൗളർമാരെ നാലുപാടും പറത്തിയതോടെ മുംബൈ ഇന്ത്യൻസ് 15-ാം ഓവറിൽ 150 പിന്നിട്ടു. 14-ാം ഓവറിലെ അവസാന പന്തിൽ തിലക് വർമ്മയെ(25 പന്തിൽ 30) നഷ്ടമായതൊന്നും മുംബൈയെ തെല്ലും ബാധിച്ചില്ല. സൂര്യക്കൊപ്പം ആഞ്ഞടിച്ച ടിം ഡേവിഡ് മുംബൈയുടെ സ്‌കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 25 പന്തിൽ 43 എടുത്ത സൂര്യയെ ഷർദ്ദുലും 4 പന്തിൽ ആറ് നേടിയ നെഹാൽ വധേരയെ ഫെർഗൂസനും മടക്കിയെങ്കിലും കൊൽക്കത്തയ്ക്ക് ജയിക്കാനായില്ല. ടിം ഡേവിഡിനൊപ്പം(24*), കാമറൂൺ ഗ്രീൻ(1*) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കുകയായിരുന്നു. ഐപിഎല്ലിലെ തന്റെ കന്നി സെഞ്ചുറി 49 പന്തിൽ നേടിയ വെങ്കടേഷ് അയ്യർ 51 ബോളിൽ ആറ് ഫോറും ഒൻപത് സിക്സും സഹിതം 104 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസ് എട്ടും സഹ ഓപ്പണർ എൻ ജഗദീശൻ അക്കൗണ്ട് തുറക്കാതെയും ക്യാപ്റ്റൻ നിതീഷ് റാണ അഞ്ചും റൺസെടുത്ത് പുറത്തായി. ഷർദ്ദുൽ ഠാക്കൂർ(13). റിങ്കു സിങ്(18), ആന്ദ്രേ റസൽ(11 പന്തിൽ 21*), സുനിൽ നരെയ്ൻ(2 പന്തിൽ 2*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകൾ. മത്സരത്തിലൂടെ മുംബൈക്കായി അർജുൻ ടെൻഡുൽക്കറും ഡ്വെയ്ൻ യാൻസനും അരങ്ങേറി.