മുംബൈ: ഐപിഎലിലെ ആയിരം മത്സരം എന്ന വിസ്മയ കണക്കിന് കന്നി സെഞ്ചറിയുടെ ചാരുത നൽകിയ യശസ്വി ജയ്‌സ്വാളിന്റെ (62 പന്തിൽ 124) ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിന് എതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി, ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. സീസണിലെ നാലാം ജയം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് 213 റൺസ് വിജയലക്ഷ്യം.

മറ്റാർക്കും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയിട്ടും ജയ്‌സ്വാൾ ഒറ്റയ്ക്ക് രാജസ്ഥാൻ റോയൽസിനെ തോളിലേറ്റുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ കാമറൂൺ ഗ്രീനിനെ സിക്‌സർ പറത്തി ജയ്സ്വാൾ നയം വ്യക്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് രാജസ്ഥൻ ഇന്നിങ്‌സിനെ ഒറ്റയ്ക്കു ചുമലിലേറ്റുന്ന ജയ്സ്വാളിനെയാണ് ഉടനീളം കണ്ടത്. മറുവശത്ത് ബാറ്റർമാർ മാറി മാറി വന്നപ്പോഴും ജയ്‌സ്വാൾ ബാറ്റിങ് തുടർന്നു. അവസാന ഓവറിൽ അർഷദ് ഖാനാണ് ജയ്സ്വാളിനെ പുറത്താക്കിയത്.

ഐപിഎലിൽ ഒരു അൺക്യാപ്ഡ് പ്ലെയറിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് ജയ്സ്വാൾ കുറിച്ചത്. 2011ൽ പഞ്ചാബിനായി പോൾ വാൽത്തട്ടി കുറിച്ച 120* റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ. ഒന്നാം വിക്കറ്റിൽ ജോസ് ബട്ലറുമായി ചേർന്ന് 72 റൺസാണ് ജയ്സ്വാൾ കൂട്ടിചേർത്തത്. ഇതിൽ ബട്ലറിന്റെ സംഭാവന 18 റൺസ് മാത്രം. ഈ സീസണിൽ ഇത് അഞ്ചാം തവണയാണ് ജയ്സ്വാൾ ബട്ലർ സഖ്യം അമ്പതിലധികം സ്‌കോർ നേടുന്നത്. രാജസ്ഥാനായി ഏറ്റവുമധികം 50+ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയതിൽ രഹാനെ - ദ്രാവിഡ് സഖ്യത്തിനൊപ്പമെത്തുകയും ചെയ്തു ഇരുവരും. ആകെ എട്ടു തവണ. എട്ടാം ഓവറിൽ പിയൂഷ് ചൗളയാണ് ബട്ലറിനെ പുറത്താക്കിയത്.

മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (10 പന്തിൽ 14) ഒരു സിക്‌സും ഒരു ഫോറും അടിച്ചെങ്കിലും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. അർഷദ് ഖാന്റെ പന്തിൽ ടിം ഡേവിഡ് എടുത്ത ക്യാച്ചിലാണ് സഞ്ജു പുറത്തായത്. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും (4 പന്തിൽ 2) തൊട്ടടുത്ത ഓവറിൽ പുറത്തായി. ജേസൺ ഹോൾഡർ (9 പന്തിൽ 11), ഷിമ്രോൺ ഹെറ്റ്മെയർ (9 പന്തിൽ 8), ധ്രുവ് ജുറെൽ (3 പന്തിൽ 2) എന്നിവർക്കും തിളങ്ങാനായില്ല. രവിചന്ദ്രൻ അശ്വിൻ (5 പന്തിൽ 8*), ട്രെന്റ് ബോൾട്ട് (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു.

പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 65 റൺസുണ്ടായിരുന്നു റോയൽസിന്. ഇതിന് ശേഷം എട്ടാം ഓവറിലെ ആദ്യ പന്തിൽ പീയുഷ് ചൗള, ജോസ് ബട്ലറെ(19 പന്തിൽ 18) രമൺദീപ് സിംഗിന്റെ കൈകളിൽ എത്തിച്ചു. എന്നാൽ മൂന്നാമനായി ക്രീസിലെത്തി നേരിട്ട ആദ്യ പന്തിൽ ചൗളയെ ലോംഗ് ഓണിന് മുകളിലൂടെ സിക്സർ പറത്തി സഞ്ജു സാംസൺ മറുപടി കൊടുത്തു.

പക്ഷേ സഞ്ജുവിന് അധിക നേരം ക്രീസിൽ തുടരാനായില്ല. 10-ാം ഓവറിലെ അഞ്ചാം പന്തിൽ അർഷാദ് ഖാൻ സഞ്ജുവിനെ(10 പന്തിൽ 14) തിലക് വർമ്മയുടെ കൈകളിൽ എത്തിച്ചു. തൊട്ടുപിന്നാലെ ജയ്സ്വാൾ ഫിഫ്റ്റി തികച്ചപ്പോൾ ദേവ്ദത്ത് പടിക്കലിനെ(4 പന്തിൽ 2) പീയുഷ് ചൗള ബൗൾഡാക്കി.

11-ാം ഓവറിൽ 100 കടന്ന റോയൽസ് ജേസൻ ഹോൾഡറെ അഞ്ചാമനായി ഇറക്കിയെങ്കിലും താരം 9 പന്തിൽ 11 റൺസുമായി മടങ്ങി. ജോഫ്ര ആർച്ചറിനായിരുന്നു വിക്കറ്റ്. 16-ാം ഓവറിൽ റോയൽസ് 150 കടന്നപ്പോൾ വെടിക്കെട്ട് വീരൻ ഷിമ്രോൻ ഹെറ്റ്മെയറെ(9 പന്തിൽ 8) അർഷാദ് ഖാൻ, സ്‌കൈയുടെ കൈകളിൽ എത്തിച്ചതോടെ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷയായി.

ഫിനിഷറായി പേരെടുത്തിട്ടുള്ള ധ്രുവ് ജൂരെലിനും മുംബൈ വേഗം മടക്ക ടിക്കറ്റ് കൊടുത്തു. 3 പന്തിൽ 2 നേടിയ ജൂരെലിനെ റിലി മെരിഡിത്താണ് പറഞ്ഞയച്ചത്. എന്നാൽ ഇതിലൊന്നും തളരാതെ കളിച്ച ജയ്സ്വാൾ 53 പന്തിൽ സെഞ്ചുറി തികച്ചതോടെ രാജസ്ഥാൻ വീണ്ടും റൺസ് വഴിയിലേക്കെത്തി. അർഷാദ് ഖാന്റെ അവസാന ഓവറിൽ ഫോറോടെ ജയ്സ്വാൾ ടീം സ്‌കോർ 200 കടത്തി. നാലാം പന്തിൽ ജയ്സ്വാളിനെ പുറത്താക്കാൻ അർഷാദ് ഖാന് കഴിഞ്ഞെങ്കിലും അതിനകം താരം 124 റൺസ് സ്‌കോർ ചെയ്തിരുന്നു.